| Thursday, 5th December 2024, 2:28 pm

'മരിച്ചു പോയി, ഇല്ലേല്‍ ഞാനും പ്രതികരിച്ചേനെ..' മനോരമക്ക് എതിരായ മണികണ്ഠന്‍ ആചാരിയുടെ പോസ്റ്റില്‍ നിര്‍മല്‍ പാലാഴിയുടെ കമന്റ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അനധികൃത സ്വത്ത് സമ്പാദന കേസിന്റെ വാര്‍ത്തയില്‍ മറ്റൊരു നടന്റെ ഫോട്ടോക്ക് പകരം തന്റെ ഫോട്ടോ ഉപയോഗിച്ചതിന് മലയാള മനോരമക്ക് എതിരെ നടന്‍ മണികണ്ഠന്‍ ആര്‍. ആചാരി സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചിരുന്നു.

കണക്കില്‍പ്പെടാത്ത 1.90 ലക്ഷം രൂപ പിടിച്ചെടുത്തതിന് പിന്നാലെ മോട്ടോര്‍ വാഹന വകുപ്പിലെ എ.എം.വി.ഐയും നടനുമായ കെ. മണികണ്ഠനെ സര്‍വീസില്‍ നിന്ന് സസ്പെന്റ് ചെയ്ത വാര്‍ത്തയില്‍ മനോരമ അദ്ദേഹത്തിന് പകരം മണികണ്ഠന്‍ ആചാരിയുടെ ഫോട്ടോ ഉപയോഗിക്കുകയായിരുന്നു.

ഇപ്പോള്‍ നടന്റെ പോസ്റ്റിന് താഴെ വന്ന നിര്‍മല്‍ പാലാഴിയുടെ കമന്റാണ് ചര്‍ച്ചയാകുന്നത്. ‘മരിച്ചു പോയി ഇല്ലേല്‍ ഞാനും പ്രതികരിച്ചേനെ’ എന്നാണ് നടന്റെ കമന്റ്. മുമ്പ് നടന്‍ നിര്‍മല്‍ ബെന്നി ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടപ്പോള്‍ ചില ഓണ്‍ലൈന്‍ മീഡിയകള്‍ നിര്‍മല്‍ പാലാഴിയുടെ ഫോട്ടോ ഉപയോഗിച്ചിരുന്നു. ഇന്നും അതില്‍ ചില വാര്‍ത്തകള്‍ തിരുത്തപ്പെടാതെ അതേപടി തന്നെ ഓണ്‍ലൈനില്‍ നിലനില്‍ക്കുന്നുമുണ്ട്.

അതേസമയം മണികണ്ഠന്‍ ആചാരിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റിന് പിന്തുണയുമായി നിരവധിയാളുകളാണ് എത്തുന്നത്. ആട്2, ജാനകി ജാനേ, അഞ്ചാം പാതിര തുടങ്ങിയ ചിത്രങ്ങളില്‍ ചെറുതും വലുതുമായ കഥാപാത്രങ്ങള്‍ ചെയ്ത നടനായിരുന്നു അനധികൃത സ്വത്ത് സമ്പാദന കേസില്‍ സസ്‌പെന്‍ഷനില്‍ ആയ കെ. മണികണ്ഠന്‍.

അനധികൃത സ്വത്ത് സമ്പാദന കേസില്‍ നടന് എതിരെ വിജിലന്‍സ് കേസെടുത്ത സാഹചര്യത്തിലായിരുന്നു അദ്ദേഹത്തിനെതിരെ ഈ നടപടിയുണ്ടായത്. ‘മനോരമ എന്റെ വീടിന്റെ ഐശ്വര്യം’ എന്ന ക്യാപ്ഷനോടെ മണികണ്ഠന്‍ ആചാരി പത്രവാര്‍ത്ത തന്റെ സോഷ്യല്‍ മീഡിയ അകൗണ്ടില്‍ ഷെയര്‍ ചെയ്യുകയായിരുന്നു.

ആ വാര്‍ത്തയില്‍ തന്റെ ഫോട്ടോ ഉപയോഗിച്ചതിന് മനോരമക്ക് എതിരെ നിയമപരമായി മുന്നോട്ട് പോകുമെന്നാണ് നടന്‍ പറയുന്നത്. അടുത്ത മാസം ചെയ്യാനിരിക്കുന്ന ഒരു തമിഴ് സിനിമയുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വിളിച്ചപ്പോഴാണ് താന്‍ ഈ വാര്‍ത്ത അറിയുന്നതെന്നും നടന്‍ പറഞ്ഞു.

Content Highlight: Nirmal Palazhi’s Comment On Manikandan Achari’s Post Against Malayala Manorama

We use cookies to give you the best possible experience. Learn more