| Tuesday, 25th May 2021, 2:09 pm

ഇനി നീ അമ്പലപ്പറമ്പില്‍ ഉണ്ടാകില്ലെന്ന് വര്‍ഗീയ കമന്റ്; ചുട്ട മറുപടി നല്‍കി നിര്‍മ്മല്‍ പാലാഴി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കോഴിക്കോട്: ഫേസ്ബുക്ക് പോസ്റ്റിന് താഴെ വിദ്വേഷ കമന്റിട്ട വ്യക്തിക്ക് ചുട്ട മറുപടി നല്‍കി നടന്‍ നിര്‍മ്മല്‍ പാലാഴി. നിര്‍മ്മലിനെ മതേതരാ എന്നു വിളിച്ചുകൊണ്ട് ഷാജു .കെ എന്ന വ്യക്തിയാണ് വര്‍ഗീയ പരാമര്‍ശം നടത്തിയത്.

നീ വളര്‍ന്നത് അമ്പലത്തില്‍ മിമിക്രി കാണിച്ചിട്ടല്ലേ എന്നും എത്ര പള്ളിയില്‍ നിന്നെ മിമിക്രിക്ക് വിളിച്ചിട്ടുണ്ടെന്നും കമന്റില്‍ പറയുന്നു. തന്റെ കൈകൊണ്ടും പണം തന്നിട്ടുണ്ടെന്നും ഇനി നീ അമ്പലപ്പറമ്പില്‍ ഉണ്ടാകില്ലെന്നും പറഞ്ഞുകൊണ്ടാണ് കമന്റ് അവസാനിക്കുന്നത്.

‘സുഹൃത്തേ അമ്പലത്തില്‍ വിളിച്ചിട്ട് ഭിക്ഷ തന്നത് അല്ലല്ലോ. ജോലി ചെയ്തിട്ട് അല്ലെ, അല്ലാതെ നിന്റെ വീട്ടില്‍ നിന്നും എടുത്തു തന്നത് അല്ലല്ലോ. പിന്നെ അമ്പല പറമ്പില്‍ ഉണ്ടാവില്ല എന്നൊക്കെ പറയാന്‍ അമ്പലം മൊത്തം നീ തീറെഴുതി വാങ്ങിയോ. ഒരുപാട് നല്ല മനുഷ്യരെ പറയിപ്പിക്കാന്‍ ആയിട്ട് ഇങ്ങനത്തെ വിവരക്കേട് എഴുതി വിടല്ലേ സുഹൃത്തേ’ എന്നാണ് നിര്‍മ്മല്‍ പാലാഴി കമന്റിന് മറുപടി നല്‍കിയത്.

തന്റെ മക്കളെക്കുറിച്ചുള്ള കുറിപ്പ് വാസ്തവ വിരുദ്ധമായ തലക്കെട്ടിട്ട് പ്രസിദ്ധീകരിച്ച പോര്‍ട്ടലിനെതിരെ നിര്‍മ്മല്‍ നേരത്തേ ഒരു പോസ്റ്റ് ഇട്ടിരുന്നു. സൈബര്‍സെല്ലില്‍ പരാതിയും നല്‍കിയിരുന്നു. പുതുതായി വന്ന ആള്‍ക്ക് തെറ്റുപറ്റിയതാണെന്നും പോസ്റ്റും പരാതിയും പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് പോര്‍ട്ടലില്‍ നിന്നും തനിക്ക് കോള്‍ വന്നിരുന്നുവെന്നും എന്നാല്‍ പരാതി പിന്‍വലിക്കാന്‍ പറ്റില്ലെന്നാണ് താന്‍ പറഞ്ഞതെന്നും അറിയിച്ചുകൊണ്ട് നിര്‍മ്മല്‍ മറ്റൊരു ഫേസ്ബുക്ക് പോസ്റ്റിട്ടു. ഈ പോസ്റ്റിന് താഴെയാണ് വിദ്വേഷ കമന്റ് ഉണ്ടായത്.

എന്നെയും കുടുംബത്തെയും അപമാനിച്ചുള്ള പോസ്റ്റ് ഞാന്‍ പേജില്‍ ഇട്ടപ്പോള്‍ ശരിക്കും എല്ലാവരും കൂടെനിന്നു. അവരുടെ അക്കൗണ്ട് റിപ്പോര്‍ട്ട് ചെയ്തു. ഞാന്‍ സൈബര്‍ല് പരാതിയും നല്‍കി. പിനീട് +919544105505 ഈ നമ്പറില്‍ നിന്നും അവര്‍ വിളിച്ചു. അവിടെ പുതിയതായി വന്ന ഒരാള്‍ക്ക് പറ്റിയ മിസ്റ്റേക്ക് ആണ് ദയവ് ചെയ്ത കേസ് പിന്‍വലിച്ചു പോസ്റ്റ് റിമൂവ് ചെയ്യുമോ എന്നും ചോദിച്ചു. എനിക്ക് പറ്റില്ല എന്ന് പറയാനെ തോന്നിയുള്ളൂ. ഒരു പ്രശ്‌നം വന്നപ്പോള്‍ കട്ടക്ക് കൂടെ നിന്ന എല്ലാ പ്രിയ സഹോദരങ്ങള്‍ക്ക് ഒരായിരം നന്ദി. എന്നായിരുന്നു നിര്‍മ്മലിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

പോസ്റ്റിന് പിന്തുണയുമായും നിരവധി പേര്‍ രംഗത്തു വന്നിട്ടുണ്ട്. കൂടാതെ വിദ്വേഷ കമന്റിന് നിര്‍മ്മല്‍ നല്‍കിയ മറുപടിക്കും ആയിരത്തിലധികം ലൈക്കുകള്‍ കിട്ടിയിട്ടുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക


Content Highlight: Nirmal Palazhi facebook post and comment

We use cookies to give you the best possible experience. Learn more