| Thursday, 5th August 2021, 2:54 pm

'ഓര്‍മ്മയായി എന്ന് പൂക്കളൊക്കെ വെച്ച എന്റെ ഫോട്ടോ ഞാന്‍ തന്നെ കണ്ടിട്ടുണ്ട്, ആ എനിക്ക് ഇനി എന്ത് കിട്ടിയാലും ബോണസാ'; നിര്‍മ്മല്‍ പാലാഴി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: അനൂപ് മേനോനുമൊത്തുള്ള അഭിനയ ഓര്‍മ്മകള്‍ പങ്കുവെച്ച് നടനും മിമിക്രി ആര്‍ട്ടിസ്റ്റുമായ നിര്‍മ്മല്‍ പാലാഴി പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് കുറിപ്പ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുകയാണ്. സിനിമയില്‍ തനിക്ക് അവസരങ്ങള്‍ നല്‍കാന്‍ അനൂപ് മേനോന്‍ ശ്രമിച്ചിരുന്നുവെന്നാണ് നിര്‍മ്മല്‍ പറഞ്ഞത്.

‘ആക്‌സിഡന്റ് പറ്റി വീട്ടില്‍ കിടക്കുന്ന സമയത്താണ് തീരെ പ്രതീക്ഷിക്കാത്ത ഒരു ഫോണ്‍ വന്നത്. ഹലോ നിര്‍മ്മല്‍… ഞാന്‍ അനൂപ് മേനോന്‍ ആണ്. ഒന്നുകൊണ്ടും വിഷമിക്കേണ്ടട്ടോ… എല്ലാം ശരിയാവും. എന്നിട്ട് നമുക്ക് സിനിമയൊക്കെ ചെയ്യണം എന്നൊക്കെ പറഞ്ഞു. എന്റെ ആരോഗ്യ സ്ഥിതി എല്ലാം ചോദിച്ചു.

കട്ടിലില്‍ നിന്നും സ്വന്തമായി എഴുന്നേറ്റ് ഇരിക്കാന്‍ കഴിയാതെ ഇരുന്ന എനിക്ക് ആ ഫോണ്‍കോള്‍ കിടന്നിടത്തു നിന്ന് പറക്കാന്‍ ഉള്ള ആവേശം ഉണ്ടാക്കി. പിന്നീട് നടന്ന് തുടങ്ങിയപ്പോള്‍ ഒരു പരസ്യത്തില്‍ അഭിനയിക്കാന്‍ ആയി വിളിച്ചു.

ഒരുപാട് സന്തോഷം തോന്നി. പക്ഷെ ആ പരസ്യത്തിന്റെ ആളുകള്‍ക്ക് എന്നെ അറിയില്ലായിരുന്നു. അവര്‍ മാര്‍ക്കറ്റ് വാല്യൂ ഉള്ള വേറെ ഒരു ആര്‍ട്ടിസ്റ്റിനെ വെച്ചു പരസ്യം ചെയ്തു. അത് എന്നോട് പറയാന്‍ അനൂപ് ഏട്ടന് വിഷമം ഉണ്ടായിരുന്നു.

കേട്ടപ്പോള്‍ ഞാന്‍ പറഞ്ഞു അനൂപ് ഏട്ടാ…ഓര്‍മ്മയായി എന്ന് പൂക്കളൊക്കെ വെച്ച എന്റെ ഫോട്ടോ ഞാന്‍ തന്നെ കണ്ടിട്ടുണ്ട്. ആ എനിക്ക് ഇനി എന്ത് കിട്ടിയാലും ബോണസാ. ഡാ നീ അങ്ങാനൊന്നും പറയല്ലേ എന്റെ പടം നമ്മള്‍ ചെയ്യുമെന്ന് അനൂപേട്ടന്‍ പറഞ്ഞു.

പറഞ്ഞപോലെ തന്നെ പിന്നീട് അനൂപ് ഏട്ടന്റെ പടത്തില്‍ എല്ലാം എനിക്ക് ഒരു വേഷം തന്നിട്ടുണ്ട്. മെഴുതിരി അത്താഴങ്ങള്‍, ഇറങ്ങുവാന്‍ ഇരിക്കുന്ന കിങ് ഫിഷ്. പുതിയ സിനിമയായ ‘പത്മ’ യില്‍ വിളിച്ച സമയത്ത് ഞാന്‍ വേറെ ഒരു സിനിമയില്‍ അഭിനയിക്കുക ആയത് കൊണ്ട് ഒരു രീതിയിലും എത്തിച്ചേരുവാന്‍ പറ്റിയില്ല.

പക്ഷെ എന്റെ സുഹൃത്തുക്കളായ കബീര്‍ക്കയും അനില്‍ ബേബി ഏട്ടനും പ്രദീപും, രമേഷ് ഏട്ടനും അതില്‍ വേഷം വാങ്ങി കൊടുക്കുവാന്‍ സാധിച്ചു.

ഒരു വാല്യൂവും തിരക്കും ഒന്നും ഇല്ലാതെ ഇരുന്ന ഒരു സാധാരണ മിമിക്രിക്കാരന്‍ ആയ എന്നെ, അതും അപകടം പറ്റി കിടക്കുന്ന സമയത്ത് വിളിച്ച് അവസരം തന്ന പ്രിയ അനൂപ് ഏട്ടനോടുള്ള നന്ദിയും സ്‌നേഹവും പറഞ്ഞോ എഴുതിയോ തീര്‍ക്കാന്‍ കഴിയില്ല. ജീവിതം മുഴുവന്‍ സ്‌നേഹത്തോടെ ആ കടപ്പാട് ഉണ്ടാവും,’ നിര്‍മ്മല്‍ ഫേസ്ബുക്കിലെഴുതി.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Nirmal Palazhi facebook post About Anoop Menon

We use cookies to give you the best possible experience. Learn more