| Friday, 20th March 2020, 8:04 am

'ആ കാത്തിരിപ്പ് വേദന നിറഞ്ഞതായിരുന്നു, പക്ഷേ, ഒടുവില്‍ നീതി ലഭിച്ചു'; പ്രതികരണവുമായി നിര്‍ഭയയുടെ അമ്മ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷയില്‍ സന്തോഷം പ്രകടിപ്പിച്ച് അമ്മ ആശാദേവി. ഇത് പെണ്‍കുട്ടികളുടെ പ്രഭാതമാണെന്നും മകള്‍ക്കുവേണ്ടിയുള്ള നീതി നടപ്പായെന്നും അവര്‍ പ്രതികരിച്ചു. വൈകിയാണെങ്കിലും നീതി നടപ്പായെന്നും അവര്‍ പറഞ്ഞു.

‘സ്ത്രീകള്‍ക്ക് ഇപ്പോള്‍ അവര്‍ സുരക്ഷിതരാണെന്ന തോന്നലുണ്ടാവും. ഇത്തരമൊരു കുറ്റകൃത്യത്തിന് എന്ത് ശിക്ഷയാണ് കാത്തിരിക്കുന്നതെന്ന് കുടുംബങ്ങള്‍ അവരുടെ ആണ്‍മക്കളെ പറഞ്ഞ് പഠിപ്പിക്കട്ട’, ആശാദേവി പറഞ്ഞു.

തന്റെ മകളില്‍ അഭിമാനിക്കുന്നെന്നും നിര്‍ഭയയുടെ അമ്മ എന്ന പേരിലാണ് താനിപ്പോള്‍ അറിയപ്പെടുന്നതെന്നും അവര്‍ പറഞ്ഞു. നീതിപീഠത്തിനും സര്‍ക്കാരിനും നന്ദിപറയുന്നെന്നും അവര്‍ അറിയിച്ചു.

‘രാജ്യത്തെ പെണ്‍കുട്ടികള്‍ക്ക് നീതി ലഭിക്കാനുള്ള ഞങ്ങളുടെ പ്രവര്‍ത്തനം ഇനിയും തുടരും. നീതിക്കായുള്ള ഞങ്ങളുടെ കാത്തിരിപ്പ് വേദന നിറഞ്ഞതായിരുന്നു. പക്ഷേ, ഒടുവില്‍ ആ കാത്തിരിപ്പെല്ലാം നീതിപൂര്‍ണമായി. ആ ക്രൂരമൃഗങ്ങളെ തൂക്കിലേറ്റി’, അവര്‍ കൂട്ടിച്ചേര്‍ത്തു.

ഇത് നീതിയുടെ ദിവസമാണെന്നായിരുന്നു നിര്‍ഭയയുടെ പിതാവ് പ്രതികരിച്ചത്. മാര്‍ച്ച് 20 നിര്‍ഭയ ന്യായ് ദിവസാമായി ആചരിക്കണമെന്നും മാതാപിതാക്കള്‍ ആവശ്യപ്പെട്ടു.

ഇന്ന് പുലര്‍ച്ചെ 5.30നാണ് പ്രതികളെ തൂക്കിലേറ്റിയത്. പ്രതികളായ പവന്‍ ഗുപ്ത, മുകേഷ് സിങ്, വിനയ് കുമാര്‍ ശര്‍മ്മ, അക്ഷയ് കുമാര്‍ എന്നിവരുടെ വധശിക്ഷയാണ് നടപ്പിലാക്കിയത്. പട്യാല ഹൗസ് കോടതിയുടെ മരണവാറന്റില്‍ തിഹാര്‍ ജയിലിലാണ് പ്രതികളെ തൂക്കിലേറ്റിയത്. രാജ്യത്ത് ആദ്യമായാണ് നാല് പ്രതികളെ പേരെ ഒരുമിച്ച് തൂക്കിലേറ്റുന്നത്.

വധശിക്ഷക്ക് സ്റ്റേ ആവശ്യപ്പെട്ട് പ്രതികള്‍ നല്‍കിയ ഹരജി ഇന്നലെ ഹൈക്കോടതി തള്ളിയിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more