|

നിര്‍ഭയ കേസ്: ദയാ ഹരജി തള്ളിയത് ചോദ്യം ചെയ്തുകൊണ്ടുള്ള പ്രതിയുടെ ഹരജി പരിഗണിക്കുമെന്ന് സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: നിര്‍ഭയകേസിലെ പ്രതികളിലൊരാളായ മുകേഷ് സിംഗിന്റെ ഹരജി പരിഗണിക്കുമെന്ന് സുപ്രീം കോടതി. രാഷ്ട്രപതി ദയാ ഹരജി തള്ളിയത് ചോദ്യം ചെയ്തുകൊണ്ട് മുകേഷ് സിംഗ് സമര്‍പ്പിച്ച ഹരജിയാണ് സുപ്രീംകോടതി പരിഗണിക്കുന്നത്. മരണ വാറണ്ട് ഉള്ളതിനാല്‍ ഹരജി വേഗത്തില്‍ കേള്‍ക്കുമെന്നും കോടതി വ്യക്തമാക്കി. ഫെബ്രുവരി ഒന്നിലേക്കാണ് മരണവാറണ്ട് പുറപ്പെടുവിച്ചത്.

ദയാ ഹരജി നല്‍കിയതുമൂലമാണ് ജനുവരി 22ന് നടപ്പാക്കാനിരുന്ന വധശിക്ഷ ഫെബ്രുവരി ഒന്നിലേക്ക് മാറ്റിയത്.

2012 ഡിസംബര്‍ 16നായിരുന്നു നിര്‍ഭയയെ ആറു പേര്‍ ചേര്‍ന്ന് ഓടുന്ന ബസില്‍വെച്ച് ക്രൂരമായ ലൈംഗികാതിക്രമത്തിന് വിധേയയാക്കിയത്. 2012 ഡിസംബര്‍ 29 ന് സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയില്‍ വെച്ചാണ് പെണ്‍കുട്ടി മരിച്ചത്.

ദയാഹരജിക്കൊപ്പം പ്രസിഡന്റിന് തന്റെ ഡയറി കൂടി നല്‍കണമെന്നാവശ്യപ്പെട്ട് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതികളിലൊരാളായ വിനയ് ശര്‍മ അപേക്ഷ സമര്‍പ്പിച്ചിരുന്നു. 170 പേജുകളുള്ള തന്റെ ഡയറി ദയാഹരജി നല്‍കുന്ന സമയത്ത് പ്രസിഡന്റ് രാംനാഥ് കോവിന്ദിന് നല്‍കണമെന്നാണ് ആവശ്യം.

വിനയ് ശര്‍മയ്ക്ക് വേണ്ടി കോടതിയില്‍ ഹാജരായ അഭിഭാഷകന്‍ എ.പി വിനയ് ശര്‍മയാണ് ഇക്കാര്യം അറിയിച്ചത്. ഇക്കാര്യം തിഹാര്‍ ജയില്‍ അധികൃതരെ അറിയിച്ചെങ്കിലും അവര്‍ സമ്മതിച്ചില്ല എന്നും എ.പി സിങ് പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ