|

നിര്‍ഭയ കേസ്: പവന്‍ ഗുപ്തയുടെ ഹരജി സുപ്രീംകോടതി തള്ളി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: നിര്‍ഭയകേസില്‍ വധശിക്ഷക്ക് വിധിച്ച പ്രതി പവന്‍ ഗുപ്തയുടെ ഹരജി സുപ്രീംകോടതി തള്ളി.
നിര്‍ഭയ സംഭവം നടക്കുമ്പോള്‍ തനിക്ക് പതിനെട്ട് വയസ് ആയിട്ടില്ലെന്ന് കാണിച്ചായിരുന്നു പവന്‍ ഗുപ്തയുടെ ഹരജി. നേരത്തെ ദല്‍ഹി ഹൈക്കോടതിയും പവന്‍ ഗുപ്തയുടെ ഹരജി തള്ളിയിരുന്നു.

ഇതേ കാര്യത്തില്‍ തന്നെ എത്ര തവണ വാദം കേട്ടിരിക്കുന്നുവെന്നും താങ്കള്‍ തന്നെ ഇതേ വാദം നിരവധി തവണ ഉയര്‍ത്തിയതല്ലേയെന്നും സുപ്രീംകോടതി ചോദിച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പവന്‍ ഗുപ്തക്ക് വേണ്ടി എ.പി സിംഗായിരുന്നു കോടതിയില്‍ ഹാജരായിരുന്നത്. സംഭവം നടക്കുന്ന സമയത്ത് പ്രതിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് കാണിക്കുന്ന സര്‍ട്ടിഫിക്കറ്റ് കോടതിയില്‍ ഹാജരാക്കിയിരുന്നെങ്കിലും വാദം കേള്‍ക്കുമ്പോള്‍ അത് പരിഗണിച്ചില്ലെന്നും അഭിഭാഷകന്‍ പറഞ്ഞു.

അതേസമയം ദല്‍ഹി പൊലീസിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്ത സംഭവം നടക്കുന്ന സമയത്ത് പ്രതിക്ക് 19 വയസായിരുന്നുവെന്നും അദ്ദേഹത്തിന്റെ ജനനസര്‍ട്ടിഫിക്കറ്റിന്റേയും സ്‌ക്കൂള്‍ വിടുതല്‍ സര്‍ട്ടിഫിക്കറ്റിന്റേയും യഥാര്‍ത്ഥ കോപ്പിയുണ്ടെന്നും വാദിച്ചു.

കേസിലെ നാല് പ്രതികളേയും ഫെബ്രുവരി ഒന്നിനാണ് തൂക്കിലേറ്റുന്നത്. പവന്‍ ഗുപ്തയെ കൂടാതെ
വിനയ് ശര്‍മ്മ, മുകേഷ് സിങ്, അക്ഷയ് കുമാര്‍ സിങ് എന്നിവരാണ് പ്രതികള്‍.
പ്രതികളുടെ ശിക്ഷ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ദല്‍ഹി പാട്യാല ഹൗസ് കോടതി മരണവാറണ്ട് ഇറക്കി.

മുകേഷിന്റെ ദയ ഹരജി വെള്ളിയാഴ്ച്ച രാഷ്ട്രപതി തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് പാട്യാല ഹൗസ് കോടതി മരണവാറണ്ട് ഇറക്കിയത്.

2012 ഡിസംബര്‍ 16നായിരുന്നു നിര്‍ഭയയെ ആറു പേര്‍ ചേര്‍ന്ന് ഓടുന്ന ബസില്‍വെച്ച് ക്രൂരമായ ലൈംഗീകാതിക്രമത്തിന് വിധേയയാക്കിയത്. 2012 ഡിസംബര്‍ 29 ന് സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയില്‍ വെച്ചാണ് പെണ്‍കുട്ടി മരിച്ചത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ