| Wednesday, 18th December 2019, 1:39 pm

നിര്‍ഭയാ കേസ് പ്രതിയുടെ വധശിക്ഷ സുപ്രീം കോടതി ശരിവെച്ചു; പുനഃപരിശോധനാ ഹരജി തള്ളി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: നിര്‍ഭയാ കേസില്‍ പ്രതിയുടെ പുനഃപരിശോധനാ ഹരജി സുപ്രീം കോടതി തള്ളി. പ്രതികളിലൊരാളായ അക്ഷയ് കുമാര്‍ സിങ്ങിന്റെ ഹരജിയാണ് കോടതി തള്ളിയത്. ഇതോടെ നേരത്തേയുണ്ടായിരുന്ന വധശിക്ഷ കോടതി ശരിവെച്ചു.

ജസ്റ്റിസ് ഭാനുമതി അധ്യക്ഷയായ മൂന്നംഗ ബെഞ്ചാണു ഹരജി തള്ളിയത്. നേരത്തേ ഹരജിയില്‍ വാദം കേള്‍ക്കുന്നതില്‍ നിന്ന് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ പിന്മാറിയിരുന്നു.

രാഷ്ട്രപതിക്കു മുമ്പില്‍ ദയാഹരജി നല്‍കാന്‍ മൂന്നാഴ്ചത്തെ സമയം അക്ഷയിയുടെ അഭിഭാഷകന്‍ ചോദിച്ചിട്ടുണ്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഒരാളെയും കൊല്ലാന്‍ ആര്‍ക്കും അവകാശമില്ലെന്നു വാദിക്കുന്ന ഹരജിയില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് അക്ഷയ് ആവശ്യപ്പെട്ടിരുന്നു.

ഇന്ന് അക്ഷയ് കുമാറിന്റെ വാദം മാത്രമാണു കോടതി കേട്ടത്. 30 മിനിറ്റ് വാദം നടത്താനാണ് അഭിഭാഷകന് അനുമതി ലഭിച്ചത്.

മുഖ്യപ്രതിയായ റാംസിങ് ജയിലില്‍ തൂങ്ങിമരിച്ചത് സംശയാസ്പദമാണെന്നും അക്ഷയിയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. എന്നാല്‍ വധശിക്ഷ പ്രഖ്യാപിച്ച ശേഷമാണു മരണം ദുരൂഹമാണെന്ന വാദം ഉന്നയിച്ചതെന്നും അതിനാല്‍ അതു കോടതിയില്‍ പരിഗണിക്കാനാവില്ലെന്നും ജസ്റ്റിസ് ഭാനുമതി വ്യക്തമാക്കി.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പൊതുസമ്മര്‍ദത്തിനു വഴങ്ങി ശിക്ഷ വിധിക്കുന്ന സമ്പ്രദായം മുന്‍പും ഉണ്ടായിട്ടുണ്ട്. നിര്‍ഭയാ കേസില്‍ അതാണു സംഭവിച്ചത്. നിര്‍ഭയയോടൊപ്പമുള്ള പുരുഷ സുഹൃത്ത് ആക്രമിക്കപ്പെട്ടിരുന്നു. എന്നാല്‍ സംഭവങ്ങള്‍ മാധ്യമങ്ങളോടു തുറന്നുപറയുന്നതിന് ഇയാള്‍ പണം വാങ്ങിയെന്ന ആരോപണമുണ്ട്. ഇതെല്ലാം പരിശോധിക്കപ്പെടണമെന്ന വാദങ്ങളും പ്രതിഭാഗം ഉന്നയിച്ചെങ്കിലും കോടതി പരിഗണിക്കാന്‍ തയ്യാറായില്ല.

Latest Stories

We use cookies to give you the best possible experience. Learn more