|

വധശിക്ഷ തന്നെ; നിര്‍ഭയാ കേസ് പ്രതിയുടെ ദയാഹര്‍ജി തള്ളി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: നിര്‍ഭയകേസ് പ്രതി വിനയ് ശര്‍മ്മയുടെ ദയാ ഹര്‍ജി രാഷ്ട്രപതി തള്ളി. ദയാ ഹര്‍ജി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പ്രതികളുടെ വധ ശിക്ഷ മാറ്റിവെച്ചിരുന്നു. ദയാഹര്‍ജിയില്‍ തീരുമാനമെടുത്തു 14 ദിവസത്തിന് ശേഷമേ വധശിക്ഷ നടപ്പാക്കാവൂ എന്നാണ് ചട്ടം.

ഇന്നായിരുന്നു പ്രതികളുടെ വധശിക്ഷ നടപ്പാക്കേണ്ടിയിരുന്നത്. ദയാ ഹര്‍ജി നിലനിന്നിരുന്നതിനാല്‍ മരണവാറണ്ട് ദല്‍ഹി അഡിഷണല്‍ സെഷന്‍സ് കോടതി സ്റ്റേ ചെയ്യുകയായിരുന്നു.

പ്രതികളിലൊരാളായ അക്ഷയ് കുമാര്‍ സിങ് നല്‍കിയ തിരുത്തല്‍ ഹരജി സുപ്രീം കോടതി തള്ളിയിരുന്നു. ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് ഹരജി തള്ളിയത്.

ബുധനാഴ്ച പ്രതികളിലൊരാളായ മുകേഷ് കുമാര്‍ സിങ് മരണവാറന്റിനെതിരെ നല്‍കിയ ഹരജിയും സുപ്രീം കോടതി തള്ളിയിരുന്നു. ദയാഹരജി തള്ളിക്കൊണ്ടുള്ള പ്രസിഡന്റിനെ തീരുമാനത്തെ ചോദ്യം ചെയ്ത് കൊണ്ടായിരുന്നു ഹരജി നല്‍കിയത്. എന്നാല്‍ രാഷ്ട്രപതിയുടെ തീരുമാനത്തില്‍ ഇടപെടില്ല എന്നാണ് കോടതി അറിയിച്ചത്.

ജനുവരിയിലാണ് നിര്‍ഭയ ക്കേസിലെ നാലു പ്രതികളുടെയും വധശിക്ഷ ഫെബ്രുവരി 1 ന് നടപ്പാക്കാന്‍ ദല്‍ഹി കോടതി ഉത്തരവിട്ടത്.

2012 ഡിസംബര്‍ 16നായിരുന്നു പെണ്‍കുട്ടിയെ ആറു പേര്‍ ചേര്‍ന്ന് ഓടുന്ന ബസില്‍വെച്ച് ക്രൂരമായ ലൈംഗികാതിക്രമത്തിന് വിധേയയാക്കിയത്. 2012 ഡിസംബര്‍ 29 ന് സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയില്‍ വെച്ചാണ് പെണ്‍കുട്ടി മരിച്ചത്.

Latest Stories