നിര്‍ഭയ കേസില്‍ പുതിയ മരണ വാറണ്ട്; നാല് പ്രതികളുടെയും വധശിക്ഷ മാര്‍ച്ച് മൂന്നിന്
national news
നിര്‍ഭയ കേസില്‍ പുതിയ മരണ വാറണ്ട്; നാല് പ്രതികളുടെയും വധശിക്ഷ മാര്‍ച്ച് മൂന്നിന്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 17th February 2020, 4:48 pm

ന്യൂദല്‍ഹി: നിര്‍ഭയാ കേസില്‍ പുതിയ മരണ വാറണ്ട് പുറപ്പെടുവിച്ചു. മാര്‍ച്ച് മൂന്നിന് രാവിലെ ആറ് മണിക്കകം നിര്‍ഭയാ കേസിലെ നാലു പ്രതികളെയും തൂക്കിലേറ്റാനാണ് പുതിയ മരണ വാറണ്ട് പുറപ്പെടുവിച്ചത്.

ഇതുമായി ബന്ധപ്പെട്ട് പ്രതികള്‍ ഉന്നയിച്ച എല്ലാ വാദങ്ങളും തള്ളിയാണ് വിചാരണ കോടതി പുതിയ മരണ വാറണ്ട് പുറപ്പെടുവിച്ചത്.

ജനുവരിയിലാണ് നിര്‍ഭയക്കേസിലെ നാലു പ്രതികളുടെയും വധശിക്ഷ ഫെബ്രുവരി 1 ന് നടപ്പാക്കാന്‍ ദല്‍ഹി കോടതി ഉത്തരവിട്ടത്. എന്നാല്‍ പ്രതി വിനയ് ശര്‍മ്മയുടെ ദയാ ഹര്‍ജി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പ്രതികളുടെ വധ ശിക്ഷ മാറ്റിവെച്ചിരിക്കുകയായിരുന്നു. ദയാഹര്‍ജിയില്‍ തീരുമാനമെടുത്തു 14 ദിവസത്തിന് ശേഷമേ വധശിക്ഷ നടപ്പാക്കാവൂ എന്നാണ് ചട്ടം.

2012 ഡിസംബര്‍ 16നായിരുന്നു പെണ്‍കുട്ടിയെ ആറു പേര്‍ ചേര്‍ന്ന് ഓടുന്ന ബസില്‍വെച്ച് ക്രൂരമായ ലൈംഗികാതിക്രമത്തിന് വിധേയയാക്കിയത്. 2012 ഡിസംബര്‍ 29 ന് സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയില്‍ വെച്ചാണ് പെണ്‍കുട്ടി മരിച്ചത്.