നിര്‍ഭയക്കേസ്; പ്രതികളുടെ വധശിക്ഷ റദ്ദാക്കേണ്ട കാര്യമില്ലെന്ന് സുപ്രീംകോടതി; പ്രതികളുടെ പുന: പരിശോധനാ ഹരജി തള്ളി
Nirbhaya
നിര്‍ഭയക്കേസ്; പ്രതികളുടെ വധശിക്ഷ റദ്ദാക്കേണ്ട കാര്യമില്ലെന്ന് സുപ്രീംകോടതി; പ്രതികളുടെ പുന: പരിശോധനാ ഹരജി തള്ളി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 9th July 2018, 2:55 pm

ന്യൂദല്‍ഹി: നിര്‍ഭയക്കേസില്‍ പ്രതികളുടെ വധശിക്ഷ ശരിവെച്ചതിനെതിരെ നല്‍കിയ പുന:പരിശോധനാ ഹരജി സുപ്രീം കോടതി തള്ളി. നിലവിലെ സാഹചര്യത്തില്‍ വധശിക്ഷ റദ്ദാക്കേണ്ട കാര്യമില്ലെന്നും ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് വിധിപുറപ്പെടുവിച്ചു.

കേസിലെ പ്രതികളായ മുകേഷ് കുമാര്‍, വിനയ് ശര്‍മ, പവന്‍കുമാര്‍ ഗുപ്ത, അക്ഷയ്കുമാര്‍ സിങ് എന്നിവരായിരുന്നു പുന:പരിശോധനാ ഹരജി നല്‍കിയത്. വധശിക്ഷ ശരിവെച്ച സുപ്രീംകോടതിയുടെ വിധിയില്‍ ഗുരുതര പിഴവുണ്ടെന്നും ശിക്ഷ റദ്ദാക്കണമെന്നുമായിരുന്നു പ്രതികളുടെ വാദം. പൊലീസ് തെളിവുകള്‍ കെട്ടിചമച്ചതാണെന്നും സാക്ഷിമൊഴികള്‍ വിശ്വസനീയമല്ലെന്നും പ്രതികളുടെ അഭിഭാഷകര്‍ വാദിച്ചിരുന്നു.


Also Read നീരവ് മോദിയും വിജയ് മല്യയും രാജ്യം വിട്ടപ്പോള്‍ കാണിക്കാത്ത വികാരവും പരവേശവും ഇപ്പോള്‍ എന്തിന്: പ്രീത ഷാജിയ്ക്ക് പിന്തുണയുമായി തോമസ് ഐസക്

എന്നാല്‍ പ്രതിഭാഗം അഭിഭാഷകരുടെ ഈ വാദത്തെ കോടതി വിമര്‍ശിച്ചു. അതേസമയം സുപ്രീം കോടതിയുടെ വിധിക്കെതിരെ തിരുത്തല്‍ ഹരജി നല്‍കാന്‍ പ്രതികള്‍ക്ക് അവസരമുണ്ട്. ഇതും തള്ളുകയാണെങ്കില്‍ രാഷ്ട്രപതിയുടെ അടുത്ത് ദയാഹരജിക്ക് സമീപിക്കാം അതും തള്ളുകയാണെങ്കില്‍ പിന്നീട് വധശിക്ഷ നല്‍കും.

കഴിഞ്ഞ വര്‍ഷം മെയിലാണ് നിര്‍ഭയ കേസിലെ നാലു പ്രതികളുടേയും വധശിക്ഷ സുപ്രീം കോടതി ശരിവച്ചത്. ദല്‍ഹി ഹൈക്കോടതിയുടെ ഉത്തരവാണ് സുപ്രീം കോടതി ശരിവച്ചത്. ശിക്ഷയില്‍ ഇളവ് ആവശ്യപ്പെട്ട് പ്രതികള്‍ നല്‍കിയ ഹര്‍ജി കോടതി തള്ളുകയായിരുന്നു.


Also Read ബി.ജെ.പിയുടെ ജനപ്രീതി നാള്‍ക്കുനാള്‍ കുറയുന്നു; മോദി പ്രഭാവം മങ്ങിയെന്നും ചൈന സ്റ്റേറ്റ് മീഡിയ

2012 ഡിസംബര്‍ 16 നായിരുന്നു രാജ്യത്തെ നടുക്കിയ പീഡനമുണ്ടാകുന്നത്. ദല്‍ഹിയില്‍ ഓടുന്ന ബസില്‍ വച്ച് പെണ്‍കുട്ടിയെ അതിക്രൂരമായി പീഡപ്പിച്ച ശേഷം റോഡില്‍ ഉപേക്ഷിക്കുകയായിരുന്നു.

സമാനതകളില്ലാത്ത ക്രൂരത എന്നാണ് സുപ്രീം കോടതി സംഭവത്തെ വിശേഷിപ്പിച്ചത്. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസുകളില്‍ മാത്രമേ സാധാരണയായ പീഡനക്കേസില്‍ പ്രതികള്‍ക്ക് വധശിക്ഷ നല്‍കാറുള്ളൂ. രാജ്യമൊട്ടാകെ പ്രതിഷേധമുയര്‍ന്ന കേസില്‍ പ്രതികളുടെ ക്രൂരത സമാനതകളില്ലാത്തതാണെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു കോടതി അന്ന് വധശിക്ഷ ശരിവച്ചത്.