ന്യൂദല്‍ഹി: നിര്‍ഭയ കേസ് പ്രതികള്‍ വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അന്താരാഷ്ട്ര കോടതിയെ സമീപിച്ചു. അക്ഷയ് ഠാക്കൂര്‍, പവന്‍ ഗുപ്ത, വിനയ് ശര്‍മ എന്നിവരുടെ വധശിക്ഷ നടപ്പാക്കരുത് എന്നാവശ്യപ്പെട്ട് പ്രതികളുടെ അഭിഭാഷകന്‍ അന്താരാഷ്ട്ര നീതിന്യായ കോടതിക്ക് കത്തയച്ചു.
നിര്‍ഭയ കേസ് പ്രതികളിലൊരാളായ മുകേഷ് സിംഗ് വീണ്ടും തിരുത്തല്‍ ഹരജിക്ക് അനുമതി തേടി നല്‍കിയ ഹരജി സുപ്രീംകോടതി തിങ്കളാഴ്ച തള്ളിയതിനു പിന്നാലെയാണ് ഈ നീക്കം. ഇനി യാതൊരു രക്ഷാമാര്‍ഗവും മുകേഷിനു ബാക്കിയില്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു കോടതി ഹരജി തള്ളിയത്.
നിര്‍ഭയ കേസിലെ നാല് കുറ്റവാളികളെയും മാര്‍ച്ച് 20നു രാവിലെ 5.30നു തൂക്കിലേറ്റാന്‍ പട്യാല ഹൗസ് കോടതി മരണ വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്. മുകേഷ് കുമാര്‍ സിങ് (32), പവന്‍ ഗുപ്ത (25), വിനയ് ശര്‍മ (26), അക്ഷയ് കുമാര്‍ സിങ് (31) എന്നിവര്‍ക്ക് ഇനി നിയമവഴികളൊന്നുമില്ലെന്നു സംസ്ഥാന സര്‍ക്കാരും പ്രതിഭാഗവും കോടതിയില്‍ അറിയിച്ചിരുന്നു.