| Friday, 5th April 2019, 7:55 am

കേസ് നിലവിലിരിക്കേ നീരവ് മോദി സ്വിറ്റ്‌സര്‍ലന്‍ഡിലേക്കു കടത്തിയത് 89 കോടി; കടത്തിയവയില്‍ 66 കോടിയുടെ വജ്രവും 150 പെട്ടി മരതകവും

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: പഞ്ചാബ് നാഷണല്‍ ബാങ്കില്‍നിന്ന് (പി.എന്‍.ബി) 13,500 കോടി രൂപ തട്ടിയ കേസില്‍ പ്രതിയായ വജ്രവ്യാപാരി നീരവ് മോദിയുടെ പേരില്‍ വീണ്ടും ആരോപണം. നീരവിനെതിരേ ഇന്ത്യ ക്രിമിനല്‍ക്കേസ് രജിസ്റ്റര്‍ ചെയ്തതിനു മാസങ്ങള്‍ക്കുശേഷം ഇയാള്‍ സിംഗപ്പൂരില്‍നിന്ന് സ്വിറ്റ്‌സര്‍ലന്‍ഡിലേക്കു കടത്തിയത് 89 കോടി രൂപ. നീരവിന്റെ കേസന്വേഷിക്കുന്ന ഉന്നത ഉദ്യോഗസ്ഥരാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്.

ഇതിനുപുറമേ വിശ്വസ്തര്‍ വഴി 66 കോടി രൂപയുടെ വജ്രം, ആറരക്കോടി രൂപ, 150 പെട്ടി മരതകം, 50 കിലോ സ്വര്‍ണം എന്നിവ ദുബായിലെയും ഹോങ്കോങ്ങിലെയും തന്റെ സ്ഥാപനങ്ങളില്‍നിന്നും കടത്തിയതായി വിവരമുണ്ട്. ഇത് ഇന്ത്യയിലെ അന്വേഷണ ഏജന്‍സികള്‍ അന്വേഷിച്ചുവരികയാണ്. നിലവില്‍ ബ്രിട്ടീഷ് ജയിലില്‍ക്കഴിയുകയാണു നീരവ്.

Also Read: വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്ക് വെല്ലുവിളി ഉയര്‍ത്തി മൂന്ന് അപരന്മാര്‍

അന്വേഷണ ഏജന്‍സികള്‍ തന്റെ സ്വത്തു കണ്ടുകെട്ടാതിരിക്കാന്‍ വേണ്ടിയാണു നീരവ് തന്റെ ബെല്‍വദെര്‍ ഹോള്‍ഡിങ്‌സ് ഗ്രൂപ്പ് ലിമിറ്റഡ് എന്ന സിംഗപ്പൂരിലെ സ്ഥാപനത്തിന്റെ രണ്ടു ശാഖകളിലെ അക്കൗണ്ടുകളില്‍നിന്നും സഹോദരിയായ പുര്‍വി മോദി വഴി പണം സൂറിച്ചിലെ (സ്വിറ്റ്‌സര്‍ലന്‍ഡ്) ഇ.എഫ്.ജി ബാങ്കിലേക്കു മാറ്റിയത്.

കൂടാതെ, ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിട്ടുള്ള നീരവിന്റെ ജോലിക്കാരന്‍ സുഭാഷ് പരബ് ഈജിപ്തിലുണ്ടെന്നു വിവരം ലഭിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ക്രിമിനല്‍ ഗൂഢാലോചനയും വിശ്വാസവഞ്ചനയും അടക്കമുള്ള കുറ്റങ്ങളാണ് ഇയാളുടെ പേരില്‍ ചുമത്തിയിട്ടുള്ളത്. കേസ് നിലവില്‍വന്നതിനുശേഷം ദുബായിലെയും ഹോങ്കോങ്ങിലെയും തന്റെ കമ്പനി ഡയറക്ടര്‍മാരെ നീരവ് ഈജിപ്തിലെ കെയ്‌റോയിലേക്കു മാറ്റിയിരുന്നു. ചിലര്‍ തിരിച്ചുവന്നെങ്കിലും പരബ് ഇപ്പോഴും അവിടെത്തന്നെയാണ്.

പി.എന്‍.ബി പുറപ്പെടുവിച്ച കടപ്പത്രം വഴി നീരവിന്റെ ആറ് ഹോങ്കോങ് കമ്പനികള്‍ക്കു ലഭിച്ച 8200 കോടി രൂപയുടെ വിനിമയം നടത്തിയതു സുഭാഷ് പരബാണ്. 2011-2018 കാലയളവില്‍ വ്യാജ കടപ്പത്രങ്ങള്‍ വഴി നീരവിന്റെ എല്ലാ സ്ഥാപനങ്ങള്‍ക്കുമായി ലഭിച്ചത് ഏകദേശം 24,000 കോടി രൂപയാണ്.

Also Read: തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ ചൗകിദാര്‍ ജയിലിലേക്ക് പോകും; അധികാരത്തിലേറിയാല്‍ മോദിക്കെതിരെ അന്വേഷണം പ്രഖ്യാപിക്കുമെന്ന് രാഹുല്‍ ഗാന്ധി

ബ്രിട്ടീഷ് കോടതി രണ്ടുവട്ടം ഇതിനോടകം തന്നെ നീരവിനു ജാമ്യം നിഷേധിച്ചിരുന്നു. നീരവിനെ ഇന്ത്യക്കു തിരികെനല്‍കുന്നതു സംബന്ധിച്ച വാദം ഏപ്രില്‍ 26-നു കോടതി കേള്‍ക്കും.

We use cookies to give you the best possible experience. Learn more