ലണ്ടന്‍: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ ശേഷം രാജ്യം വിട്ട വ്യവസായി നീരവ് മോദിയെ ഇന്ത്യയ്ക്ക് കൈമാറാന്‍ അനുമതി നല്‍കി ബ്രിട്ടീഷ് സര്‍ക്കാര്‍.
നീരവ് മോദിയെ ഇന്ത്യയിലേയ്ക്ക് നാടു കടത്താനുള്ള ഉത്തരവ് പുറത്തിറങ്ങിയതായാണ് റിപ്പോര്‍ട്ട്.
പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 14,000 കോടി രൂപയുടെ വായ്പ എടുത്ത് നാട് വിട്ട നീരവ് മോദി 2019 മാര്‍ച്ചില്‍ ലണ്ടനില്‍ അറസ്റ്റിലാവുകയായിരുന്നു.
നീരവ് മോദിയെ ഇന്ത്യയിലേക്ക് നാടുകടത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി ലണ്ടനിലെ വെസ്റ്റ് മിനിസ്റ്റര്‍ മജിസ്ട്രേറ്റ് കോടതി നേരത്തെ അംഗീകരിച്ചിരുന്നു. നീരവിനെ കൈമാറണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ സമര്‍പ്പിച്ച രേഖകള്‍ സ്വീകര്യമാണെന്നാണ് കോടതി പറഞ്ഞത്.
നീരവ് മോദി, ഭാര്യ ആമി, സഹോദരന്‍ നിഷാല്‍, ബിസിനസ് പങ്കാളിയും അമ്മാവനുമായ മെഹുല്‍ ചിന്നുഭായ് ചോക്‌സി എന്നിവര്‍ പഞ്ചാബ് നാഷണല്‍ ബാങ്കിനെ പറ്റിച്ച് 280 കോടി രൂപ തട്ടിയെടുക്കുകയായിരുന്നു. ബാങ്ക് നടത്തിയ പരിശോധനയിലാണ് 2011 മുതലുള്ള ക്രമക്കേടുകള്‍ പുറത്തു വന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക