ന്യൂദല്‍ഹി: മോദി എന്ന പേരിനെ വിമര്‍ശിച്ചതിന് രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാംഗത്വം റദ്ദാക്കിയതിന് പിന്നാലെ വ്യാപകമായി പ്രചരിച്ച് സമാന വിമര്‍ശനം നടത്തിയ ഖുശ്ബുവിന്റെ ട്വീറ്റ്. കോണ്‍ഗ്രസ് നേതാവായിരുന്ന സമയത്ത് ഖുശ്ബു സുന്ദര്‍ നടത്തിയ പരാമര്‍ശമാണ് ചര്‍ച്ചയാകുന്നത്.
മോദി എന്ന വാക്കിനര്‍ത്ഥം അഴിമതി എന്ന് മാറ്റാമെന്നും നീരവ്, ലളിത്, നമോ എന്നാല്‍ അഴിമതിയാണെന്നുമായിരുന്നു ഖുശ്ബുവിന്റെ ട്വീറ്റ്.
‘അവിടെയും മോദി, ഇവിടെയും മോദി, എവിടെ നോക്കിയാലും മോദി. മോദി എന്നാല്‍ അഴിമതിക്കാരന്‍. അതിനാല്‍ നീരവ്, ലളിത്, നമോ = അഴിമതി,’ ഖുശ്ബു ട്വിറ്ററില്‍ കുറിച്ചു.
കഴിഞ്ഞ ദിവസമാണ് രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാംഗത്വം റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ് പുറത്ത് വരുന്നത്. മോദി എന്ന പേരിനെ വിമര്‍ശിച്ചു എന്നതായിരുന്നു രാഹുല്‍ ഗാന്ധിക്ക് നേരെ ആരോപിക്കപ്പെട്ട കുറ്റം.
ഇതിന് പിന്നാലെയാണ് ഖുശ്ബുവിന്റെ ട്വീറ്റ് വ്യാപകമായി പ്രചരിക്കുന്നത്. നിരവധി കോണ്‍ഗ്രസ് നേതാക്കളും ഖുശ്ബുവിന്റെ പഴയ ട്വീറ്റ് പങ്കുവെച്ചിട്ടുണ്ട്.
മോദിമാരെ അപകീര്‍ത്തിപ്പെടുത്തിയതിന് ഇന്ന് ബി.ജെ.പി നേതാവും, വനിതാ കമ്മീഷന്‍ അംഗവുമായ ഖുശ്ബുവിനെതിരെയും പൂര്‍ണേഷ് മോദി പരാതിപ്പെടുമോ എന്നാണ് നേതാക്കളുടെ ചോദ്യം. 2018ലാണ് ഖുശ്ബു ഈ ട്വീറ്റ് പങ്കുവെച്ചിരിക്കുന്നത്. 2019ല്‍ നടത്തിയ പരാമര്‍ശത്തിനാണ് 4 വര്‍ഷങ്ങള്‍ക്ക് ശേഷം രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാംഗത്വം റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ് വന്നത്.
പൂര്‍ണേഷ് മോദി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സൂറത് കോടതിയാണ് രാഹുല്‍ ഗാന്ധിയെ മാനനഷ്ടക്കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ഇതിന് പിന്നാലെ 24 മണിക്കൂറിനുള്ളിലാണ് രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാംഗത്വം റദ്ദാക്കിക്കൊണ്ടുള്ള വിജ്ഞാപനം പുറത്തിറങ്ങിയത്.
ലോക്‌സഭാംഗത്വം റദ്ദാക്കിയ കേന്ദ്ര നടപടിക്കെതിരെ രാജ്യവ്യാപക പ്രതിഷേധം നടത്തുമെന്ന് കോണ്‍ഗ്രസ് അറിയിച്ചിട്ടുണ്ട്.
കേസില്‍ വാദം കേള്‍ക്കുന്നതിനിടെ പരാതിക്കാരനായ പൂര്‍ണേഷ് മോദിയെ രാഹുല്‍ ഗാന്ധി അപകീര്‍ത്തിപ്പെടുത്തിയിട്ടില്ലെന്ന് കോടതിയെ ബോധിപ്പിച്ചിരുന്നുവെങ്കിലും ഇത് തള്ളിക്കൊണ്ടായിരുന്നു രാഹുലിനെ കുറ്റക്കാരനെന്ന് വിധിച്ചത്.
അതേസമയം പഴയ ട്വീറ്റിനോട് ഖുശ്ബു പ്രതികരിച്ചിട്ടില്ല. രാഹുല്‍ ഗാന്ധിയെ പുറത്താക്കിയ നടപടിക്ക് പിന്നാലെ പോസിറ്റീവായി ചിന്തിച്ചാല്‍ നല്ലത് സംഭവിക്കുമെന്നായിരുന്നു ഖുശ്ബുവിന്റെ ട്വീറ്റ്.
‘നിര്‍ഭാഗ്യവശാല്‍ താന്‍ ഒരു പാര്‍ലമെന്റേറിയനാണെന്ന് അദ്ദേഹം കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍ സത്യമായി. അപ്പോള്‍ കഥയുടെ അര്‍ത്ഥം, നല്ലത് ചിന്തിക്കുക, നെഗറ്റീവ് ചിന്തകള്‍ നിങ്ങളെ എവിടെയും എത്തിക്കില്ല,’ ഖുശ്ബു ട്വിറ്ററില്‍ കുറിച്ചു.
Content Highlight: ‘Nirav Modi, Lalit Modi, Narendra Modi mean corruption’; After the action against Rahul Gandhi, Khushbu’s tweet went viral