ന്യൂയോര്‍ക്ക്: വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ രാജ്യം വിട്ട നീരവ് മോദി സസ്‌പെന്‍ഡ് ചെയ്ത പാസ്‌പോര്‍ട്ടുമായി ന്യൂയോര്‍ക്കിലെത്തിയതായി റിപ്പോര്‍ട്ട്. ന്യൂയോര്‍ക്കിലെ ലോയ്‌സ് റീജന്‍സി ഹോട്ടലില്‍ മാര്‍ച്ച് അവസാനം മുതല്‍ നീരവ് കഴിയുന്നതായാണ് റിപ്പോര്‍ട്ട്. ഫെബ്രുവരിയിലാണ് നീരവ് മോദിയുടെ പാസ്‌പോര്‍ട്ട് ഇന്ത്യ സസ്‌പെന്‍ഡ് ചെയ്തിരുന്നത്.
മുംബൈ വിട്ട നീരവ് മോദി ആദ്യം യു.എ.ഇയിലേക്കാണ് പോയത്. പിന്നെ ഹോംങ്കോംങിലേക്കും ലണ്ടനിലേക്കും കടന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. ഇതിന് പിന്നാലെയാണ് ന്യൂയോര്‍ക്കിലെത്തിയതായി എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നത്.
നീരവ്‌മോദി സഞ്ചരിച്ച വിവരങ്ങള്‍ തങ്ങളുടെ കൈകളിലുണ്ടെന്നും ഇക്കാര്യം അതത് രാജ്യങ്ങള്‍ക്ക് നല്‍കുമെന്നും ഉന്നത ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയിരുന്നു.
13,000 കോടി രൂപയുടെ തട്ടിപ്പാണു നീരവ് മോദിയും അമ്മാവനും ചേര്‍ന്ന് പഞ്ചാബ് നാഷനല്‍ ബാങ്കിന്റെ ബ്രാഡി ഹൗസ് ശാഖ കേന്ദ്രമാക്കി നടത്തിയത്. രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്കി(പിഎന്‍ബി)ല്‍ നിന്ന് ബയേഴ്സ് ക്രെഡിറ്റ് സംവിധാനം ഉപയോഗിച്ചാണ് ആയിരക്കണക്കിന് കോടി രൂപ തട്ടിച്ച് നീരവ് മോദി രാജ്യം വിട്ടത്.