നീരവ് എന്നാല്‍ ശാന്തമെന്നാണര്‍ത്ഥം; ഇതാണ് അധിര്‍ രഞ്ജന്‍ പറഞ്ഞത്; സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്ന് ഖാര്‍ഗെ
national news
നീരവ് എന്നാല്‍ ശാന്തമെന്നാണര്‍ത്ഥം; ഇതാണ് അധിര്‍ രഞ്ജന്‍ പറഞ്ഞത്; സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്ന് ഖാര്‍ഗെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 11th August 2023, 2:03 pm

ന്യൂദല്‍ഹി: കോണ്‍ഗ്രസ് ലോക്‌സഭ കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരിയെ സസ്‌പെന്‍ഡ് ചെയ്തതില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. അധിര്‍ നീരവ് മോദിയെന്നാണ് പറഞ്ഞതെന്നും നീരവ് എന്നാല്‍ ഹിന്ദിയില്‍ ശാന്തമെന്നാണ് അര്‍ത്ഥമെന്നും ഖാര്‍ഗെ സഭയില്‍ പറഞ്ഞു.

ലോക്‌സഭ ചെയര്‍മാന്‍ ജഗ്ദീപ് ധന്‍ഖറിനോട് ജനാധിപത്യം സംരക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

‘ദുര്‍ബലമായ കാരണങ്ങള്‍ മുന്‍ നിര്‍ത്തിയാണ് അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. അധിര്‍ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിയിലും ബിസിനസ് അഡൈ്വസറി കമ്മിറ്റിയിലും ഉള്ളതിനാല്‍ വെസ് പ്രസിഡന്റും സഭാധ്യക്ഷനും ജനാധിപത്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായി വിഷയത്തില്‍ ഇടപെടണം. അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്തത് നല്ല കാര്യമല്ല,’ ഖാര്‍ഗെ പറഞ്ഞു.

അതേസമയം സസ്‌പെന്‍ഡ് ചെയ്തതിന് പിന്നാലെ താന്‍ ആരെയും അപമാനിച്ചിട്ടില്ലെന്ന് അധിര്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

‘മോദി ജി മണിപ്പൂര്‍ വിഷയത്തില്‍ ശാന്തനായി (നീരവ്) ഇരിക്കുന്നു എന്നാണ് ഞാന്‍ പറഞ്ഞത്. നീരവ് എന്ന് വെച്ചാല്‍ ശാന്തന്‍ എന്നാണ് അര്‍ത്ഥം. എന്റെ ഉദ്ദേശം പ്രധാനമന്ത്രി മോദിയെ അപമാനിക്കലായിരുന്നില്ല. അദ്ദേഹത്തിന് അപമാനിച്ചുവെന്ന് തോന്നിയിരുന്നില്ല. മോദിയോടൊപ്പമുള്ളവര്‍ക്കാണ് അങ്ങനെ തോന്നിയത്,’ അധിര്‍ പറഞ്ഞു.

അധിര്‍ രഞ്ജന്‍ ചൗധരിയെ കഴിഞ്ഞ ദിവസമാണ് ലോക്സഭയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. മോദിയും മന്ത്രിമാരും സംസാരിക്കുമ്പോള്‍ ചൗധരി ശല്യപ്പെടുത്തുന്നുവെന്ന് ആരോപിച്ച് പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷിയാണ് ഇദ്ദേഹത്തിനെതിരെ പ്രമേയം കൊണ്ടുവന്നത്. തുടര്‍ന്ന് ശബ്ദ വോട്ടില്‍ പ്രമേയം പാസാക്കുകയായിരുന്നു. അധിര്‍ രഞ്ജന്‍ ഇത്തരം പെരുമാറ്റം ശീലമാക്കിയിരിക്കുന്നുവെന്നാണ് പ്രഹ്ലാദ് ജോഷി സഭയില്‍ പറഞ്ഞത്.

‘ഇത്തരം പ്രവണത അദ്ദേഹത്തിന്റെ പതിവായി മാറിയിട്ടുണ്ട്. ഈ സഭയിലെ ഏറ്റവും വലിയ പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതാവാണ് അദ്ദേഹം. നിരവധി തവണ മുന്നറിയിപ്പ് നല്‍കിയെങ്കിലും ഈ രീതി മാറ്റാന്‍ അദ്ദേഹം തയ്യാറാകുന്നില്ല,

ചര്‍ച്ചകളില്‍ അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണ് അദ്ദേഹം ഉന്നയിക്കുന്നത്. സര്‍ക്കാരിന്റെ അന്തസ് താഴ്ത്താനാണ് അദ്ദേഹത്തിന്റെ ശ്രമം. ഇന്നും അദ്ദേഹം മാപ്പ് പറയണമെന്ന് ഞങ്ങള്‍ ആവശ്യപ്പെട്ടു, പക്ഷേ ഖേദം പ്രകടിപ്പിക്കാന്‍ തയാറായിട്ടില്ല’ എന്നാണ് പ്രഹ്ലാദ് ജോഷി പറഞ്ഞത്.

ആദ്യമായാണ് കോണ്‍ഗ്രസ് ലോക്സഭാ കക്ഷി നേതാവിനെ സഭയില്‍ നിന്നും സസ്പെന്‍ഡ് ചെയ്യുന്നത്.

അതേസമയം അവിശ്വാസ പ്രമേയത്തിന് മറുപടി നല്‍കുന്ന വേളയില്‍ അധിര്‍ രഞ്ജനെ മോദിയും പരിഹസിച്ചിരുന്നു. കോണ്‍ഗ്രസ് അധിര്‍ രഞ്ജനെ സംസാരിക്കാന്‍ അനുവദിച്ചില്ലെന്നും അദ്ദേഹത്തോട് തങ്ങള്‍ക്ക് സഹതാപമുണ്ടെന്നും നരേന്ദ്ര മോദി പറഞ്ഞിരുന്നു.

‘ഏറ്റവും വലിയ പ്രതിപക്ഷ പാര്‍ട്ടിയുടെ നേതാവിനെ സ്പീക്കര്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. 1999ല്‍ ശരദ് പവാര്‍ അവിശ്വാസ പ്രമേയം നയിച്ചു. 2003ല്‍ സോണിയ ഗാന്ധിയും. എന്നാല്‍ എന്തുകൊണ്ടാണ് ഇന്ന് അധിര്‍ രഞ്ജന്‍ ചൗധരിയെ സംസാരിക്കാന്‍ അനുവദിക്കാത്തത്. അദ്ദേഹത്തിന്റെ പാര്‍ട്ടി അദ്ദേഹത്തെ സംസാരിക്കാന്‍ അനുവദിച്ചില്ല.

എന്തുകൊണ്ടാണ് അധിര്‍ രഞ്ജന്‍ ചൗധരിയെ മാറ്റി നിര്‍ത്തിയത്. ഒരു പക്ഷേ കൊല്‍ക്കത്തയില്‍ നിന്ന് ഫോണ്‍ വന്നത് കൊണ്ടാകാം. ഞങ്ങള്‍ക്ക് അധിര്‍ രഞ്ജനോട് സഹതാപം തോന്നുന്നു,’ എന്നാണ് മോദി പറഞ്ഞത്.

content highlights: Nirav means calm; This is what Adhir Ranjan said; Kharge to show sus pension