ന്യൂദല്‍ഹി: പ്രധാനമന്ത്രി നേരന്ദ്ര മോദി മോഷ്ടാവാണെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി. മോദി ഇന്ത്യന്‍ വ്യോമസേനയില്‍ നിന്ന് മോഷ്ടിച്ച് അനില്‍ അംബാനിയുടെ കീശ വീര്‍പ്പിക്കുകയാണെന്ന് രാഹുല്‍ പറഞ്ഞതായി എ.എന്‍.ഐ റിപ്പോര്‍ട്ടു ചെയ്യുന്നു.
റഫാല്‍ കരാറില്‍ ദസ്സോയുടെ ഇന്ത്യന്‍ പങ്കാളിയായി അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സ് വന്നത് നരേന്ദ്ര മോദിയുടെ ഇടപെടലു കൊണ്ടാണെന്ന് കോണ്‍ഗ്രസ് നേരത്തെ ആരോപിച്ചിരുന്നു.
“ഇന്ത്യന്‍ വ്യോമസേന രാജ്യത്തിന്റെ സംരക്ഷകരാണ്. വ്യോമസേനാംഗങ്ങള്‍ അവരുടെ ജീവന്‍ ത്യജിക്കുന്നു. എന്നാല്‍ നമ്മുടെ പ്രധാനമന്ത്രി വ്യോമസേനയില്‍ നിന്നും മോഷ്ടിച്ച് അമ്പാനിയുടെ കീശ നിറയ്ക്കുകയാണ്. ഇത് അപമാനമാണ്” എന്നായിരുന്നു രാഹുല്‍ പറഞ്ഞത്.
ഇന്ത്യയില്‍ നിന്നും വായ്പാതട്ടിപ്പും മറ്റു കുറ്റകൃത്യങ്ങളും നടത്തി വിദേശത്തേക്ക് കടന്ന ലളിത് മോദി, നീരവ് മോദി എന്നിവരുടെ പേരിലും സ്വഭാവത്തിലും മോദിക്കുള്ള സാമ്യം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിയെ പരിഹസിക്കാനും രാഹുല്‍ മറന്നില്ല.
“എനിക്ക് ഒരു കാര്യം മനസ്സിലാക്കിത്തരൂ. ലളിത് മോദി, നീരവ് മോദി, നേരേന്ദ്ര മോദി, ഈ കള്ളന്മാരുടെയൊക്കെ പേര് മോദി എന്നായത് എന്തുകൊണ്ടാണ്”- രാഹുല്‍ ചോദിച്ചു. റാഞ്ചിയില്‍ നടന്ന ഒരു തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം.
ഇന്ത്യന്‍ സൈനികരുടെ ത്യാഗങ്ങളെ ബി.ജെ.പി പ്രത്യക്ഷമായി രാഷ്ട്രീയവത്കരിക്കുകയാണെന്ന് രാജ്യത്തെ 21 രാഷ്ട്രീയ പാര്‍ട്ടികളുടെ സംയുക്ത പ്രസ്താവനയില്‍ നേരത്തെ കുറ്റപ്പെടുത്തിയിരുന്നു.