ഹൊറര്‍ സിനിമകളിലെ ആ സ്ഥിരം ക്ലീഷേ ഇതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്: നിരഞ്ജ് മണിയന്‍പിള്ള രാജു
Entertainment
ഹൊറര്‍ സിനിമകളിലെ ആ സ്ഥിരം ക്ലീഷേ ഇതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്: നിരഞ്ജ് മണിയന്‍പിള്ള രാജു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 17th May 2024, 5:40 pm

മലയാള സിനിമയില്‍ പ്രേക്ഷകരുടെ ഇഷ്ട നടനും മണിയന്‍പിള്ള രാജുവിന്റെ മകനുമാണ് നിരഞ്ജ് മണിയന്‍പിള്ള രാജു. ബാലതാരമായി ചലച്ചിത്ര രംഗത്തേക്ക് എത്തിയ താരം ഇപ്പോള്‍ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതനാണ്.

2013ല്‍ പുറത്തിറങ്ങിയ ബ്ലാക്ക് ബട്ടര്‍ഫ്‌ളൈ എന്ന ചിത്രത്തിലൂടെയാണ് നിരഞ്ജ് നായകനായി അരങ്ങേറ്റം കുറിച്ചത്. മനു രാധാകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന മലയാളം ഹൊറര്‍ ഫാന്റസി ചിത്രമായ ‘ഗു’ ആണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രം.

സിനിമയിലെ കഥയെക്കുറിച്ചും തന്റെ കഥാപാത്രത്തെ കുറിച്ചും സംസാരിക്കുകയാണ് നിരഞ്ജ്. മിക്ക ഹൊറര്‍ സിനിമകളിലെയും പോലെ സ്ഥിരം ക്ലീഷേ ഒഴിവാക്കിയിട്ടുണ്ടെന്നും തന്റെ കഥാപാത്രത്തെ മുത്തശ്ശി കഥ പറയുന്ന ഒരു ക്യാരക്ടറായാണ് ചിത്രീകരിച്ചിട്ടുള്ളതെന്നും മിര്‍ച്ചി മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുകയാണ് താരം.

‘ഈ സിനിമയെന്ന് പറഞ്ഞാല്‍ ഒരുപാട് കഥകള്‍ കൊണ്ടുള്ള ഒരു സംഭവമാണ്. സിനിമയില്‍ ദേവൂവിന്റെ ക്യാരക്ടര്‍ ഒരു മനയിലേക്ക് പോകുന്നുണ്ട്. അവരുടെ കുടുംബപരമായ ഒരു കാര്യത്തിന് വേണ്ടിയാണ് പോകുന്നത്.

അതിനെ തുടര്‍ന്നാണ് കഥ നടക്കുന്നത്. ഇപ്പോഴത്തെ പിള്ളേരൊക്കെ അഡ്വാന്‍സ്ഡായി. അപ്പോള്‍ അങ്ങനെയുള്ള കുട്ടികള്‍ ഒരു മനയിലെത്തിയാല്‍ പല കഥകളും ചെകഞ്ഞ് പോവാന്‍ സാധ്യത കൂടുതലാണ്. പൊതുവെ മുത്തശ്ശികളാണ് ഒരോ കഥകള്‍ പറഞ്ഞു കൊടുക്കാറുള്ളത്. ആ സ്ഥിരം ക്ലീഷേ ഇതില്‍ ഒഴിവാക്കിയിട്ടുണ്ട്.

അതിന് പകരം എന്റെ ക്യാരക്ടറാണ് ഇവര്‍ക്ക് മുത്തശ്ശി കഥ പറഞ്ഞുകൊടുക്കുന്നത്. അങ്ങനെ ഞാന്‍ പറഞ്ഞ കഥകള്‍ക്കൊക്കെ ട്രെയ്ലറില്‍ കണ്ടത് പോലെ രണ്ട് വ്യൂ പോയന്റ്സുകളുണ്ട്. റിയാലാറ്റിയും ട്രൂത്തും തമ്മിലുള്ളൊരു തിന്‍ ലൈനുണ്ട്. അതിലൂടെ കടന്ന് പോകുന്ന ഒരു ചിത്രമാണ് ഗു,’ നിരഞ്ജ് പറഞ്ഞു.

മണിയന്‍പിള്ള രാജു പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മണിയന്‍പിള്ള രാജു നിര്‍മിക്കുന്ന ചിത്രമാണ് ‘ഗു’. മലബാറിലെ ഉള്‍നാടന്‍ ഗ്രാമത്തിലുള്ള തങ്ങളുടെ തറവാട്ടില്‍ അവധിക്കാലം ആഘോഷമാക്കാനായി അച്ഛനും അമ്മയ്ക്കും ഒപ്പമെത്തുന്ന മിന്ന എന്ന കുട്ടിക്കും സമപ്രായക്കാരായ മറ്റ് കുട്ടികള്‍ക്കും നേരിടേണ്ടി വരുന്ന അസാധാരണമായ ഭീതിപ്പെടുത്തുന്ന അനുഭവങ്ങളാണ് സിനിമയുടെ പ്രമേയം.

Content Highlight: Niranj Maniyanpilla Raju Talks About Gu Movie