| Thursday, 23rd February 2023, 5:05 pm

ഷൂട്ടിനിടക്കും ഞാനും ദുല്‍ഖര്‍ ചേട്ടനും വണ്ടികളെ പറ്റിയാണ് സംസാരിക്കുന്നത്, എനിക്ക് വണ്ടി പ്രാന്തുള്ളത് പുള്ളിക്ക് അറിയാം: നിരഞ്ജ് മണിയന്‍പിള്ള രാജു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അഭിനയത്തിന് പുറമേ വാഹനങ്ങളോടും തനിക്ക് ഭ്രമമുണ്ടെന്ന് പറയുകയാണ് നടന്‍ നിരഞ്ജ് മണിയന്‍പിള്ള രാജു. വണ്ടി ഓടിക്കാനുള്ള ഒരവസരവും നഷ്ടപ്പെടുത്തില്ലെന്നും ഇപ്പോള്‍ കാശില്ലാത്ത് കൊണ്ടാണ് മേടിക്കാത്തതെന്നും നിരഞ്ജ് പറഞ്ഞു. ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘ഞാനൊരു വണ്ടി പ്രാന്തനാണ്. വണ്ടി ഓടിക്കാനും ഇഷ്ടമാണ്. ഇപ്പോള്‍ കാശില്ലാത്തതുകൊണ്ട് വണ്ടിയെടുക്കുന്നില്ല. പക്ഷേ സ്വപ്‌നത്തില്‍ എനിക്ക് എന്തുമാകാല്ലോ. സ്വപ്‌നത്തിലുള്ള എന്റെ ഗ്യാരേജില്‍ ഇഷ്ടം പോലെ വണ്ടികളുണ്ട്. അതിങ്ങനെ മാറിക്കൊണ്ടിരിക്കും. പ്യൂറോ സാങ്, ഫെരാരിയുടെ എസ്.യു.വി, 965 പോര്‍ഷെ, അല്ലെങ്കില്‍ സ്പീഡ്സ്റ്റര്‍ ഇതൊക്കെയായിരിക്കും.

വണ്ടി ഓടിക്കാന്‍ കിട്ടുന്ന ഒരു ചാന്‍സും ഞാന്‍ നഷ്ടപ്പെടുത്തില്ല. സിനിമയിലോടിക്കുമ്പോഴും എനിക്ക് ഭയങ്കര ഇഷ്ടമാണ്. ദുല്‍ഖര്‍ ചേട്ടനുമായി ഒരു ആഡ് ചെയ്തിട്ടുണ്ട്. ആ സമയത്ത് ഞങ്ങള്‍ സംസാരിച്ചുകൊണ്ടിരുന്നത് വണ്ടികളെ പറ്റിയാണ്. ഞാനും ചേട്ടനും വണ്ടി പ്രാന്തുള്ള കൂട്ടത്തിലാണെന്ന് പുള്ളിക്ക് അറിയാമെന്ന് തോന്നുന്നു,’ നിരഞ്ജ് പറഞ്ഞു.

ആദ്യ സിനിമയായ ബ്ലാക്ക് ബട്ടര്‍ഫ്‌ളൈസിലേക്ക് എത്തിയതിനെ പറ്റിയും അഭിമുഖത്തില്‍ നിരഞ്ജ് സംസാരിച്ചിരുന്നു. ‘അച്ഛന്റെ പ്രൊഡക്ഷന്‍ കമ്പനി നിര്‍മിച്ച സിനിമയായിരുന്നു ബ്ലാക്ക് ബട്ടര്‍ഫ്ളൈസ്. ഞാന്‍ ആദ്യമായി അഭിനയിച്ച സിനിമയും അത് തന്നെയാണ്. തമിഴില്‍ ഒരുപാട് അവാര്‍ഡ്സൊക്കെ കിട്ടിയ സിനിമയുടെ മലയാളം റീമേക്കായിരുന്നു അത്.

മലയാളത്തിലേക്ക് ഈ സിനിമ റീമേക്ക് ചെയ്യാന്‍ പോവുകയാണ് രഞ്ജിത്താണ് സംവിധാനം. നായകനായി നല്ല വല്ല പയ്യന്മാരെയും നമുക്ക് എടുക്കാം, നിനക്ക് വേണമെങ്കില്‍ വില്ലനായി അഭിനയിക്കാമെന്ന് അച്ഛന്‍ എന്നോട് പറഞ്ഞു. വില്ലനായിട്ട് വരുന്ന വൃത്തിക്കെട്ട ചെറുക്കന്റെ റോള്‍ നിനക്ക് കറക്ടാണെന്നും അദ്ദേഹം പറഞ്ഞു.

ഞാന്‍ പതുക്കെ അസിസ്റ്റന്റായി നിന്നൊക്കെ സിനിമയിലേക്ക് വന്നാല്‍ മതിയല്ലോ എന്ന് അച്ഛനോട് ചോദിച്ചു. അത് വേണ്ട ഈ റോള്‍ നിനക്ക് നന്നായിട്ട് ചെയ്യാന്‍ കഴിയുമെന്ന് അച്ഛന്‍ പറഞ്ഞു. അങ്ങനെയാണ് ആ പടം ഞാന്‍ ചെയ്യുന്നത്. അത് കഴിഞ്ഞ് ഞാന്‍ കോളേജില്‍ ജോയിന്‍ ചെയ്തു. ഡിഗ്രിയൊക്കെ കഴിഞ്ഞ് മാസ്റ്റേഴ്സ് പഠിക്കാനായി പുറത്ത് പോയി,’നിരഞ്ജ് പറഞ്ഞു.

ഡിയര്‍ വാപ്പിയാണ് ഒടുവില്‍ തിയേറ്ററുകളിലെത്തിയ നിരഞ്ജിന്റെ ചിത്രം. ഷാന്‍ തുളസി സംവിധാനം ചെയ്ത ചിത്രത്തില്‍ ലാല്‍, അനഘ നാരായണന്‍ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളായത്.

Content Highlight: niranj maniyanpilla raju about his car craze

We use cookies to give you the best possible experience. Learn more