കോട്ടയം: തട്ടിപ്പ് കേസില്‍ നിരണം പഞ്ചായത്ത് പ്രസിഡന്റ് അറസ്റ്റില്‍. കോട്ടയം ബിലീവേഴ്‌സ് കോളേജില്‍ സീറ്റ് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസിലാണ് പഞ്ചായത്ത് പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായ കെ.പി. പുന്നൂസിനെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
കോട്ടയം ഈസ്റ്റ് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിലായിരുന്നു പുന്നൂസ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വിജയിച്ചത്.
പുതുപ്പള്ളി സ്വദേശി കെ.ജെ ബെന്നിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
പത്തനംതിട്ടയില്‍ പ്രവര്‍ത്തിക്കുന്ന ബിലീവേഴ്‌സ് മെഡിക്കല്‍ കോളേജില്‍ എം.ബി.ബി.എസിന് സീറ്റ് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ബെന്നിയില്‍ നിന്നും പലതവണയായി 25ലക്ഷം രൂപ വാങ്ങുകയും വഞ്ചിക്കുകയും ചെയ്‌തെന്നാണ് പരാതി.
കഴിഞ്ഞ നവംബര്‍ 15ന് പുതുപ്പള്ളിയിലെ ഫെഡറല്‍ ബാങ്ക് വഴി മൂന്ന് തവണകളായി ബെന്നി പൂന്നൂസിന് പണം കൈമാറുകയായിരുന്നു. പിന്നീട് തട്ടിപ്പാണെന്ന് മനസിലാക്കിയതോടെ ബെന്നി പൊലീസിനെ സമീപിക്കുകയായിരുന്നു.
ഇയാളെ അമ്പലപ്പുഴയില്‍ വെച്ചാണ് പൊലീസ് ഇന്ന് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലില്‍ ഇയാള്‍ ഇത്തരത്തില്‍ മറ്റുള്ളവരില്‍ നിന്നും പണം വാങ്ങിയതായി കണ്ടെത്തി.
ഇതുമായി ബന്ധപ്പെട്ടുള്ള മറ്റ് തട്ടിപ്പുകളും അന്വേഷിക്കാനുള്ള നീക്കത്തിലാണ് പൊലീസ്. തട്ടിപ്പില്‍ എത്രപേര്‍ പെട്ടിട്ടുണ്ടെന്ന് പൊലീസ് പരിശോധിക്കും. ഇയാളുടെ പേരില്‍ മറ്റ് പരാതികള്‍ ഉണ്ടോയെന്നും പൊലീസ് അന്വേഷിക്കും.
Contenthighlight: Niranam punchayath president arrested for faud