| Saturday, 1st February 2020, 9:12 am

സാമ്പത്തിക മാന്ദ്യം, തൊഴിലില്ലായ്മ, വിലക്കയറ്റം, പണപ്പെരുപ്പം; നിര്‍മല സീതാരാമന്റെ ബജറ്റിലേക്ക് ഉറ്റുനോക്കി രാജ്യം

ഡൂള്‍ന്യൂസ് ഡെസ്‌ക്

രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കെ, 2020-21 സാമ്പത്തിക വര്‍ഷത്തേക്കുള്ള കേന്ദ്രസര്‍ക്കാരിന്റെ ബജറ്റ് അവതരണം ഇന്ന്. മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലേറിയ ശേഷമുള്ള രണ്ടാമത്തെ ബജറ്റാണിത്. സാമ്പത്തിക മാന്ദ്യവും വളര്‍ച്ചാ മുരടിപ്പും രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇതിനെ മറികടക്കാന്‍ സര്‍ക്കാര്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കും എന്നതിലേക്കാണ് രാജ്യം ഉറ്റുനോക്കുന്നത്.

വളര്‍ച്ചാ നിരക്ക് കഴിഞ്ഞ ആറുവര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇന്ത്യന്‍ സാമ്പത്തികാവസ്ഥയുടെ പരിതാപാവസ്ഥയില്‍ ഐ.എം.എഫ് ആശങ്ക പ്രകടിപ്പിച്ചിരുന്നു. നിക്ഷേപവും ഉപഭോഗവും വലിയ രീതിയില്‍ കുറഞ്ഞതും നികുതി വരുമാനം ഇടിഞ്ഞതുമാണ് രാജ്യത്തെ സമ്പദ് വ്യവസ്ഥയെ തകിടം മറിച്ചതെന്നാണ് ഐ.എം.എഫിന്റെ വാര്‍ഷിക റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

കൂടാതെ കഴിഞ്ഞ 40 മാസത്തെ ഏറ്റവും വലിയ വിലക്കയറ്റമാണ് രാജ്യം നേരിട്ടുകൊണ്ടിരിക്കുന്നതെന്ന റിപ്പോര്‍ട്ടുകള്‍ നവംബറില്‍ പുറത്തുവന്നിരുന്നു. പച്ചക്കറി, പാചക എണ്ണ തുടങ്ങിയവയിലും വിലക്കയറ്റം പ്രകടമാണ്. നാണയപ്പെരുപ്പം ഉയരുകയും അതേസമയം, സാമ്പത്തിക വളര്‍ച്ചകുറയുകയും ചെയ്യുന്ന അവസ്ഥ കടുത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.

കാര്‍ഷിക മേഖല മുതല്‍ ഉല്‍പാദന മേഖല വരെ എല്ലാ മേഖലകളും മാന്ദ്യത്തിന്റെ പിടിയിലാണ്. 2019ലെ ബജറ്റ് അവതരിപ്പിക്കുന്ന സമയത്ത്, ജി.ഡി.പിയില്‍ 12 ശതമാനത്തിന്റെ വളര്‍ച്ചയുണ്ടാകുമെന്നായിരുന്നു കേന്ദ്രത്തിന്റെ കണക്കുകൂട്ടല്‍. എന്നാല്‍ സംഭവിച്ചത് മറിച്ചായിരുന്നു. ജി.ഡി.പി വളര്‍ച്ചയില്‍ ഏഴ് ശതമാനത്തിലധികം കുറവുണ്ടായി.

സമ്പദ് വ്യവസ്ഥയുടെ തകര്‍ച്ച രാജ്യത്തെ തൊഴിലവസരങ്ങളെയും ഗുരുതരമായി ബാധിച്ചു. 2020ല്‍ 16 ലക്ഷം തൊഴിലവസരങ്ങള്‍ കുറയുമെന്നാണ് എസ്.ബി.ഐയുടെ പഠന റിപ്പോര്‍ട്ട്.

We use cookies to give you the best possible experience. Learn more