| Friday, 22nd January 2021, 7:54 am

ഷഫീക്ക് തലയിടിച്ച് വീഴുന്നത് കണ്ടു; ഉടന്‍ ചികിത്സ നല്‍കിയില്ല: നിപുണ്‍ ചെറിയാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: റിമാന്‍ഡ് പ്രതി വട്ടകപ്പാറ തൈപ്പറമ്പില്‍ ടി. എച്ച് ഷഫീക്ക് ചികിത്സക്കിടെ മരിച്ച സംഭവത്തില്‍ വഴിത്തിരിവ്. ഷഫീക്ക് തലയിടിച്ച് വീണത് താന്‍ കണ്ടുവെന്നും ചികിത്സ വൈകിയെന്നും വീ ഫോര്‍ കേരള കോര്‍ഡിനേറ്റര്‍ നിപുണ്‍ ചെറിയാന്‍. മനോരമ ന്യൂസിനോടായിരുന്നു ഇദ്ദേഹത്തിന്റെ പ്രതികരണം.

ജയിലില്‍ കഴിയുന്നതിനിടെ ജനുവരി 12ാം തിയ്യതി 14ാം നമ്പര്‍ സെല്ലിലെ അന്തേവാസിയായ ഷഫീക്ക് നിലത്ത് വീണത് തന്റെ കണ്‍മുന്നിലായിരുന്നു എന്നാണ് നിപുണ്‍ ചെറിയാന്‍ പറഞ്ഞത്.

ജനുവരി ആറാം തീയ്യതിയാണ് നിപുണ്‍ ചെറിയാന്‍വ വൈറ്റില മേല്‍പ്പാലം അനധികൃതമായി തുറന്ന് കൊടുത്തതുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്നത്.

മറ്റു അന്തേവാസികളുമായി സംസാരിച്ച് കൊണ്ടിരിക്കെ നേരെ എതിര്‍ വശത്തെ സെല്ലില്‍ നടക്കുകയായിരുന്ന ഷഫീക്ക് ഉച്ചത്തില്‍ ശബ്ദമുണ്ടാക്കി തലതല്ലി നിലത്തേക്ക് വീഴുകയായിരുന്നു. ശബ്ദം കേട്ട് അടുത്തെത്തിയ സഹതടവുകാര്‍ പ്രാഥമിക ശുശ്രൂഷ നല്‍കി.

എന്നാല്‍ ജയില്‍ അധികൃതര്‍ കയ്യില്‍ താക്കോല്‍ കൊടുക്കുന്നത് പോലെയുള്ള ചികിത്സകള്‍ക്കാണ് മുതിര്‍ന്നതെന്നും രക്തം വാര്‍ന്ന് കിടക്കുന്നത് കണ്ടിട്ടും ഉടന്‍ ആശുപത്രിയില്‍ കൊണ്ട് പോയില്ലെന്നും നിപുണ്‍ ചെറിയാന്‍ പറഞ്ഞു.

നില ഗുരുതരമായതോടെയാണ് ഷഫീക്കിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജനുവരി 13 ന് ഉച്ചതിരിഞ്ഞാണ് ഷഫീക്ക് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ച് മരിക്കുന്നത്. കാക്കനാട് ബോസ്റ്റല്‍ സ്‌കൂളില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്നു ഷഫീക്ക്.

ഷഫീക്കിന്റെ മരണം ക്രൈംബ്രാഞ്ചിന് വിടുമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇതിനിടെയാണ് വെളിപ്പെടുത്തലുമായി നിപുണ്‍ ചെറിയാന്‍ രംഗത്തെത്തിയത്.

തലയ്‌ക്കേറ്റ ക്ഷതം മൂലമുണ്ടായ ആന്തരിക രക്തസ്രാവമാണ് ഷഫീക്കിന്റെ മരണ കാരണമായതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Nipun Cheriyan claims that he found Remand convict Shafeeq fell hitting with his head

We use cookies to give you the best possible experience. Learn more