|

നിപയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച ജീവനക്കാരെ മെഡിക്കല്‍ കോളെജ് അധികൃതര്‍ ചര്‍ച്ചയ്ക്കു വിളിച്ചു; ജോലി സ്ഥിരപ്പെടുത്തുന്നത് രേഖാ മൂലം എഴുതി നല്‍കണമെന്ന് ജീവനക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ സമരം ചെയ്യുന്ന നിപ കാലത്ത് ജോലിയെടുത്ത ജീവനക്കാരെ പ്രിന്‍സിപ്പല്‍ ചര്‍ച്ചയ്ക്കു വിളിച്ചു. നിപയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച താല്‍ക്കാലിക ജീവനക്കാരെ നിലനിര്‍ത്തുമെന്ന് മന്ത്രി കെ.കെ ശൈലജ പറഞ്ഞതിന് പിന്നാലെയാണ് സമരക്കാരെ അധികൃതര്‍ ചര്‍ച്ചയ്ക്കു വിളിച്ചിരിക്കുന്നത്.

അതേസമയം, മന്ത്രി വാക്ക് തന്നത് പോലെ ജോലി സ്ഥിരപ്പെടുത്തണമെന്ന് സമരക്കാര്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു. “ജോലി നല്‍കാന്‍ സാങ്കേതിക തടസ്സങ്ങള്‍ ഉണ്ടെന്നും അതിന് വേണ്ടി കുറച്ചു സമയം വേണമെന്നും മന്ത്രി പറഞ്ഞതായി അറിഞ്ഞു.


അതിന് ആ സമയം ഞങ്ങള്‍ കൊടുക്കാം. പക്ഷേ ആ സമയത്തേയ്ക്ക് ഞങ്ങള്‍ക്ക് താല്‍ക്കാലികമായി ജോലി തരണം. ഇത്ര സമയത്തിനുള്ളില്‍ ജോലി സ്ഥിരപ്പെടുത്തുമെന്ന് രേഖാ മൂലം എഴുതിത്തരികയും വേണമെന്നും” സമരക്കാര്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

അതേസമയം, സമരം ചെയ്യുന്ന ജീവനക്കാരെ ഒരു ബ്രേക്ക് കൊടുത്ത് വീണ്ടും എടുത്ത് താല്‍ക്കാലികമായി തന്നെ അവിടെ നിര്‍ത്താനാണ് ശ്രമമെന്ന് മന്ത്രി കെ.കെ ശൈലജ പറഞ്ഞിരുന്നു. പിരിച്ചുവിട്ടതിനെതിരെ ജീവനക്കാര്‍ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം തുടരുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം.

നിപ വാര്‍ഡില്‍ പ്രവര്‍ത്തിച്ചവരേയും ഐസൊലേഷന്‍ വാര്‍ഡ് സെറ്റ് ചെയ്യാന്‍ സഹായിച്ചവരേയുമൊക്കെ ഈ രീതിയില്‍ നിലനിര്‍ത്താനാണ് ശ്രമിക്കുന്നത്. അതേസമയം താത്കാലിക ജീവനക്കാരായെടുത്ത മുഴുവന്‍ പേരേയും നിലനിര്‍ത്തുക എന്നത് പ്രായോഗികമല്ലെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

“നിപയുടെ കാലത്ത് ജോലി ചെയ്തവരെ മുഴുവന്‍ സ്ഥിരപ്പെടുത്തണമെന്ന ഒരു ധാരണ ആരോഗ്യ വകുപ്പ് കൊണ്ടുവന്നിരുന്നു. അതിനാവശ്യമായ ഫയല്‍ നീക്കമൊക്കെ ആരോഗ്യ വകുപ്പ് നടത്തുകയും ചെയ്തിരുന്നു. പക്ഷേ ഇപ്പോള്‍ താല്‍ക്കാലികമായി ജോലി ചെയ്തിരുന്നവരെ സ്ഥിരപ്പെടുത്തുന്നതിനെതിരായി ഒരു സുപ്രീം കോടതി വിധിയുണ്ട്. അതുകൊണ്ട് നിയമപരമായി ഇവരെ സ്ഥിരപ്പെടുത്താന്‍ നമുക്ക് സാധിച്ചില്ല.


നിപയുടെ കാലത്ത് ജോലി ചെയ്തിരുന്ന അവരെ നമ്മള്‍ ആദരിച്ചു. സ്വാഭാവികമായും ഒരു സ്ഥാപനമെന്ന നിലയില്‍ താത്കാലികമായ ഒരു ഘട്ടത്തില്‍ എടുത്ത മുഴുവന്‍ ആളുകളേയും അവിടെ ഉള്‍ക്കൊള്ളുക എന്നത് അസാധ്യമായ കാര്യമാണ്. എന്നിട്ടും നിപയുമായി ബന്ധപ്പെട്ട് ജോലി ചെയ്ത ആരെയും ഒഴിവാക്കരുത് എന്നാണ് ഞങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്. അവരെ സ്ഥിരപ്പെടുത്തുന്ന കാര്യത്തില്‍ നമുക്ക് ഒന്നുകൂടി പരിശ്രമിച്ചു നോക്കാം” കെ.കെ ശൈലജ പറഞ്ഞിരുന്നു.

ഒരു തവണ ക്യാബിനറ്റ് നോട്ട് വരെ ആക്കി കൊണ്ടുവന്നതാണ്. നിയമപരമായ കാരണങ്ങളാല്‍ സാധിച്ചില്ല. നമ്മള്‍ എത്ര ബുദ്ധിമുട്ട് സഹിച്ചാലും അവരെ ആരെയും ഒഴിവാക്കേണ്ട എന്ന നിര്‍ദ്ദേശം കൊടുത്തിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.