ന്യൂദല്‍ഹി: വവ്വാലുകളില്‍ നിപാ വൈറസ് സാന്നിധ്യം കണ്ടെത്തി. നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് വവ്വാലുകളില്‍നിന്ന് ശേഖരിച്ച 36 സാമ്പിളുകളില്‍ 12 എണ്ണത്തിലാണ് നിപ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്.
കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍ ലോക്സഭയെ അറിയിച്ചതാണ് ഇക്കാര്യം. അടൂര്‍ പ്രകാശ്, ഹൈബി ഈഡന്‍ എന്നിവര്‍ക്ക് നല്‍കിയ മറുപടിയിലാണ് ആരോഗ്യമന്ത്രിയുടെ പരാമര്‍ശം.
‘ജൂണ്‍ ആദ്യവാരമാണ് എറണാകുളം ജില്ലയില്‍നിന്ന് വൈറസ് ബാധ റിപ്പോര്‍ട്ടു ചെയ്തത്. ഇതിനു പിന്നാലെ നിപയുടെ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായി നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് വവ്വാലുകളില്‍നിന്ന് സാമ്പിള്‍ ശേഖരിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. തുടര്‍ന്ന് 36 സാമ്പിളുകള്‍ ശേഖരിച്ചവയിലാണ് 12 എണ്ണത്തില്‍ നിപ വൈറസ് സാന്നിധ്യം കണ്ടെത്തിയതെ’ന്ന് കേന്ദ്രമന്ത്രി പറഞ്ഞു.
നിപ രോഗം സ്ഥിരീകരിച്ച വിദ്യാര്‍ഥിയുടെ കോളേജിനും താമസ സ്ഥലത്തിനും സമീപത്തെ വവ്വാല്‍ ആവാസ കേന്ദ്രങ്ങളിലായിരുന്നു പരിശോധന നടത്തിയത്. പൂനെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ നിന്നും ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും വിദഗ്ധരെത്തിയായിരുന്നു പരിശോധന നടത്തിയത്.
2018 ല്‍ നിപ വൈറസ് ബാധയുണ്ടായ സമയത്ത് 52 വവ്വാലുകളില്‍നിന്ന് സാമ്പിള്‍ ശേഖരിച്ചിരുന്നു. ഇവയില്‍ പത്തെണ്ണത്തിലും വൈറസ് സാന്നിധ്യം കണ്ടെത്തിയതായും മന്ത്രി അറിയിച്ചു.
2001 ലും 2007 ലും പശ്ചിമ ബംഗാളിലും 2018 ലും 2019 ലും കേരളത്തിലുമാണ് നിപ വൈറസ് ബാധ കണ്ടെത്തിയത്. 2001 ല്‍ പശ്ചിമ ബംഗാളിലെ സിലിഗുരിയില്‍ 45 പേര്‍ നിപ്പ വൈറസ് ബാധിച്ചു മരിച്ചിരുന്നു. 2007 ല്‍ ബംഗാളിലെ നാദിയ ജില്ലയില്‍നിന്ന് അഞ്ച് മരണം റിപ്പോര്‍ട്ടു ചെയ്തു. 2018 ല്‍ കേരളത്തിലെ കോഴിക്കോട്, മലപ്പുറം ജില്ലകളില്‍നിന്നായി 19 കേസുകളും 17 മരണങ്ങളും റിപ്പോര്‍ട്ടു ചെയ്യപ്പെട്ടു. ഈ വര്‍ഷം കേരളത്തില്‍ നിന്ന് മരണങ്ങളൊന്നും റിപ്പോര്‍ട്ടു ചെയ്തിട്ടില്ലെന്നും ആരോഗ്യമന്ത്രി അറിയിച്ചു.