കോഴിക്കോട്: നിപാ വൈറസിന് പ്രതിരോധമരുന്നുണ്ടെന്ന ഹോമിയോ ഡോക്ടര്‍മാരുടെ വാദം സര്‍ക്കാര്‍ തള്ളി. ഇങ്ങനെ ഒരു മരുന്നുള്ള കാര്യം സര്‍ക്കാരിനെ ഹോമിയോ ഡോക്ടര്‍മാര്‍ അറിയിച്ചിട്ടില്ലെന്നും ഇത്തരം ഒരു പ്രതിരോധമരുന്നിനെ കുറിച്ച് മുമ്പ് കേട്ടിട്ടില്ലെന്നും ആരോഗ്യവകുപ്പ് സെക്രട്ടറി രാജീവ് സദാനന്ദന്‍ പറഞ്ഞു.
ഇനി മരുന്നുണ്ടെങ്കില്‍ തന്നെ പരിശോധിച്ചു നോക്കിയതിന് ശേഷമേ അത് നല്‍കാന്‍ സാധിക്കുകയുള്ളുവെന്നും രാജീവ് വ്യക്തമാക്കി. നിപാ വൈറസിനെതിരെ ഹോമിയോപതിയില്‍ മരുന്നുണ്ടെന്ന അവകാശവാദവുമായി ഹോമിയോ ഡോക്ടര്‍മാര്‍ രംഗത്തുവന്നിരുന്നു.
നിപാ വൈറസ് ബാധിച്ച രോഗികളെ ചികിത്സിക്കാന്‍ അനുവദിക്കണമെന്നും ഇന്ത്യന്‍ ഹോമിയോപതിക് മെഡിക്കല്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടിരുന്നു. അതേസമയം നിപാ വൈറസിന് വ്യാജ പ്രതിരോധ മരുന്ന് വിതരണം ചെയ്ത ഹോമിയോ ഡിസ്പന്‍സെറിയിലെ ഓഫിസ് അറ്റന്‍ഡറെ കഴിഞ്ഞ ദിവസം സസ്‌പെന്‍ഡ് ചെയ്തിരുന്നു. മെഡിക്കല്‍ ഓഫിസറുടെ റിപ്പോര്‍ട്ടിന്‍മേലാണ് സസ്പെന്‍ഷന്‍. മുക്കം മണാശ്ശേരി ഹോമിയോ ആശുപത്രിയില്‍ നിന്നായിരുന്നു മരുന്ന് വിതരണം ചെയ്തത്.
വെള്ളിയാഴ്ച്ചയാണ് മണാശ്ശേരിയിലെ ഹോമിയോ ആശുപത്രി ജീവനക്കാര്‍ ഡോക്ടറില്ലാത്ത സമയത്ത് മരുന്ന് വിതരണം ചെയ്തത്. പ്രദേശത്ത് ഒരാള്‍ നിപ ബാധിച്ച് മരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഹോമിയോ മരുന്ന് വിതരണം ചെയ്യുന്നെന്ന വാര്‍ത്ത പ്രദേശവാസികള്‍ അറിഞ്ഞത്. വിവരം അറിഞ്ഞവരില്‍ പലരും ഹോമിയോ ആശുപത്രിയിലെത്തുകയും മരുന്ന് വാങ്ങി കഴിക്കുകയുമായിരുന്നു.
മരുന്ന് കഴിച്ചവര്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് വിവരം പുറത്തറിഞ്ഞത്. മരുന്ന് കഴിച്ച 30ഓളം പേര്‍ക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. എന്നാല്‍ ഇത്തരത്തിലുള്ള ഒരു മരുന്നും വിതരണം ചെയ്യാന്‍ അനുമതി നല്‍കിയിട്ടില്ലെന്നായിരുന്നു ഹോമിയോ ഡി.എം.ഒ അറിയിച്ചത്. നിപ വൈറസിന് ഹോമിയോ മരുന്നില്ലെന്ന് ആരോഗ്യമന്ത്രിയടക്കം വ്യക്തമാക്കിയിരുന്നതാണ്.