| Monday, 6th September 2021, 3:17 pm

തമിഴ്‌നാട്ടില്‍ നിപ സ്ഥിരീകരിച്ചിട്ടില്ല; പുറത്തുവന്ന വാര്‍ത്ത തെറ്റായി ഉദ്ധരിച്ചത്; വാര്‍ത്തകള്‍ തള്ളി കോയമ്പത്തൂര്‍ ജില്ലാ കളക്ടര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോയമ്പത്തൂര്‍: തമിഴ്‌നാട്ടിലും നിപ വൈറസ് ബാധ സ്ഥിരീകരിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ തള്ളി കോയമ്പത്തൂര്‍ ജില്ലാ കളക്ടര്‍ ജി.എസ് സമീരന്‍. വാര്‍ത്താ എജന്‍സിയായ എ.എന്‍.ഐയുടെ റിപ്പോര്‍ട്ടാണ് കളക്ടര്‍ തള്ളിയത്.

നേരത്തെ കോയമ്പത്തൂര്‍ സ്വദേശിക്ക് നിപ വൈറസ് ബാധിച്ചതായി കളക്ടര്‍ പറഞ്ഞതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ കേരളത്തിലെ കോഴിക്കോട് ജില്ലയില്‍ നിപ വൈറസ് ബാധിച്ചിട്ടുണ്ടെന്നു. അതുകൊണ്ട് തന്നെ രോഗം പടരാതിരിക്കാന്‍ എല്ലാ തയ്യാറെടുപ്പുകളും സ്വീകരിച്ചതായിട്ടുമാണ് താന്‍ പറഞ്ഞതെന്നും ജില്ലാ കലക്ടര്‍ ജി.എസ് സമീരന്‍ പറഞ്ഞു.

നേരത്തെ എ.എന്‍.ഐയെ ഉദ്ധരിച്ച് അരമണിക്കൂര്‍ നേരം ഡൂള്‍ന്യൂസും ഈ വാര്‍ത്ത തെറ്റായി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

നേരത്തെ കേരളത്തില്‍ നിപ രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ തമിഴ്‌നാട്ടിലും പരിശോധന കര്‍ശനമാക്കിയിരുന്നു. കനത്ത പനിയുമായി വരുന്ന എല്ലാവരെയും നിപ ടെസ്റ്റിന് വിധേയമാക്കുമെന്ന് കോയമ്പത്തൂര്‍ ജില്ലാ കളക്ടര്‍ അറിയിച്ചു.

അതേസമയം കേരളത്തില്‍ രോഗം ബാധിച്ച് മരിച്ച പന്ത്രണ്ട് വയസുകാരനുമായി സമ്പര്‍ക്കത്തില്‍ വന്നവരില്‍ കൂടുതല്‍ പേരില്‍ നിപ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയതായി ആരോഗ്യവകുപ്പ് അറിയിച്ചു. കോഴിക്കോട് ചേര്‍ന്ന അവലോകന യോഗത്തിന് ശേഷമാണ് എട്ട് പേര്‍ക്ക് നിപ രോഗലക്ഷണങ്ങള്‍ കാണിച്ചതായി അറിയിച്ചത്.

251 പേരാണ് ആകെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളത്. ഇന്നലെ അത് 188 ആയിരുന്നു. ഇതില്‍ ഹൈ റിസ്‌ക് വിഭാഗത്തില്‍ 32 പേരാണ് ഉള്ളത്. നിലവില്‍ ഇവര്‍ ആശുപത്രിയിലാണ്.

ഇതില്‍ എട്ട് പേരുടെ പരിശോധനാഫലമാണ് ഇനി പൂനെയില്‍ നിന്ന് വരാനുള്ളത്. 12 മണിക്കൂറിനകം ഫലം എത്തുമെന്നാണ് അറിയുന്നത്.

കുട്ടിയുടെ അമ്മയ്ക്കും രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്കുമായിരുന്നു നേരത്തെ രോഗലക്ഷണമുണ്ടായിരുന്നത്. ഇന്ന് ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന അവലോകന യോഗത്തിന് ശേഷമാണ് പുതിയ പട്ടിക പുറത്തുവിട്ടത്.

ആറ് പേര്‍ കൂടി രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചുവെന്നാണ് അധികൃതകര്‍ അറിയിച്ചത്. നേരത്തെ പ്രാഥമിക പട്ടികയില്‍ ഉണ്ടായിരുന്ന 20 പേരെയായിരുന്നു ആശുപത്രിയിലേക്ക് മാറ്റിയത്. ഇപ്പോള്‍ 12 പേരെ കൂടി ആശുപത്രിയിലേക്ക് മാറ്റിയെന്നും അധികൃതര്‍ വ്യക്തമാക്കി.

നിലവില്‍ കൊവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നതിനാല്‍ രോഗ നിയന്ത്രണം സാധ്യമാണെന്നും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കൊവിഡ് ചികിത്സയെ ബാധിക്കാതിരിക്കാന്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തുമെന്നും മന്ത്രി വ്യക്തമാക്കി.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

NIPA not confirmed in Tamil Nadu; News quoted incorrectly; Coimbatore District Collector rejects news

We use cookies to give you the best possible experience. Learn more