| Saturday, 15th June 2019, 1:16 pm

വൈറസിലെ ഈ കഥാപാത്രങ്ങള്‍ സിനിമ കാണാന്‍ പോയിട്ടില്ല; അവര്‍ പറയുന്നത് മറ്റൊരു തിരക്കഥയാണ്

നിമിഷ ടോം

ആഷിഖ് അബു സംവിധാനം ചെയ്ത വൈറസ് സിനിമ മികച്ച പ്രതികരണങ്ങളുമായി മുന്നോട്ടു പോവുകയാണ്. ചിത്രത്തില്‍ ജോജു അവതരിപ്പിച്ച കഥാപാത്രം നമ്മുടെയെല്ലാം മനസ്സില്‍ തങ്ങിനില്‍ക്കുന്നുണ്ട്.

നിപാ കാലത്ത് ഭയത്തെ മാറ്റി വച്ച് ജോലിക്കിറങ്ങിപ്പുറപ്പെട്ട മെഡിക്കല്‍ കോളേജിലെ താത്കാലിക ജീവനക്കാരായ രജീഷിനെയും ശശിധരനെയുമാണ് ജോജു സിനിമയില്‍ അവതരിപ്പിച്ചത്. സാജന്‍ വി. നമ്പ്യാര്‍ പകര്‍ത്തിയ അവരുടെ ചിത്രമായിരുന്നു സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററായി പുറത്തിറങ്ങിയതും. എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തിലെ ഈ ഹീറോകള്‍ക്ക് പറയാനുള്ളത് ഒരു വഞ്ചനയുടെ കഥയാണ്.

അന്ന് ജീവന്‍ പണയം വച്ച് നിപ്പാ ഐസൊലേഷന്‍ വാര്‍ഡില്‍ ജോലിക്കെത്തിയ 47 താല്‍ക്കാലിക ജീവനക്കാരും ഇന്ന് ജോലിയില്ലാതെ കോഴിക്കോട് മെഡിക്കല്‍ കോളെജിന് മുന്നില്‍ സമരത്തിലാണ്. ഇവരുടെ ജോലി സ്ഥിരപ്പെടുത്താമെന്നായിരുന്നു സര്‍ക്കാര്‍ വാഗ്ദാനം.

എന്നാല്‍, 2018 ഡിസംബറില്‍ യാതൊരു മുന്നറിയിപ്പുമില്ലാതെ ഇവരെ പിരിച്ചുവിടുകയാണ് മെഡിക്കല്‍ കോളെജ് അധികാരികള്‍ ചെയ്തത്. നിപാ കാലത്ത് ജോലി ചെയ്തിരുന്നവരെ സ്ഥിരപ്പെടുത്താന്‍ സാങ്കേതിക തടസങ്ങളുണ്ടെന്നായിരുന്നു അതിന് നല്‍കിയ വിശദീകരണം. എന്നാല്‍, തങ്ങളെ പിരിച്ചുവിട്ടത് അനധികൃതമായിട്ടാണെന്ന് തൊഴിലാളികള്‍ പറയുന്നു.

ഇരില്‍ 29 പേരെ ജോലിയില്‍ സ്ഥിരപ്പെടുത്തിയെന്നാണ് ആരോഗ്യമന്ത്രി കെ.കെ ഷൈലജ നിയമസഭയില്‍ പറഞ്ഞത്. എന്നാല്‍ ഇത് തെറ്റാണെന്ന് തൊഴിലാളികള്‍ പറയുന്നു. അന്ന് ജോലി ചെയ്തവരില്‍ ആര്‍ക്കും നിയമനം ലഭിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞ 29 പേര്‍ ആരാണെന്ന് തങ്ങള്‍ക്കറിയില്ലെന്നും ഇവര്‍ വ്യക്തമാക്കുന്നു.

നിമിഷ ടോം