| Saturday, 15th June 2019, 6:31 pm

ദിവസവേതനാടിസ്ഥാനത്തില്‍ സ്ഥിര നിയമനം;ആനുകൂല്യങ്ങളൊന്നുമില്ല :നിപാ കാലത്തെ താല്‍ക്കാലിക ജീവനക്കാര്‍ നിരാഹാരമവസാനിപ്പിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: സ്ഥിര നിയമനം ആവശ്യപ്പെട്ട് കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ സമരത്തിലായിരുന്ന താല്‍ക്കാലിക ജീവനക്കാര്‍ നിരാഹാരമവസാനിപ്പിച്ചു. നിലവില്‍ ജോലിയില്ലാത്ത 35 പേര്‍ക്ക് നാഷണല്‍ ഹെല്‍ത്ത് മിഷന്റെ കീഴിലും സെപ്തംബര്‍ ഒന്ന് മുതല്‍ മെഡിക്കല്‍ കോളെജിലും ജോലിയില്‍ പ്രവേശിപ്പിക്കാം എന്ന തീരുമാനത്തിലാണ് നിരാഹാരം അവസാനിപ്പിച്ചത്.

നേരത്തെ ആരോഗ്യ മന്ത്രിയുടെ നിര്‍ദേശപ്രകാരം കോഴിക്കോട് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ സമരക്കാരുമായി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ചര്‍ച്ചയിലെ തീരുമാനങ്ങള്‍ അടങ്ങുന്ന എത്രമെന്റ് കയ്യില്‍ കിട്ടിയാല്‍ മാത്രമെ നിരാഹാരം അവസാനിപ്പിക്കൂവെന്നായിരുന്നു സമരക്കാരുടെ തീരുമാനം.

‘തിങ്കളാഴ്ച്ച മുതല്‍ നിലവില്‍ ജോലിയില്ലാത്ത 35 പേര്‍ക്ക് നാഷണല്‍ ഹെല്‍ത്ത് മിഷന്റെ കീഴില്‍ ജോലിയില്‍ പ്രവേശിക്കാം. ആഗസ്ത് 31 വരെയാണ് അവിടുത്തെ ജോലി കാലാവധി. അത് കഴിഞ്ഞ് സെപ്തംബര്‍ 1 മുതല്‍ മെഡിക്കല്‍ കോളെജില്‍ ജോലിയില്‍ നല്‍കാം. നേരിട്ടുള്ള നിയമനമായിരിക്കും നല്‍കുക. ദിവസ വേതനാടിസ്ഥാനത്തിലുള്ള സ്ഥിരം നിയമനമാണ് നല്‍കുക.എന്നാല്‍ ആനുകൂല്യങ്ങളൊന്നും ഉണ്ടാവില്ല. ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞ് കാര്യങ്ങള്‍ എഗ്രിമെന്റില്‍ ഉണ്ടെങ്കില്‍ മാത്രമേ നിരാഹാരം അവസാനിപ്പിക്കൂ. ഇല്ലെങ്കില്‍ നിരാഹാരം തുടരും.’ എന്ന് സമരത്തില്‍ പങ്കെടുത്ത് രജീഷ് ഡൂള്‍ ന്യൂസിനോട് പറഞ്ഞിരുന്നു.

നിപ കാലത്ത് മെഡിക്കല്‍ കോളെജില്‍ ജോലിചെയ്തിരുന്ന താത്കാലിക ജീവനക്കാര്‍ പിരിച്ചു വിടലിനെ തുടര്‍ന്ന് ജനുവരി നാലിന് സമരം ആരംഭിച്ചിരുന്നു. മെഡിക്കല്‍ കോളജിലെ ജീവനക്കാരെല്ലാം ഭീതി മൂലം മാറിനിന്നപ്പോള്‍ പ്രതിസന്ധിയിലായ ആരോഗ്യ മേഖലയെ പിടിച്ചു നിര്‍ത്തിയത് അന്ന് ജോലി ചെയ്യാന്‍ തയ്യാറായി മുന്നോട്ട് വന്ന ഈ ജീവനക്കാരാണ്. പിന്നീട് സ്ഥിര നിയമനം എന്ന തങ്ങളുടെ ആവശ്യം അംഗീകരിക്കുന്നതിനായി മെയ് 27 മുതല്‍ ഇവര്‍ വീണ്ടും അനിശ്ചിത കാല സമരം ആരംഭിക്കുകയായിരുന്നു.

We use cookies to give you the best possible experience. Learn more