കോഴിക്കോട്: കോഴിക്കോട് നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സര്‍ക്കാരിന്റെ ടെലി മെഡിസിന്‍ സംവിധാനമായ ഇ സഞ്ജീവനി സേവനങ്ങള്‍ ശക്തിപ്പെടുത്തിയതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. നിപ പ്രതിരോധവുമായി ബന്ധപ്പെട്ട് ഇ സഞ്ജീവനിയില്‍ പ്രത്യേക ഒ.പി.ഡി ആരംഭിച്ചു. നിപയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ദൂരീകരിക്കുന്നതിനും നിപയുടെ ലക്ഷണങ്ങള്‍ ഉള്ളവര്‍ക്ക് ആശുപത്രിയില്‍ പോകാതെ ഡോക്ടറുടെ സേവനം തേടാനും ഇതിലൂടെ സാധിക്കുന്നു. രാവിലെ എട്ട് മുതല്‍ വൈകുന്നേരം അഞ്ച് വരെയാണ് ഇ സഞ്ജീവനി നിപ ഒ.പി.ഡി സേവനം ലഭ്യമാകുക.
ആശുപത്രി സന്ദര്‍ശനം ഒഴിവാക്കി വീട്ടില്‍ ഇരുന്നുകൊണ്ടുതന്നെ ചികിത്സ തേടാന്‍ കഴിയുന്ന സംവിധാനമാണ് ഇ സഞ്ജീവനി പ്ലാറ്റ്ഫോമില്‍ ഒരുക്കിയിരിക്കുന്നത്. സാധാരണ ഒ.പിക്ക് പുറമേ എല്ലാ ദിവസവും സ്പെഷ്യാലിറ്റി ഡോക്ടര്‍മാരുടെ സേവനവും ഉറപ്പ് വരുത്തിയിട്ടുണ്ട്.
സ്‌പെഷ്യാലിറ്റി, സൂപ്പര്‍ സ്‌പെഷ്യാലിറ്റി സേവനങ്ങള്‍ ഉള്‍പ്പടെ 47 ഓളം വിവിധ ഒ.പി. സേവനങ്ങളാണ് നല്‍കുന്നത്. ഇതുകൂടാതെ ഇ സഞ്ജീവനി ടെലിമെഡിസിന്‍ പ്ലാറ്റ്ഫോമിലൂടെ ത്രിതല ഹബ്ബ് ആന്റ് സ്പോക്ക് സംവിധാനം വഴി ഡോക്ടര്‍ ടു ടോക്ടര്‍ സേവനവും ലഭ്യമാണെന്നും മന്ത്രി പറഞ്ഞു.
പൊതുജനങ്ങള്‍ക്ക് ഇതിലൂടെ മെഡിക്കല്‍ കോളേജുകളില്‍ പോകാതെ തന്നെ തൊട്ടടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നും എല്ലാ സൂപ്പര്‍ സ്‌പെഷ്യലിറ്റി സേവനങ്ങളും ലഭ്യമാക്കാന്‍ കഴിയുന്നു. ഗൃഹസന്ദര്‍ശനം നടത്തുന്ന പാലിയേറ്റീവ് കെയര്‍ സ്റ്റാഫ്, ആശവര്‍ക്കര്‍മാര്‍, സ്റ്റാഫ് നഴ്സുമാര്‍, ജെ.എച്ച്.ഐ, ജെ.പി.എച്ച്.എന്‍. എന്നിവര്‍ക്കും ഇ സഞ്ജീവനി വഴി ഡോക്ടര്‍മാരുടെ സേവനം തേടാവുന്നതാണ്. ഇതിലൂടെയെല്ലാം സമയവും യാത്രാചെലവുമെല്ലാം ലാഭിക്കാവുന്നതാണ്.
എങ്ങനെ വീട്ടിലിരുന്ന് ഡോക്ടറെ കാണാം?
ആദ്യമായി https://esanjeevaniopd.in/kerala എന്ന ഓണ്‍ലൈന്‍ സൈറ്റ് സന്ദര്‍ശിക്കുകയോ അല്ലെങ്കില്‍ ഇ-സഞ്ജീവനി ആപ്ലിക്കേഷന്‍ https://play.google.com/store/apps/details… മൊബൈലില്‍ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കുകയോ ചെയ്യാവുന്നതാണ്.
ഇന്റര്‍നെറ്റ് സൗകര്യമുള്ള മൊബൈലാ, ലാപ്‌ടോപോ അല്ലെങ്കില്‍ ടാബോ ഉണ്ടെങ്കില്‍ https://esanjeevani.mohfw.gov.in എന്ന വെബ്സൈറ്റില്‍ പ്രവേശിക്കാം.
Patient എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്ത ശേഷം പ്രസ്തുത വ്യക്തികള്‍ ഉപയോഗിക്കുന്ന ആക്ടീവായ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ചു രജിസ്റ്റര്‍ ചെയ്യുക. തുടര്‍ന്ന് ലഭിക്കുന്ന ഒടിപി നമ്പര്‍ ഉപയോഗിച്ചു ലോഗിന്‍ ചെയ്യുക. അതിനു ശേഷം consult now എന്ന ഐക്കണ്‍ ക്ലിക്ക് ചെയ്ത ശേഷം chief complaints എന്ന ഓപ്ഷനില്‍ നിങ്ങളുടെ പ്രധാനപ്പെട്ട രോഗ ലക്ഷണങ്ങള്‍ രേഖപ്പെടുത്തുക.
അതിനു ശേഷം സേവ് ആന്‍ഡ് നെക്സ്റ്റ് എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്യുകയും നിങ്ങള്‍ രേഖപ്പെടുത്തിയ രോഗ ലക്ഷണവുമായി ബന്ധപ്പെട്ട തുടര്‍ ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരങ്ങള്‍ നല്‍കുകയും ചെയ്യുക. തുടര്‍ന്ന് വലതു വശത്തെ arrow mark ല്‍ ക്ലിക്ക് ചെയ്ത ശേഷം query option നിര്‍ബന്ധമായും ഫില്‍ ചെയ്യുക.
അടുത്തതായി വരുന്ന Within state only എന്ന ഓപ്ഷന്‍ കൊടുക്കുകയും OPD സെലക്ട് ചെയ്യുകയും ചെയ്യുക. തുടര്‍ന്ന് ഡോക്ടറിനെ സെലക്ട് ചെയ്ത് കാള്‍ ചെയ്ത ശേഷം രോഗ വിവരങ്ങള്‍ പറഞ്ഞ് കണ്‍സള്‍ട്ടേഷന്‍ പൂര്‍ത്തിയാക്കാം. ഒ.പി കണ്‍സള്‍ട്ടേഷന്‍ പൂര്‍ത്തിയാക്കിയ ശേഷം ഡോക്ടറുടെ കുറിപ്പടി ഡൗണ്‍ലോഡ് ചെയ്ത് തൊട്ടടുത്ത ആരോഗ്യ സ്ഥാപനങ്ങളില്‍ നിന്നും നിര്‍ദേശിച്ചിട്ടുള്ള മരുന്നുകള്‍ വാങ്ങാവുന്നതാണ്.
Content Highlight: Nipah virus vigilance; Telemedicine system e Sanjeevani services strengthened