നിപ്പാം വൈറസ് പ്രതിരോധിക്കാന്‍ ഏഴ് മാര്‍ഗ്ഗങ്ങള്‍
Health
നിപ്പാം വൈറസ് പ്രതിരോധിക്കാന്‍ ഏഴ് മാര്‍ഗ്ഗങ്ങള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 20th May 2018, 3:57 pm

കോഴിക്കോട് : കോഴിക്കോട് പരക്കുന്ന പനി ഏത് തരം വൈറസ് ആണെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. സംശയം നീളുന്നത് നിപ്പാം വൈറസിലേക്കാണെങ്കിലും, നാളെ മാത്രമേ അന്തിമ ഫലം പുറത്ത് വരൂ. എങ്കിലും നിപ്പാം വൈറസിനെതിരെ മുന്‍ കരുതല്‍ എടുക്കാന്‍ നിര്‍ദ്ദേശിക്കുകയാണ് വിദഗ്ദര്‍. ഈ വൈറസ് ബാധിച്ചതിനു ശേഷമുള്ള ചികിത്സ വേണ്ടത്ര ഫലപ്രദമല്ലാത്തതിനാല്‍, രോഗബാധയ്ക്ക് മുന്നേയുള്ള പ്രതിരോധമാണ് ഏക പോംവഴി.

പ്രതിരോധ നടപടികളായി അവലംബിക്കാവുന്ന കാര്യങ്ങളുടെ ലിസ്റ്റ് ഡോ.ജിനേഷ് പി.എസ്, ഡോ. അരുണ്‍ മംഗലത്ത്, ഡോ. അഞ്ചിത്ത് ഉണ്ണി, ഡോ. അബ്ദുള്‍ ലത്തീഫ് ടി.കെ എന്നിവര്‍ ചേര്‍ന്ന തയ്യാറാക്കിയിട്ടുണ്ട്.

• വൈറസ് ബാധയുള്ള വവ്വാലുകളില്‍ നിന്നും രോഗം പകരാതിരിക്കാന്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍

വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ഠം മനുഷ്യശരീരത്തില്‍ ഉള്ളിലെത്തിയാല്‍ അസുഖം ഉണ്ടാകാം. അങ്ങനെയുള്ള സാഹചര്യങ്ങളെല്ലാം ഒഴിവാക്കുക. ഉദാഹരണമായി വവ്വാലുകള്‍ ധാരാളമുള്ള സ്ഥലങ്ങളില്‍ നിന്നും തുറന്ന കലങ്ങളില്‍ ശേഖരിക്കുന്ന കള്ള് ഒഴിവാക്കുക.
വവ്വാലുകള്‍ കടിച്ച ചാമ്പങ്ങ, പേരയ്ക്ക, മാങ്ങ പോലുള്ള കായ്ഫലങ്ങള്‍ ഒഴിവാക്കുക.

രോഗം ബാധിച്ച വ്യക്തിയില്‍ നിന്നും രോഗം പകരാതിരിക്കാന്‍ വേണ്ടി എടുക്കേണ്ട മുന്‍കരുതലുകള്‍

രോഗിയുമായി സമ്പര്‍ക്കം ഉണ്ടായതിനു ശേഷം കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകുക.
രോഗിയുമായി ഒരു മീറ്റര്‍ എങ്കിലും ദൂരം പാലിക്കുകയും, രോഗി കിടക്കുന്ന സ്ഥലത്തു നിന്നും അകലം പാലിക്കുകയും ചെയ്യുക.രോഗിയുടെ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കുള്ള സാമഗ്രികള്‍ പ്രത്യേകം സൂക്ഷിക്കുകയും ഉപയോഗിക്കുകയും ചെയ്യുക.വസ്ത്രങ്ങളും മറ്റും പ്രത്യേകം കഴുകുകയും ഉണക്കുകയും ചെയ്യുക.

• രോഗം പടരാതിരിക്കാന്‍ വേണ്ടി ആശുപത്രികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

രോഗലക്ഷണങ്ങളുമായി വരുന്ന എല്ലാ രോഗികളെയും isolation ward-ല്‍ പ്രവേശിപ്പിക്കുക.
രോഗമുണ്ടെന്ന് സംശയിക്കുന്ന ആളുകളോട് സംസാരിക്കുമ്പോളും, പരിശോധിക്കുമ്പോളും, മറ്റു ഇടപഴകലുകള്‍ നടത്തുമ്പോളും കയ്യുറകളും, മാസ്‌കും ധരിക്കുക. സാംക്രമിക രോഗങ്ങളില്‍ എടുക്കുന്ന എല്ലാ മുന്‍കരുതലുകളും ഇത്തരം രോഗികളിലും എടുക്കുക. രോഗമുണ്ടെന്നു സംശയിക്കുന്ന രോഗി അഡ്മിറ്റ് ആയാല്‍ അധികൃതരെ വിവരം അറിയിക്കുക.

• നിഷ്‌കര്‍ഷ പുലര്‍ത്തേണ്ട സുരക്ഷാ രീതികള്‍

കൈ കഴുകുക / കൈ ശുചിയാക്കുന്ന alcohol ഉള്ള hand rubകള്‍ ഉപയോഗിക്കുക.
രോഗി, രോഗ ചികില്‍സക്കു പയോഗിച്ച ഉപകരണങ്ങള്‍, രോഗിയുടെ വസ്ത്രം, വിരി മുതലായവയെല്ലാം സുരക്ഷിതമായി മാത്രം കൈകാര്യം ചെയ്യുക.

നിപ്പാ രോഗികളെ മറ്റു രോഗികളുമായുള്ള ഇടപെഴുകല്‍ തീര്‍ത്തും ഒഴിവാക്കി വേര്‍തിരിച്ച വാര്‍ഡുകളിലേക്ക് മാറ്റുക. ഇത്തരം വാര്‍ഡുകളില്‍ ആരോഗ്യരക്ഷാ പ്രവര്‍ത്തകരുടെ എണ്ണം പരിമിതപ്പെടുത്തുക.രണ്ട് രോഗികളുടെ കട്ടിലിനിടയില്‍ ഒരു മീറ്റര്‍ അകലമെങ്കിലും ഉറപ്പാക്കുക.
രോഗികളെ അല്ലെങ്കില്‍ രോഗമുണ്ടെന്ന് സംശയിക്കുന്നവരെ ശുശ്രൂഷിക്കുമ്പോള്‍ പകരാതിരിക്കാനുള്ള മുന്‍ കരുതലുകള്‍ സ്വീകരിക്കേണ്ടത് പരമപ്രധാനമാണ്.

• സ്വയം രക്ഷാ സജ്ജീകരണങ്ങളുടെ ഉപയോഗം

മാസ്‌ക്, കൈയുറ (ഗ്ലൗസ് ), ഗൗണ്‍ എന്നിവയൊക്കെ രോഗിയുമായി ഇടപഴകുമ്പോള്‍ ഉടനീളം ഉപയോഗികേണ്ടതാണ്. തീര്‍ത്തും സൂക്ഷ്മമായ വായുവിലെ കണങ്ങളില്‍ 95 ശതമാനവും ശ്വസിക്കുന്നത് തടയാന്‍ കഴിയുന്ന N 95 മാസ്‌കുകള്‍ രക്തവും സ്രവങ്ങളും ടെസ്റ്റിനായെടുക്കുമ്പോഴും ട്യൂബ് ഇടുന്നത് പോലുള്ള ഇടപെടല്‍ വേളയിലും നിഷ്‌കര്‍ഷിക്കേണ്ടതാണ്.

കൈകള്‍ സോപ്പുപയോഗിച്ച് 20 സെക്കന്റെങ്കിലും വൃത്തിയായ് കഴുകുക.

അണുനാശികാരികളായ Chlorhexidine അല്ലെങ്കില്‍ alcohol അടങ്ങിയ ഹസ്ത ശുചീകരണ ദ്രാവകങ്ങള്‍ (Hand sanitizer, ഉദാ:- Savlon) കൊണ്ട് ശുശ്രൂഷയ്ക് ശേഷം കൈ കഴുകാവുന്നതാണ്.

ശുശ്രൂഷയ്ക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ പരമാവധി ഡിസ്‌പോസബിള്‍ ആവുന്നതാണ് ഉത്തമം. പുനരുപയോഗം അനിവാര്യമെങ്കില്‍ ശരിയായ രീതിയില്‍ അണു നശീകരണത്തിന് ശേഷം മാത്രമെന്ന് ഉറപ്പ് വരുത്തണം. ഓട്ടോക്ലേവ് ചെയ്യുക, 2% ഗ്ലൂട്ടറാല്‍ഡിഹൈഡ് ഉപയോഗിക്കുക എന്നിവയാണ് അണു നശീകരണത്തിന് ഉപയോഗിക്കേണ്ടത്.

• രോഗം വന്നു മരണമടഞ്ഞ ആളില്‍ നിന്നും രോഗം പടരാതിരിക്കാന്‍ എടുക്കേണ്ട മുന്‍കരുതലുകള്‍

മൃതദേഹം കൊണ്ടുപോകുന്ന സമയത്ത് മുഖവുമായും, ശാരീരികസ്രവങ്ങളുമായും സമ്പര്‍ക്കം ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കുക. മുഖത്തു ചുംബിക്കുക, കവിളില്‍ തൊടുക എന്നിങ്ങനെയുള്ള സ്‌നേഹപ്രകടനങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലത്. മൃതദേഹത്തെ കുളിപ്പിക്കുന്ന സമയത്ത് മുഖം മറക്കുക.

മൃതദേഹത്തെ കുളിപ്പിച്ചതിനു ശേഷം കുളിപ്പിച്ച വ്യക്തികള്‍ ദേഹം മുഴുവന്‍ സോപ്പ് തേച്ച് കുളിക്കേണ്ടതാണ്. മരണപ്പെട്ട വ്യക്തി ഉപയോഗിച്ചിരുന്ന വസ്ത്രങ്ങള്‍, പാത്രങ്ങള്‍ തുടങ്ങിയ വീണ്ടും ഉപയോഗിക്കാവുന്ന സാധനങ്ങള്‍ സോപ്പോ detergent ഓ ഉപയോഗിച്ചു കഴുകേണ്ടതാണ്.കിടക്ക, തലയിണ എന്നിവ പോലെയുള്ളവ സൂര്യപ്രകാശത്തില്‍ കുറച്ചധികം ദിവസം ഉണക്കേണ്ടതാണ്.

• ആരോഗ്യവകുപ്പ് ഈ വിഷയത്തില്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ ശ്രദ്ധിക്കുകയും പാലിക്കുകയും ചെയ്യുക.

കടപ്പാട്: ഇന്‍ഫോക്ലിനിക്ക്