| Sunday, 17th September 2023, 4:09 pm

ഇന്ത്യയില്‍ ഒമ്പത് സംസ്ഥാനങ്ങളില്‍ വവ്വാലുകളില്‍ നിപ വൈറസ് സാന്നിധ്യം; സര്‍വേ റിപ്പോര്‍ട്ട് പുറത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യത്തെ ഒമ്പത് സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തും വവ്വാലുകളില്‍ നിപ വൈറസ് സാന്നിധ്യമെന്ന് പൂനെ ഐ.സി.എം.ആറിന്റെ സര്‍വേ റിപ്പോര്‍ട്ട്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എപ്പിഡമോളജി ആന്‍ഡ് കമ്മ്യൂണിക്കബിള്‍ ഡിസീസസ് വിഭാഗം മുന്‍ മേധാവി ഡോ. രാമന്‍ ഗംഗാഖേദ്കര്‍ ആണ് ഒരു ദേശീയ മാധ്യമത്തിനോട് ഇക്കാര്യം വെളിപ്പെടുത്തിയത്.

ജൂലൈയില്‍ 14 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലും സര്‍വേ പൂര്‍ത്തിയായി. കേരളത്തിന് പുറമെ തമിഴ്നാട്, കര്‍ണാടക, ഗോവ, മഹാരാഷ്ട്ര, ബിഹാര്‍, പശ്ചിമ ബംഗാള്‍, അസം, മേഘാലയ, പുതുച്ചേരി എന്നിവിടങ്ങളിലും നിപ വൈറസ് ആന്റിബോഡികള്‍ കണ്ടെത്തി.

അതിനാല് മറ്റ് സംസ്ഥാനങ്ങളിലും ചെറിയ രീതിയില് നിപ വൈറസ് ബാധ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും ഇതുവരെ കേസൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അറിയിച്ചു. അതേസമയം, നിപ വൈറസ് കണ്ടെത്തിയ സംസ്ഥാനങ്ങളില്‍ നിരീക്ഷണ സംവിധാനങ്ങള്‍ ശക്തമാക്കേണ്ടതുണ്ടെന്ന് ഡോ. രാമന്‍ ഗംഗാഖേദ്കര്‍ പറഞ്ഞു.

നിലവില്‍ കേരളത്തില്‍ ആളുകളെ ബാധിച്ചിരിക്കുന്ന നിപ വൈറസ് മുമ്പ് ബംഗ്ലാദേശില്‍ റിപ്പോര്‍ട്ട് ചെയ്ത വൈറസ് വകഭേദമാണെന്നാണ് സംസ്ഥാന ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞത്. മലേഷ്യയില്‍ കണ്ടെത്തിയ വകഭേദത്തെ അപേക്ഷിച്ച് മരണനിരക്ക് കൂടുതലാണ് ഈ വൈറസ് വകഭേദം ബാധിച്ചവരില്‍.

രോഗം സ്ഥിരീകരിച്ച ആദ്യ വ്യക്തിയെ (ഇന്‍ഡക്‌സ് രോഗി) കണ്ടെത്തുക, വൈറസിന്റെ ഉറവിടം കണ്ടെത്തുക, ആദ്യ രോഗിയുമായി സമ്പര്‍ക്കത്തിലുള്ളവരെ കണ്ടെത്തുക എന്നിവയാണ് പ്രധാനം. 2018ല്‍ കേരളത്തില്‍ നിപ ബാധ ഉണ്ടായപ്പോള്‍ ഇന്‍ഡക്‌സ് രോഗി വവ്വാലുമായി നേരിട്ട് കോണ്‍ടാക്ടില്‍ വന്നതായി കണ്ടെത്തിയിരുന്നു.

2018ലും 2019ലും മേയ് മാസത്തിലാണ് കേരളത്തില്‍ നിപബാധ റിപ്പോര്‍ട്ട് ചെയ്തത്. വവ്വാലുകള്‍ മാങ്ങ തിന്നാന്‍ വരുന്ന സമയമാണിത്. പഴങ്ങള്‍ കഴുകി വൃത്തിയാക്കിയ ശേഷം ഉപയോഗിക്കണമെന്നും വവ്വാലുകള്‍ കടിച്ച പഴങ്ങള്‍ കഴിക്കരുതെന്നും നിര്‍ദേശമുണ്ടായിരുന്നു.

കേരളത്തില്‍ 2021 സെപ്റ്റംബറില്‍ വീണ്ടും നിപ വൈറസ് പടര്‍ന്നു. എന്നാല്‍ കൊവിഡ് കാലത്ത് ക്വാറന്റൈനിലും ഐസൊലേഷനിലും പരിശീലിച്ച മുന്‍കരുതലുകളും മാസ്‌ക് ധരിച്ചതുമെല്ലാം നിപയെ നേരിടാന്‍ സഹായിച്ചു. കേരളത്തില്‍ ഇത്തരത്തിലുള്ള വൈറസ് ബാധ നേരിടാന്‍ എണ്ണയിട്ട ആരോഗ്യസംവിധാനമാണ് കേരളത്തിലുള്ളതെന്ന് ഡോ. രാമന്‍ ഗംഗാഖേദ്കര്‍ പറഞ്ഞു.

Content Highlights: Nipah virus presence in bats in nine states of India

We use cookies to give you the best possible experience. Learn more