കോഴിക്കോട്: നിപ വൈറസ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. പേരാമ്പ്ര ചങ്ങരോത്ത് സ്വദേശി മൂസയാണ് മരിച്ചത്. കോഴിക്കോട് ബേബി മെമ്മോറിയില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
നിപ വൈറസ് പനി മൂലം മരിച്ച സാബിത്തിന്റേയും സ്വാലിഹിന്റേയും പിതാവാണ് മൂസ. സാബിത്തിനേയും സ്വാലിഹിനേയും പരിചരിച്ച മൂസയുടെ അനുജന്റെ ഭാര്യ മറിയം നേരത്തെ മരണപ്പെട്ടിരുന്നു.
അതിനിടെ നിപ വൈറസ് ബാധിച്ച് മരണപ്പെട്ടവരുടെ മൃതദേഹം സംസ്‌ക്കരിക്കാന്‍ വിസ്സമതിച്ചവര്‍ക്കെതിരെ കോഴിക്കോട് നടക്കാവ് പൊലീസ് കേസെടുത്തു. മാവൂര്‍ റോഡ് വൈദ്യുതി ശ്മശാനത്തിലെ രണ്ട് ജീവനക്കാര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഔദ്യോഗിക നടപടികള്‍ തടസ്സപ്പെടുത്തുക, മൃതദേഹത്തോട് അനാദരവ് കാട്ടുക എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്.
അതേസമയം മലപ്പുറം, കോഴിക്കോട് ജില്ലകളെ ഭീതിയിലാഴ്ത്തിയ നിപ വൈറസ് ബാധയേറ്റ ഇടങ്ങളില്‍ ഇന്ന് ദേശീയ ദുരന്ത നിവാരണ സേന സന്ദര്‍ശനം നടത്തും. മലപ്പുറത്താണ് ആദ്യം സന്ദര്‍ശിക്കുക. കേന്ദ്ര സംഘം സ്ഥിതിഗതികള്‍ വിലയിരുത്തും.
പൂനയില്‍ നിന്നുള്ള മൃഗസംരക്ഷണ പ്രവര്‍ത്തകരും ഇന്ന് സംസ്ഥാനത്തെത്തും. ബ്ലോക്ക് തലത്തിലേക്ക് ഇവരുടെ സേവനങ്ങള്‍ കൂടി ലഭ്യമാക്കുമെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ അറിയിച്ചു.
പ്രദേശത്തുള്ളവര്‍ വൈറസിനെതിരെ ജാഗ്രത പുലര്‍ത്തണമെന്നും ദീര്‍ഘദൂര യാത്രകള്‍ ഒഴിവാക്കണമെന്നും ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചു. വൈറസ് ബാധ നിയന്ത്രണവിധേയമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
രോഗബാധ സംശയിച്ച് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന 17 പേരില്‍ ഒന്‍പത് പേര്‍ ഇന്നലെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജായത് നേരിയ ആശ്വാസം നല്‍കുന്നുണ്ട്.
അതേസമയം, കേരളത്തിലേക്ക് യാത്ര ചെയ്യുന്നത് സുരക്ഷിതമാണെന്നും എന്നാല്‍ മലബാര്‍ ജില്ലകളിലേക്കുള്ള യാത്രകളില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും യാത്രകള്‍ ഒഴിവാക്കാവുന്നതാണെന്നും സംസ്ഥാന ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ചു