| Wednesday, 5th December 2018, 5:10 pm

പുതുതായി ഒരിടത്തു പോലും നിപ വൈറസ് കണ്ടെത്തിയിട്ടില്ല; വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് ശൈലജ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: സംസ്ഥാനത്ത് പുതുതായി ഒരിടത്തുപോലും നിപ വൈറസ് സാന്നിധ്യം കണ്ടെത്തിയിട്ടില്ലെന്ന് മന്ത്രി കെ.കെ ശൈലജ. നിപ വൈറസിനെപ്പറ്റി വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നെന്നും മന്ത്രി ഫേസ്ബുക്കിലിട്ട കുറിപ്പില്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം നിപ വൈറസ് ഉണ്ടായ സ്ഥിതിക്കാണ് ആരോഗ്യ വകുപ്പ് മുന്‍ കരുതലുകള്‍ എടുത്തതെന്നും പാലക്കാട് ആശുപത്രിയില്‍ നിപ വൈറസ് കണ്ടെത്തിയെന്നും മറ്റുമുള്ള പ്രചരണം തികച്ചും അടിസ്ഥാന രഹിതമാണെന്നും മന്ത്രി പറഞ്ഞു.

Read Also : Video: മന്ത്രി എ.സി മൊയ്തീന്‍ പങ്കെടുത്ത വേദിയില്‍ നാമജപവുമായി സ്ത്രീകള്‍; പ്രതിഷേധക്കാരെ കൂക്കിവിളിച്ച് ഇറക്കിവിട്ട് സദസിലുള്ള മറ്റ് സ്ത്രീകള്‍

“ആളുകളെ ഭയപ്പെടുത്തുന്ന പ്രവണതകളില്‍ നിന്നും പിന്‍മാറണം. ആരോഗ്യ വകുപ്പ് ഔദ്യോഗികമായി നല്‍കുന്ന വിവരങ്ങള്‍ മാത്രം സ്വീകരിക്കുക. വ്യാജ പ്രചരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്”. ശൈലജ കൂട്ടിച്ചേര്‍ത്തു.

ഡിസംബര്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ വൈറസ് പടരാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ജാഗ്രത നിര്‍ദേശം നല്‍കിയിരുന്നു.

പഴങ്ങളും പച്ചക്കറികളും കഴിക്കുമ്പോള്‍ ജാഗ്രത പാലിക്കണം. മെഡിക്കല്‍ കോളജുകളില്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ അടക്കമുള്ളവ സജ്ജീകരിക്കണം. അസ്വാഭാവിക മരണങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കണം. ആശുപത്രി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണമെന്നും ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍ നല്‍കിയ നിര്‍ദേശത്തില്‍ പറഞ്ഞിരുന്നു.

കഴിഞ്ഞ മേയിലുണ്ടായ നിപ ബാധയില്‍ കോഴിക്കോട്, മലപ്പുറം ജില്ലകളിലായി 18 പേര്‍ക്ക് രോഗം ബാധിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്. ഇതില്‍ 16 പേര്‍ മരിച്ചു. എന്നാല്‍ ബ്രിട്ടീഷ് മെഡിക്കല്‍ ജേണലില്‍ 23 പേര്‍ക്ക് രോഗം ബാധിച്ചതായുള്ള വെളിപ്പെടുത്തല്‍ വിവാദമായിരുന്നു.

We use cookies to give you the best possible experience. Learn more