കോഴിക്കോട്: നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. 251 പേരാണ് സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഇവരില്‍ 121 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്.
നിപ രോഗലക്ഷണങ്ങളോടെ 11 പേരെ ഐസൊലേറ്റ് ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 11 പേരുടേയും ആരോഗ്യനില തൃപ്തികരമാണ്.
ഇവരില്‍ 8 പേരുടെ സാംപിളുകള്‍ പരിശോധനക്കായി അയച്ചിട്ടുണ്ട്. ഇവരുടെ ഫലം തിങ്കളാഴ്ച രാത്രിയോടെ വരും.
ബാക്കി മൂന്ന് പേരുടെ സാംപിളുകള്‍ തിങ്കളാഴ്ച തന്നെ അയയ്ക്കും.
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സാംപിളുകള്‍ പരിശോധിക്കാനുള്ള ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രത വേണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
നിപ ബാധിച്ച് മരിച്ച കുട്ടിയുടെ വീടിനടുത്ത് റമ്പൂട്ടാന്‍ മരങ്ങളുണ്ടെന്നും ഇവയില്‍ വവ്വാലുകള്‍ വരാറുണ്ടെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. പാതി കടിച്ച റമ്പൂട്ടാന്‍ കായകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
ചാത്തമംഗലം സ്വദേശിയായ ഏഴാം ക്ലാസുകാരന്‍ നിപ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ച് തുടങ്ങിയത് പത്ത് ദിവസം മുന്‍പാണ്. രോഗം ഔദ്യോഗികമായി സ്ഥിരീകരിച്ച കഴിഞ്ഞ ദിവസം നില ഗുരുതരമായി മണിക്കൂറുകള്‍ക്കകം മരണപ്പെടുകയായിരുന്നു.