കോഴിക്കോട്: നിപാ വൈറസ് കൂടുതല്‍ ആളുകളിലേക്ക് പടരുന്നത് തടയാന്‍ സാധിച്ചിട്ടുണ്ടെന്നും ആളുകള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും ആരോഗ്യമന്ത്രി കെ.കെ ശൈലജ.
ഇതുവരെ പരിശോധന നടത്തിയതില്‍ 18 പോസിറ്റീവ് കേസാണ് ഉള്ളത്. ഇതില്‍ 16 പേര്‍ മരണപ്പെട്ടിട്ടുണ്ട്. രണ്ട് പേര്‍ സുഖം പ്രാപിച്ചുവരുന്നതായും ആരോഗ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ആശുപത്രിയില്‍ ഉള്ളവര്‍ സുഖപ്പെട്ടുവരുന്നുണ്ട്. പോസിറ്റീവ് ആയ ഇവരുടെ രക്തപരിശോധന ഫലം നെഗറ്റീവ് ആയിട്ടുണ്ട്. 193 രക്തസാമ്പിളുകള്‍ ടെസ്റ്റ് ചെയ്തതില്‍ 175 ഉം നെഗറ്റീവ് ആണ്.
2000 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തില്‍ ഉള്ളത്. അവസാനം മരണപ്പെട്ടവരുമായി ബന്ധപ്പെട്ടവരുടെ പട്ടിക കൂടി എടുക്കുന്നതോടെ ഇത് ഇനിയും കൂടും.
17 ാം തിയതിക്ക് ശേഷം മരണപ്പെട്ടവരുടെ കോണ്ടാക്ട് ലിസ്റ്റ് എടുക്കണം. രോഗികള്‍ പ്രവേശിച്ചിരുന്നു എന്ന് പറയുന്ന ആശുപത്രികള്‍ നിരീക്ഷണത്തിലാണ്. കോഴിക്കോട്, മലപ്പുറം ജില്ലയില്‍ പ്രത്യേക ശ്രദ്ധ കൊടുത്തിട്ടുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
ഒന്നാമത്തെ ഘട്ടം സമര്‍ത്ഥമായി തന്നെ ആരോഗ്യവകുപ്പ് നേരിട്ടു. അല്ലായിരുന്നെങ്കില്‍ വൈറസിന്റെ സ്വഭാവം വെച്ച് അത്രയുമായിരുന്നില്ല മരണസംഖ്യ ഉണ്ടാകുക. കൃത്യമായ ഇടപെടലുകള്‍ കൊണ്ട് തന്നെയാണ് മരണസംഖ്യ കുറയ്ക്കാനായത്.
ഇതിന്റെ രണ്ടാംഘട്ടം ഉണ്ടാവാം എന്ന് നേരത്തെ തന്നെ ആരോഗ്യവകുപ്പ് പറഞ്ഞിരുന്നു. അടിയന്തരമായ നടപടികളും സ്വീകരിച്ചു. ഒരുപാട് ആളുകള്‍ ഒരുമിച്ച് ചേരുന്ന പരിപാടികളും മറ്റും ഒഴിവാക്കണമെന്ന് നിര്‍ദേശിച്ചതും അതുകൊണ്ടാണ്. കുറച്ചുനാള്‍ കൂടി അത് തുടരേണ്ടതുണ്ട്.
രണ്ടാം ഘട്ടത്തില്‍ കൂടുതല്‍ വ്യാപനം ഉണ്ടാകുന്നത് തടയാന്‍ അതുകൊണ്ട് സാധിക്കും. ചെറിയ അലംഭാവം പോലും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. ആരോഗ്യവകുപ്പിന്റെ നിര്‍ദേശം കൃത്യമായി അനുസരിച്ച് മുന്നോട്ടുപോകാന്‍ എല്ലാവരോടും ആവശ്യപ്പെടുകയാണ്.
നിരന്തരമായ പരിശോധന നടത്തിക്കൊണ്ടിരിക്കുകയാണ്. എന്തെങ്കിലും പോരായ്മകള്‍ ഉണ്ടെങ്കില്‍ തിരുത്തും. മാധ്യമങ്ങള്‍ നല്‍കിയ പിന്തുണ വലുതാണ്. ജനങ്ങളെ ഭീതിപ്പെടുത്താതെ കൃത്യമായ വാര്‍ത്ത മിക്ക മാധ്യമങ്ങളും നല്‍കി. എങ്കിലും ശരിയല്ലാത്ത ഫേസ്ബുക്ക് പോസ്റ്റുകളും മറ്റും ഇതിനിടയിലും ഉണ്ടായിട്ടുണ്ട്. അത് ഇല്ലാതെ നോക്കണം.
വൈറസ് പൂര്‍ണമായി പിന്‍വാങ്ങിയെന്ന് ബോധ്യം വന്നാല്‍ മാത്രമേ ആരോഗ്യവകുപ്പിന്റെ പ്രത്യേക സെല്ലുകളുടെ പ്രവര്‍ത്തനം പിന്‍വലിക്കുകയുള്ളൂവെന്നും കെ.കെ ശൈലജ വ്യക്തമാക്കി.