കോഴിക്കോട്: കോഴിക്കോട് ആറ് പേരുടെ മരണത്തിനിടയാക്കിയ വൈറല്‍ പനി നിപ്പാ വൈറസ് കാരണമാണെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ വിദഗ്ധ കേന്ദ്രസംഘം കോഴിക്കോട്ടേക്ക് തിരിച്ചു. കേന്ദ്രസംഘം നാളെ കോഴിക്കോട്ട് പേരാമ്പ്രയിലെത്തും. നാളത്തെ എല്ലാ ഔദ്യോഗിക പരിപാടികളും മാറ്റിവച്ച് ആരോഗ്യമന്ത്രി കെ.കെ ശൈലജയും കോഴിക്കോട്ടേക്ക് തിരിച്ചിട്ടുണ്ട്.
ആറ് പേരാണ് ഇതുവരെ പനി ബാധിച്ച് കോഴിക്കോട് ജില്ലയില്‍ മരിച്ചത്. പനി മലപ്പുറത്തേക്കും വ്യാപിച്ചതായി സംശയമുണ്ട്. മലപ്പുറം ജില്ലയിലെ നാല് പേരുടെ മരണം നിപ്പാ വൈറസ് മൂലമുള്ള ഗുരുതര മസ്തിഷ്‌ക ജ്വരമെന്ന് സംശയം ബലപ്പെടുന്നു. ഇവരുടെ രക്തസാമ്പിളുകള്‍ മണിപ്പാല്‍ വൈറോളജി ലാബിലേക്കയച്ചു. കോഴിക്കോട് നഗരസഭ പരിധിയിലും രോഗലക്ഷണങ്ങളുമായ ഒരാള്‍ ചികിത്സ തേടിയിട്ടുണ്ട്.
Read | നിപ്പാം വൈറസ് പ്രതിരോധിക്കാന്‍ ഏഴ് മാര്‍ഗ്ഗങ്ങള്‍
മലപ്പുറം സ്വദേശിയായ 21വയസുകാരന്‍, മൂന്നിയൂരിലെ 32വയസുകാരന്‍, ചട്ടിപ്പറമ്പിലെ 11 വയസുകാരന്‍ എന്നിവരുടെ മരണങ്ങളാണ് നിപ്പാ വൈറസ് മൂലമാണെന്ന സംശയമുയര്‍ന്നത്. തുടര്‍ന്ന് ഇവരുടെ ശരീര സ്രവങ്ങള്‍ മണിപ്പാല്‍ വൈറോളജി ലാബിലേക്കയച്ചു. അസുഖംവന്ന് രണ്ടുദിവസത്തിനകമായിരുന്നു ഇവരുടെ മരണം. ആദ്യം സ്വകാര്യ ആശുപത്രികളില്‍ ചികിത്സ നടത്തി അത്യാസന്ന നിലയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരാണ് മരിച്ചവരില്‍ രണ്ടുപേര്‍. ഒരാളെ മരണശേഷമാണ് മെഡിക്കല്‍ കോളേജിലെത്തിച്ചത്.