| Tuesday, 22nd May 2018, 4:57 pm

നിപ്പ വൈറസ്; ഭീതിയും യാഥാര്‍ത്ഥ്യവും

ആര്യ. പി

നിപ്പ വൈറസ് ബാധിച്ചുള്ള കേരളത്തിലെ ആദ്യ മരണമായിരുന്നു പേരാമ്പ്ര ചങ്ങരോത്ത് പഞ്ചായത്തിലെ സാബിത്തിന്റേത്. 1998 ല്‍ മലേഷ്യ സിംഗപ്പൂര്‍ ഭാഗങ്ങളില്‍ കണ്ടെത്തിയ പ്രത്യേക വൈറസ് മൂലമുള്ള പനി കേരളത്തില്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതും കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയിലായിരുന്നു.

സംസ്ഥാനത്ത് ഇതുവരെ 12 പേര്‍ക്കാണ് നിപ്പാ സ്ഥിരീകരിച്ചിരിക്കുന്നത്. വിദഗ്ധ പരിശോധനയ്ക്കായി അയച്ച 18 സാമ്പിളുകളില്‍ 12 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളതെന്ന് സംസ്ഥാന ആരോഗ്യ മന്ത്രി കെ.കെ ശൈലജ വ്യക്തമാക്കി.

മെയ് അഞ്ചാം തിയതി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ചായിരുന്നു സാബിത്തിന്റെ മരണം. മെയ് പതിനെട്ടാം തിയതി സാബിത്തിന്റെ സഹോദരന്‍ സ്വാലിഹും കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ വെച്ച് നിപ്പ പനി മൂലം മരണപ്പെട്ടു.

സ്വാലിഹിന്റെ ചികിത്സ നടക്കുമ്പോള്‍ തന്നെ നിപ്പാ വൈറസ് ആണോ രോഗകാരണമെന്ന സംശയം ഡോക്ടര്‍മാര്‍ക്കിടയില്‍ ഉണ്ടായിരുന്നു. സമാന അസുഖംബാധിച്ച് സ്വാലിഹിന്റെ ഭാര്യയും കൊച്ചി അമൃത ആശുപത്രിയിലും ചികിത്സ തേടി. ഇതിനിടെ മെയ് പത്തൊമ്പതാം തിയതി മൂസയുടെ സഹോദരന്‍ മൊയ്തീന്‍ ഹാജിയുടെ ഭാര്യ മറിയവും മരണപ്പെട്ടു. തുടര്‍ന്ന് രാഗം ബാധിച്ചവരുടെ രക്തസാമ്പിളുകള്‍ മണിപ്പാല്‍ കസ്തൂര്‍ബാ മെഡിക്കല്‍ സെന്ററിലേക്കും പൂനെ വൈറോളജി ലാബിലേക്കും അയച്ചു.

വവ്വാല്‍ പോലുള്ള പക്ഷികളില്‍ നിന്നും പകരുന്നു നിപ വൈറസാണ് (Nipah Virus -Niv) രോഗകാരണമെന്നയിരുന്നു പ്രാഥമിക നിഗമനം.. പുനെയിലെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കും മണിപ്പാലിലെ വൈറോളജി റിസര്‍ച്ച് സെന്ററിലേക്കും അയച്ചിരുന്ന രോഗികളുടെ സ്രവത്തിന്റെ സാമ്പിളുകള്‍ പരിശോധിച്ചതിനെ തുടര്‍ന്ന് രോഗം നിപ വൈറസ് ബാധിച്ചതിന്റെ ഫലമായുണ്ടായതാണെന്ന് മെയ് 20 ാം തിയതി സ്ഥിരീകരിക്കുകയുണ്ടായി.

പനി ബാധിച്ച് പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ എത്തിയ സാബിത്തിനെ പരിചരിച്ച ഡോ. ലിനിയ്ക്കും ജീവന്‍ നഷ്ടമായിയിരുന്നു. മെഡിക്കല്‍ കോളജില്‍ മരണപ്പെട്ട നാദാപുരം സ്വദേശികളായ രാജനും അശോകനും നിപാ വൈറസ് ബാധയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

വൈറസ് ബാധയെ തുടര്‍ന്ന് മരണപ്പെട്ട പേരാമ്പ്ര സ്വദേശികളുമായി ഏതെങ്കിലും തരത്തില്‍ ബന്ധപ്പെട്ടവര്‍ക്കാണ് രോഗബാധയുണ്ടായിരിക്കുന്നതെന്നായിരുന്നു ആരോഗ്യമന്ത്രിയുടെ വാക്കുകള്‍. രോഗബാധയെ തുടര്‍ന്ന് മരണപ്പെട്ട മലപ്പുറം സ്വദേശികള്‍ നേരത്തെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിയ സമയത്ത് നിപാ വൈറസ് ബാധിച്ച പേരാമ്പ്ര സ്വദേശികളുമായി അടുത്തിടപഴകിയതായി മനസിലാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞിരുന്നു.

നിപ്പാ വൈറസ് ബാധയാണ് മരണകാരണമെന്ന് കണ്ടെത്തിയ രണ്ട് പേരെ പരിശോധിക്കുകയും പ്രാഥമിക ചികിത്സ നല്‍കുകയും ചെയ്ത ഡോക്ടറെന്ന നിലയില്‍ ഡോ. ബിജിന്‍ ജോസഫ് തന്റെ അനുഭവം പങ്കുവെക്കുന്നത് ഇങ്ങനെ.. “”ഞാന്‍ ജോലി ചെയ്യുന്ന ഹോസ്പിറ്റലിലെ കാഷ്വാല്‍റ്റിയില്‍ സാലിഹ് എന്ന യുവാവ് പനിബാധിതനായി വന്നിരുന്നു. നാല് ദിവസത്തെ പനിയും തലവേദനയും ശരീരവേദനയുമായിരുന്നു ലക്ഷണങ്ങള്‍… ആശുപത്രിയിലെത്തി കുറച്ച് സമയം കഴിഞ്ഞപ്പോള്‍ മുതല്‍ സ്ഥലകാലബോധം നഷ്ടപ്പെട്ട പോലെ പെരുമാറാന്‍ തുടങ്ങി.

അവസ്ഥ മോശമായി തുടങ്ങിയപ്പോള്‍ കൂടുതല്‍ മെച്ചപ്പെട്ട സൗകര്യങ്ങളുള്ള ഹോസ്പ്പിറ്റലിലേക്ക് റഫര്‍ ചെയ്തു.. അവിടെ വെച്ച് മരണപ്പെട്ടു. അദ്ദേഹത്തിന്റെ സഹോദരനടക്കം മൂന്നു പേര്‍ അവരുടെ വീട്ടില്‍ മരണത്തിന് കീഴടങ്ങി. മറ്റ് കുടുംബാംഗങ്ങള്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലുമാണ്. കുറെനാളായി ഉപയോഗത്തിലില്ലായിരുന്ന കിണര്‍ നന്നാക്കിയ കാര്യം കൂടെ വന്നവര്‍ പറഞ്ഞിരുന്നു.

കൂടുതല്‍ ജോലി ചെയ്തത് കൊണ്ടാണ് പനിയും ശരീരവേദനയുമെന്നാണ് കൂട്ടിരിപ്പുകാര്‍ ആശ്വസിച്ചത്. എങ്കിലും സാലിഹിന്റെ സഹോദരന്‍ രണ്ടാഴ്ച മുന്‍പ് ഇത്തരത്തിലുള്ള പനിബാധിച്ച് മരിച്ചതു കൊണ്ട് എല്ലാവരുടെയും മുഖത്ത് കടുത്ത ആശങ്ക നിഴലിച്ച് നിന്നിരുന്നു. ഉപയോഗമില്ലാതെ കിടന്ന കിണറായത് കൊണ്ട് വാവലുകളുടെ താവളമായിരുന്നു ആ കിണര്‍ എന്ന് കണ്ടെത്തിയിട്ടുണ്ട്. കൂടുതല്‍ പരിശോധനകള്‍ക്കായി കിണര്‍ ആരോഗ്യ വകുപ്പധികൃതര്‍ സീല്‍ ചെയ്ത് വെച്ചിരിക്കുകയാണ്. സാഹചര്യ തെളിവുകള്‍ വെച്ച് നോക്കുമ്പോള്‍ വാവലുകളില്‍ നിന്നാണ് രോഗാണു പകര്‍ന്നു കിട്ടിയതെന്ന് അനുമാനിക്കാം””-ഡോ. ബിജിന്‍ ജോസഫ് പറയുന്നു.

അതേസമയം 12 എന്ന മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്ന് ഡോ. ജിനേഷ് ഡൂള്‍ന്യൂസിനോട് പ്രതികരിച്ചു. “”നാല് മുതല്‍ പതിനെട്ട് ദിവസം വരെ ഇന്‍ക്യുബേഷന്‍ പിരീഡുള്ള അസുഖമാണ് ഇത്. അതായത് ശരീരത്തില്‍ വൈറസ് കലര്‍ന്നാല്‍ ഈ കാലയളവില്‍ എപ്പോള്‍ വേണമെങ്കിലും അസുഖം വരാം. കേരളത്തില്‍ ആദ്യത്തെ കേസ് അഡ്മിറ്റാകുന്നത് മെയ് 3 ാം തിയതിയാണ്. നമ്മള്‍ രോഗാണുവിനെ കണ്ടെത്തുന്നത് മെയ് 20 ാം തിയതിയാണ്. ഈ കാലയളവില്‍ യാതൊരു സര്‍വൈലെന്‍സും ഇല്ല എന്നാണ് ഞാന്‍ മനസിലാക്കുന്നത്. അങ്ങനെയുള്ള സാഹചര്യത്തില്‍ ഇടപെട്ട ആള്‍ക്കാര്‍ക്കൊക്കെ അസുഖം വരാനുള്ള സാധ്യത നമ്മള്‍ തള്ളിക്കളയരുത്. അതുകൊണ്ട് കേസ് ഡിറ്റക്ഷന്‍ കൂടി എന്നുള്ളത് ആശങ്കാജനകമായ വസ്തുത അല്ല. അത് നമ്മുടെ ഡയരക്ഷന്‍ കൃത്യമായി പോകുന്നു എന്നാണ് സൂചിപ്പിക്കുന്നത്. പക്ഷേ ഇനി പുതിയ ആള്‍ക്ക് ഇത് പകര്‍ന്നുകിട്ടിക്കൂടാ. അതാണ് നമ്മുടെ ലക്ഷ്യം. 20 ാം തിയതി വരെയുള്ള കാര്യങ്ങള്‍ തടയാന്‍ നമ്മള്‍ക്കാര്‍ക്കും പറ്റില്ല. അത് നമ്മള്‍ മനസിലാക്കണം””-ജിനേഷ് പറയുന്നു.

പരിഭ്രമിക്കരുത്: പ്രതിരോധം ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ

നിപ്പ വൈറസിലൂടെ ഗൗരവതരമായ സ്ഥിതിവിശേഷമാണ് കേരളത്തില്‍ സംജാതമായിരിക്കുന്നത്. പക്ഷേ പരിഭ്രാന്തരാവാതെ ജാഗ്രതയോടെയും കരുതലോടെയും മുന്നോട്ട് പോവുകയാണ് വേണ്ടത്.

ഇത്തരം രോഗികളെ പരിചരിക്കുമ്പോള്‍ പാലിക്കേണ്ട മുന്‍ കരുതലുകളെ സംബന്ധിച്ച് ലോകാരോഗ്യ സംഘന വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

1. വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ഠം മനുഷ്യശരീരത്തില്‍ ഉള്ളിലെത്തിയാല്‍ അസുഖം ഉണ്ടാകാം. അങ്ങനെയുള്ള സാഹചര്യങ്ങളെല്ലാം ഒഴിവാക്കുക. തുറന്ന സ്ഥലങ്ങളില്‍ കലങ്ങളില്‍ നിന്ന് ശേഖരിക്കുന്ന കള്ള്, മാങ്ങ,കശുമാങ്ങ,ചാമ്പങ്ങ, പേരയ്ക്ക, പോലുള്ളവ ഒഴിവാക്കുക. വവ്വാലുകളുടെ സാന്നിദ്ധ്യമുള്ളിടങ്ങളില്‍ നിന്ന് അകലം പാലിക്കുക.

2. രോഗിയുമായി സമ്പര്‍ക്കം ഉണ്ടായതിനു ശേഷം കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകുക..വ്യക്തിശുചിത്വം പാലിക്കുക. രോഗിയുടെ വസ്തുക്കള്‍ പ്രത്യേകം സൂക്ഷിക്കുക.

3.മൃതദേഹം കൊണ്ടുപോകുന്ന സമയത്ത് മുഖവുമായും, ശാരീരികസ്രവങ്ങളുമായും സമ്പര്‍ക്കം ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കുക. മൃതദേഹത്തെ കുളിപ്പിച്ചതിനു ശേഷം കുളിപ്പിച്ച വ്യക്തികള്‍ ദേഹം മുഴുവന്‍ സോപ്പ് തേച്ച് കുളിക്കേണ്ടതാണ്. കിടക്ക, തലയിണ എന്നിവ പോലെയുള്ളവ സൂര്യപ്രകാശത്തില്‍ കുറച്ചധികം ദിവസം ഉണക്കേണ്ടതാണ്.

4. ആരോഗ്യപ്രവര്‍ത്തകര്‍ പ്രത്യേകം ശ്രദ്ധിക്കുക. യൂണിവേഴ്‌സല്‍ പ്രിക്കോഷന്‍ പ്രധാനമാണ്. സാംക്രമിക രോഗങ്ങളില്‍ സ്വീകരിക്കുന്ന എല്ലാ വിധ മുന്‍ കരുതലുകളും ഈ രോഗികളിലും നിര്‍ബന്ധമാണ്. മാസ്‌ക്, ഗ്ലൗ തുടങ്ങിയവ ഉപയോഗിക്കുക.

5. പനി, മയക്കം മുതലായ രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയാല്‍ ഉടന്‍ വിദഗ്ധചികില്‍സ തേടുക. പനി, ചുമ, മയക്കം തുടങ്ങിയ ലക്ഷണങ്ങളുള്ള രോഗികളെ പരിചരിക്കുന്നവരും ശ്രദ്ധിക്കേണ്ടതുണ്ട്

6. ആരോഗ്യവകുപ്പ് ഈ വിഷയത്തില്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ ശ്രദ്ധിക്കുകയും പാലിക്കുകയും ചെയ്യുക. ജനങ്ങളില്‍ പരിഭ്രാന്തി ഉണ്ടാക്കുന്ന വാര്‍ത്തകള്‍ മാധ്യമങ്ങള്‍ നല്‍കാതിരിക്കുക.

7. രോഗലക്ഷണങ്ങള്‍ കണ്ട് തുടങ്ങിയാല്‍ വൈകാതെ വൈദ്യ സഹായം തേടേണ്ടതാണ്. മറ്റ് വൈറസ് രോഗങ്ങളുടെ കാര്യത്തിലെന്ന പോലെ രോഗികളുമായി അടുത്ത് ഇടപെടുന്നവര്‍ മാസ്‌ക്, കൈയുറ എന്നിവ ധരിക്കുക, കൈകളും മറ്റും വൃത്തിയാക്കുക തുടങ്ങിയ കാര്യങ്ങള്‍ ശ്രദ്ധിക്കണം.

8. നിപ്പാ വൈറസ് ബാധിച്ചെന്ന് സംശയിക്കുന്നവരെ പ്രത്യേക വാര്‍ഡില്‍ അഡ്മിറ്റ് ചെയ്യുന്നതാണ് നല്ലത്. രോഗ പരിചാരകര്‍ സാംക്രമിക രോഗമുള്ളവരെ ചികിത്സിക്കുമ്പോള്‍ സ്വീകരിക്കേണ്ട മാനദണ്ഡങ്ങള്‍ (Barrier Nursing) കര്‍ശനമായി പാലിച്ചിരിക്കണം.

ചികിത്സയില്ലെന്ന പ്രചരണം തെറ്റ്: ചികിത്സയുണ്ട്

നിപ്പ വൈറസിന് ചികിത്സയില്ലെന്നാണ് ഇപ്പോള്‍ പലരും പ്രചരിപ്പിക്കുന്നത്. എന്നാല്‍ അങ്ങനെയെല്ല ഈ അസുഖത്തിന് വ്യക്തമായ ചികിത്സ ലഭ്യമാണെന്ന് ഡോ. ജിനേഷ് പറയുന്നു. “”ആശങ്കപ്പെടേണ്ട സാഹചര്യ നിലവിലില്ല. ഇതിന് ചികിത്സയുണ്ട്. 1998 ല്‍ അസുഖം കണ്ടുപിടിച്ചതിന് പിന്നാലെ 40 മുതല്‍ 70 ശതമാനം വരെയാണ് മരണനിരക്ക്. അതിനര്‍ത്ഥം 30 തൊട്ട് 60 ശതമാനം വരെ ആള്‍ക്കാര്‍ ജീവിച്ചിരിപ്പുണ്ട് എന്നാണ്. ലോകാരോഗ്യ സംഘടന തന്നെ ആന്റി വൈറല്‍ മരുന്നുകള്‍ക്ക് പ്രയോജനമുണ്ടെന്ന് പറഞ്ഞിട്ടുണ്ട്. വെന്റിലേറ്റര്‍ പോലുള്ളവ ഉപയോഗപ്പെടുത്തുന്നവര്‍ക്ക് കൂടുതല്‍ പൂര്‍ണ ആരോഗ്യത്തോടെ തിരിച്ചെത്താന്‍ സാധിക്കുന്നുണ്ട്. ചികിത്സയില്ല എന്ന് പറഞ്ഞ് ആരും വീട്ടിലിരിക്കരുത്. പനി ബാധിച്ചവര്‍ ആധുനിക വൈദ്യശാസ്ത്രം പരിശീലിക്കുന്ന ആശുപത്രികളില്‍ തന്നെ ചികിത്സ തേടണം. മറ്റ് ഒരു വിഭാഗത്തിലും പോകരുത് എന്നാണ് വ്യക്തിപരമായ അഭിപ്രായം””.- ഡോ. ജിനേഷ് പറയുന്നു.

രോഗനിര്‍ണയ പരിശോധന

വൈറസ് ഘടകങ്ങള്‍ വേര്‍തിരിച്ചെടുക്കാനുള്ള പി സി ആര്‍ ടെസ്റ്റാണ് (Polymerase Chain Reaction)
രോഗനിര്‍ണ്ണയം നടത്തുന്നതിനായി രോഗബാധയുടെ ആദ്യഘട്ടത്തില്‍ പ്രധാനമായും ഉപയോഗിക്കുന്നതെന്ന് ഡോ. ബി ഇക്ബാല്‍ പ്രതികരിക്കുന്നു.

“”വൈറസ് പ്രതിവസ്തുക്കളായ (Anti bodies) ഐജിജിയും (IgG) ഐജി എമ്മും (IgM) എലിസടെസ്റ്റു (ELISA) വഴി പിന്നീട് കണ്ടെത്തുന്നതും രോഗനിര്‍ണ്ണയത്തിന് സഹായകരമാണ്. മരണമടയുന്ന രോഗികളുടെ അവയവ കോശങ്ങള്‍ ഇമ്യൂണോ ഹിസ്റ്റോകെമിസ്ട്രി (Immunohistochemistry) പരിശോധനക്ക് വിധേയമാക്കി രോഗം കൃത്യമായി നിര്‍ണ്ണയിക്കാന്‍ കഴിയും. രോഗം ഗുരുതരാവസ്ഥയിലായി ബോധക്ഷയവും മറ്റുമുണ്ടായാല്‍ എം ആര്‍ ഐ സ്‌കാന്‍ നടത്തി നോക്കിയാല്‍ തലച്ചോറിനെ ബാധിച്ചിട്ടുണ്ടോ എന്ന് അറിയാന്‍ കഴിയും””- അദ്ദേഹം പറയുന്നു.

നിപ്പാ വൈറസ് രോഗത്തിന് പ്രത്യേക മരുന്നുകളോ വാക്‌സിനോ കണ്ടെത്തിയിട്ടില്ല. വൈറസുകളെ നശിപ്പിക്കുന്ന റിബാവിറിന്‍ (ഞശയമ്ശൃശി) എന്നമരുന്ന് പരീക്ഷണ ഘട്ടത്തിലാണ്. മനുഷ്യരില്‍ പ്രയോഗിച്ച് തുടങ്ങിയിട്ടില്ല. നിപ ജി ഗ്ലൈക്കോപ്രോട്ടിനെ ലക്ഷ്യമാക്കി മോണോ ക്ലോണല്‍ ആന്റിബോഡി ഉപയോഗിച്ചുകൊണ്ടുള്ള വാക്‌സിന്‍ വികസിപ്പിച്ചെടുക്കാനുള്ള ശ്രമം നടന്നു വരുന്നുണ്ട്. എന്നാല്‍ മരുന്നൊന്നും ഇപ്പോള്‍ ലഭ്യമല്ല എന്നത് കൊണ്ട് ആശങ്ക പെടേണ്ടതില്ല.

നിപ്പയുടെ തുടക്കം

1998 സെപ്റ്റംബര്‍ മാസത്തില്‍ മലേഷ്യ സിംഗപ്പൂര്‍ ഭാഗങ്ങളില്‍ ആരംഭിച്ച ആ പുതിയ പനിയുടെ കാരണം നിപ്പാ വൈറസ് ആണ് എന്ന് കണ്ടുപിടിക്കുന്നത് 1999 ഏപ്രില്‍ മാസത്തിലാണ്. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏതാണ്ട് 260 കേസുകളില്‍ 105 പേരാണ് അന്ന് മരണപ്പെട്ടത്.

2001 ഏപ്രില്‍ മാസത്തില്‍ ബംഗ്ലാദേശിലെ മെഹര്‍പുറില്‍ 13 പേര്‍ക്ക് ബാധിച്ച ആ പനിയുടെ കാരണം നിപ്പാ വൈറസ് ആണെന്ന് കണ്ടുപിടിക്കുന്നത് ഏപ്രില്‍ മാസത്തിലാണ്. അമേരിക്കയിലെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷനാണ് അസുഖം കണ്ടെത്തിയത്. അന്ന് 13 പേര്‍ക്ക് ജീവന്‍ നഷ്ടമായി.

2012 മാര്‍ച്ച് വരെ ബംഗ്ലാദേശില്‍ 263 പേരെയാണ് രോഗം ബാധിച്ചത്. ഇവരില്‍ 196 (74.5%) പേരും മരിച്ചു 2001 ല്‍ ഇന്ത്യയില്‍ പശ്ചിമ ബംഗാളിലെ സിലിഗുരിയില്‍ 71 പേരെ നീപ്പാ വൈറസ് രോഗം ബാധിക്കയും 50 പേര്‍ മരണമടയുകയും ചെയ്തു. 2007 ല്‍ നാദിയായില്‍ 30 പേര്‍ക്ക് രോഗബാധയുണ്ടായി 5 പേര്‍ മരണമടഞ്ഞു. വവ്വാല്‍ ഭക്ഷിച്ച് ഉപേക്ഷിച്ച ഈന്തപഴത്തില്‍ നിന്നാണ് രോഗം പടര്‍ന്നതെന്നാണ് കരുതുന്നത്. പന്നികള്‍ രോഗം പരത്തിയതായി തെളിവില്ല. ബംഗ്ലാദേശിലും പശ്ചിമബംഗാളിലെ നാദിയയിലും മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് രോഗം പരന്നിട്ടുണ്ട്. ഡിസംബര്‍ – മെയ് മാസങ്ങളിലായാണ് രോഗം വ്യാപിച്ചത്. 1998 നു ശേഷം ഇതുവരെ നിപ വൈറസ് രോഗം വിവിധ രാജ്യങ്ങളിലായി 477 പേരെ ബാധിച്ചിട്ടുണ്ട്. ഇവരില്‍ 252 പേര്‍ മരണമടഞ്ഞു. മരണ നിരക്ക് 9 മുതല്‍ 75 ശതമാനം വരെയാണെന്ന് കണക്കാക്കപ്പെട്ടിട്ടുണ്ട്.

2012 മാര്‍ച്ച് വരെ ബംഗ്ലാദേശില്‍ 263 പേരെയാണ് രോഗം ബാധിച്ചത്. ഇവരില്‍ 196 (74.5%) പേരും മരിച്ചു 2001 ല്‍ ഇന്ത്യയില്‍ പശ്ചിമ ബംഗാളിലെ സിലിഗുരിയില്‍ 71 പേരെ നീപ്പാ വൈറസ് രോഗം ബാധിക്കയും 50 പേര്‍ മരണമടയുകയും ചെയ്തു. 2007 ല്‍ നാദിയായില്‍ 30 പേര്‍ക്ക് രോഗബാധയുണ്ടായി 5 പേര്‍ മരണമടഞ്ഞു.. വവ്വാല്‍ ഭക്ഷിച്ച് ഉപേക്ഷിച്ച ഈന്തപഴത്തില്‍ നിന്നാണ് രോഗം പടര്‍ന്നതെന്നാണ് കരുതുന്നത്. പന്നികള്‍ രോഗം പരത്തിയതായി തെളിവില്ല. ബംഗ്ലാദേശിലും പശ്ചിമബംഗാളിലെ നാദിയയിലും മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് രോഗം പരന്നിട്ടുണ്ട്. ഡിസംബര്‍ – മെയ് മാസങ്ങളിലായാണ് രോഗം വ്യാപിച്ചത്. 1998 നു ശേഷം ഇതുവരെ നിപ വൈറസ് രോഗം വിവിധ രാജ്യങ്ങളിലായി 477 പേരെ ബാധിച്ചിട്ടുണ്ട്. ഇവരില്‍ 252 പേര്‍ മരണമടഞ്ഞു. മരണ നിരക്ക് 9 മുതല്‍ 75 ശതമാനം വരെയാണെന്ന് കണക്കാക്കപ്പെട്ടിട്ടുണ്ട്. – ഡോ.ബി ഇക്ബാല്‍ കുറിക്കുന്നു.

രോഗലക്ഷണങ്ങള്‍

രോഗലക്ഷണങ്ങള്‍ പലതും സാധാരണ മറ്റ് വൈറസ് പകര്‍വ്യാധികളുടേത് പോലെ തന്നെയാണ് കാണപ്പെടുന്നത്. നിപ്പാ രോഗാണു ശരീരത്തില്‍ കടന്നാല്‍ രോഗലക്ഷണങ്ങള്‍ കണ്ട് തുടങ്ങാന്‍ നാലുമുതല്‍ പതിനെട്ട് ദിവസം വരെയെടുക്കാം. പനി, തലവേദന, പേശി വേദന, ചുമ, ശ്വാസം മുട്ടല്‍, ബോധക്ഷയം, വയറുവേദന തുടങ്ങിയവയാണ് രോഗലക്ഷണങ്ങള്‍.

ചികിത്സാരീതി

മറ്റേത് വൈറസ് രോഗത്തേയും നിപ വൈറസ് രോഗവും സ്വയം നിയന്ത്രിത (Self limiting) രോഗമാണെന്ന് മനസ്സിലാക്കിയിരിക്കണമെന്നും നേരത്തെ കണ്ടെത്തി പൊതു പരിചരണം നല്‍കിയാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ തീര്‍ച്ചയായും ഒഴിവാക്കാന്‍ കഴിയുമെന്നും ഡോ. ബിഇക്ബാല്‍ പറയുന്നു.

പനികുറക്കാനുള്ള മരുന്ന്, അവശ്യാനുസരണം ലായനികള്‍, ശ്വാസതടസ്സം ഒഴിവാക്കാന്‍ അവശ്യമെങ്കില്‍ വെന്റിലേഷന്‍, മസ്തിഷ്‌കവീക്കം തടയാനുള്ള മരുന്നുകള്‍, ഇതര രോഗാണു ബാധയുണ്ടെങ്കില്‍ അതിനായുള്ള ആന്റി ബയോട്ടിക്കുകള്‍ തുടങ്ങിയ ചികിത്സകളാണ് വേണ്ടി വരിക.

വവ്വാലുകളാണോ കാരണക്കാര്‍

വവ്വാലുകളില്‍ നിന്നാണ് മലേഷ്യയില്‍ ഈ രോഗം ആരംഭിക്കുന്നത്. വവ്വാലുകളില്‍ നിന്നും പന്നികളിലേക്കും പന്നികളില്‍ നിന്നും മനുഷ്യരിലേക്കും മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്കും അന്ന് രോഗം പടരുകയായിരുന്നു.

മറ്റു രാജ്യങ്ങളില്‍ വവ്വാലുകളില്‍ നിന്ന് പകര്‍ന്ന അസുഖമായതിനാല്‍ തന്നെ കേരളത്തിലും അങ്ങനെയൊരു സാധ്യത തള്ളിക്കളയാനാവില്ല. എന്നാല്‍ വവ്വാലുകളില്‍ നിന്നാണ് ഇവിടെ നിപ്പാ വൈറസ് പടര്‍ന്നുപിടിച്ചത് എന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

മൂന്നുപേര്‍ മരിച്ച സാബിത്തിന്റേയും സ്വാലിഹിന്റേയും വീട്ടിലെ കിണറ്റിനുള്ളില്‍ നിന്ന് ലഭിച്ചത് ഇന്‍സെക്ടിവോര്‍സ് വവ്വാലുകളെ ആണ്. അതായത് ചെറിയ വവ്വാലുകളെ. ഇപ്പോള്‍ പിടിച്ച സ്പീഷീസില്‍ നിപ്പാ വൈറസിന്റെ സാന്നിധ്യം മുന്‍പ് കണ്ടുപിടിച്ചിട്ടില്ലാത്തതാണ്. എന്തായാലും വവ്വാലിനെ സാമ്പിള്‍ വൈറോളജി ലാബില്‍ അയച്ചിട്ടുണ്ട്.

“”ചെറു പ്രാണികളും കൊതുകുകളും നിശാശലഭങ്ങളും ഒക്കെയാണ് ഇവരുടെ ആഹാരം. ഏതാണ്ട് ശരീരഭാരത്തിന് അടുപ്പിച്ച് ആഹാരം ഇവര്‍ ദിവസവും അകത്താക്കും. അതായത് നമ്മുടെ കൊതുകുകളെ നിയന്ത്രിക്കുന്നതില്‍ ഇവര്‍ക്ക് വളരെ വലിയ പങ്കുണ്ട്. അഞ്ച് കിലോമീറ്റര്‍ ഒക്കെയാണ് ദിവസ സഞ്ചാരം. 10 കിലോമീറ്ററിനപ്പുറം പോകാനുള്ള കഴിവൊന്നും ഇല്ല. ചെറിയ വവ്വാലുകള്‍ ആകെ അന്‍പതോളം സ്പീഷീസുകള്‍ കേരളത്തിലുണ്ട്.

ഫ്രൂട്ട് വവ്വാലുകള്‍, അഥവാ വലിയ വവ്വാലുകള്‍ കേരളത്തിലാകെ ആറ് സ്പീഷീസ് ആണ് ഉള്ളത്. ഒന്നില്‍ നിന്നും കേരളത്തില്‍ ഇതുവരെ നിപ്പാ വൈറസ് കണ്ടുപിടിച്ചിട്ടില്ല. എന്നാല്‍ കേരളത്തിനു വെളിയില്‍ ഇതിലെ മൂന്ന് സ്പീഷീസുകളില്‍ നിന്നും വൈറസിനെ കണ്ടുപിടിച്ചിട്ടുണ്ട്.

സസ്യങ്ങളുടെ വിത്തു വിതരണത്തിന് വലിയ സഹായം ചെയ്യുന്നത് ഈ വലിയ വവ്വാലുകളാണ്.

സ്ഥിരീകരിക്കാത്ത ഒരു സംശയത്തിന്റെ പേരില്‍ ഇവയെ ഉപദ്രവിച്ചാല്‍, ഗുണത്തെക്കാളേറെ ദോഷം ചെയ്യുമെന്ന് പരിസ്ഥിതി പ്രവര്‍ത്തകരും പറയുന്നു. വവ്വാലുകളെ കൊന്നാല്‍ വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ ആക്ട് 1972 പ്രകാരം ശിക്ഷിക്കപ്പെടാന്‍ സാധ്യതയുണ്ട്.

ആശങ്ക വേണ്ടെന്ന് കേന്ദ്ര സംഘം

നിപ്പ വൈറസിനെ നേരിടാന്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെ പ്രകീര്‍ത്തിച്ച കേന്ദ്ര ആരോഗ്യ സംഘം വിഷയത്തില്‍ ആശങ്കപ്പെടാനില്ലെന്നും എങ്കിലും കരുതല്‍ വേണമെന്നുമാണ് പറഞ്ഞത്.

വവ്വാലില്‍നിന്നാകാം വൈറസ് പകര്‍ന്നതെന്നാണു നിഗമനം. എങ്കിലും മറ്റു സസ്തനികളില്‍നിന്നും അണുക്കള്‍ പകരാന്‍ സാധ്യതയുണ്ട്. മൃഗങ്ങളില്‍നിന്നും ആകാം. ഇതു തിരിച്ചറിയാന്‍ കൂടുതല്‍ പഠനം ആവശ്യമാണ്.

പരാതികളും ഏറെ

നിപ്പ വൈറസ് സ്ഥിരീകരിച്ച പ്രദേശങ്ങളില്‍ ആരോഗ്യവകുപ്പ് മതിയായ സുരക്ഷ ഒരുക്കിയില്ലെന്ന പരാതിയും ഇതിനിടെ ഉയര്‍ന്നിരുന്നു. ജീവനക്കാര്‍ക്ക് അത്യാവശ്യം വേണ്ട മാസ്‌ക് പോലും വിതരണം ചെയ്തില്ലെന്നാണ് പരാതി. പണം അടച്ചില്ലെങ്കില്‍ നിപ്പ വൈറസ് ബാധിച്ച രോഗിയെ ചികില്‍സിക്കില്ലെന്നു കോഴിക്കോട്ടെ സ്വകാര്യ ആശുപത്രി നിലപാടെടുത്തതും വിവാദമായിയിരുന്നു. നിപ്പ സ്ഥിരീകരിച്ച രോഗി വെറ്റിലേറ്റര്‍ ഉപയോഗിക്കുന്നതിന്റെ പണം ഉടന്‍ അടയ്ക്കണമെന്നായിരുന്നു സ്വകാര്യ ആശുപത്രിയുടെ ആവശ്യം. നിപ്പാ വൈറസ് ബാധിച്ച് മരിച്ച സഹോദരങ്ങളുടെ പിതാവാണ് ചികില്‍സയിലുള്ളത്. രോഗിക്കു ചികില്‍സ നിഷേധിക്കരുതെന്ന കര്‍ശന നിര്‍ദേശം മന്ത്രി ടി.പി. രാമകൃഷ്ണനും മുഖ്യമന്ത്രിയും നല്‍കിയതോടെയാണ് പ്രശ്‌നം പരിഹരിക്കപ്പെട്ടത്.

ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷ

ഡോക്ടര്‍മാരും നഴ്‌സുമാരും രോഗികളുമായി അടുത്ത് ഇടപഴകുന്ന ആരോഗ്യപ്രവര്‍ത്തകരും വ്യക്തിഗത സുരക്ഷാ മാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ടതാണെന്ന് വിവിധ ഡോക്ടര്‍മാര്‍ പ്രതികരിക്കുന്നു. “”സാധാരണ സാഹചര്യങ്ങളില്‍ അതിനുള്ള സമയമില്ലായ്മയും സൗകര്യമില്ലായ്മയും സമയമില്ലായ്മയും എല്ലാം പ്രശ്‌നമാണ്. അത് ഇപ്പോഴും ഉണ്ട്. പക്ഷേ നിലവില സാഹചര്യത്തിന്റെ ഗൗരവം മനസിലാക്കിക്കൊണ്ട് വ്യക്തിഗത സുരക്ഷ എടുക്കണം

എന്‍ 93 മാസ്‌കുകള്‍ തന്നെ ഉപയോഗിക്കണം. 95 ശതമാനം പദാര്‍ത്ഥങ്ങളേയും ഇവ ഉള്ളിലേക്ക് കടത്തിവിടില്ല. സാധാരണ മാസ്‌കിന് അത്ര പ്രൊട്ടക്ഷനൊന്നും ഇല്ലെങ്കിലും ഒന്നും ഇല്ലാത്തിനേക്കാള്‍ ഭേദമാണ്. അതുപോലെ തന്നെ ഗ്ലൗസുകളും ഡിസ്‌പോസിബിള്‍ വസ്തുക്കളും ഉപയോഗിക്കുക. ഉപയോഗിക്കുന്ന വസ്തുക്കള്‍ കൃത്യമായി ഡിസ്‌പോസ് ചെയ്യുക. ഓരോ രോഗിയേയും പരിശോധിച്ച ശേഷം കൈകള്‍ കഴുകുക. അതിനുള്ള സാഹചര്യം ഇല്ലെങ്കില്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് കൈ റബ്ബ് ചെയ്യുകയെങ്കിലും വേണം.

മുന്‍പ് പല കാലങ്ങളിലും പരിശോധിച്ചാല്‍ ഇത്തരം രോഗങ്ങള്‍ പിടികൂടുമ്പോള്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂട്ടമായി മരണം സംഭവിച്ചിട്ടുണ്ട്. ഇന്ത്യയിലും ബംഗ്ലാദേശിലും എല്ലാം അത് ഉണ്ടായിരുന്നു. അത് ആവര്‍ത്തിക്കാതിരിക്കാനായിരിക്കണം നമ്മുടെ ശ്രമം””.- ഡോ. ജിനേഷ് പറയുന്നു.

വ്യാജപ്രചരണം

നിപ്പാ വൈറസ് പടരുന്നത് തടയാന്‍ ആരോഗ്യവകുപ്പ് ശക്തമായ നടപടികളുമായി മുന്നോട്ടു പോകവേ ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തുന്ന തരത്തില്‍ അശാസ്ത്രീയ പ്രചരണവുമായി ജേക്കബ് വടക്കഞ്ചേരിയെപ്പോലുള്ള നിരവധിയാളുകള്‍ രംഗത്തെത്തിയിരുന്നു.

നിപ്പാ വൈറസ് എന്നൊരു വൈറസൊന്നുമില്ലെന്നും മരുന്നുമാഫിയയാണ് ഇങ്ങനെ പ്രചരിപ്പിക്കുന്നതെന്നുമായിരുന്നു വടക്കാഞ്ചേരിയുടെ പ്രചരണം. കീടനാശിനികളോ, ഭക്ഷണത്തിലെ പ്രശ്നമോ മറ്റോ ആണ് പേരാമ്പ്രയിലുണ്ടായ മരണങ്ങള്‍ക്ക് കാരണമെന്നായിരുന്നു ഇവരുടെ വാദം.

നിപ്പാ വൈറസ് ബാധയ്‌കെതിരെ അശാസ്ത്രീയ പ്രചരണങ്ങള്‍ നടത്തുന്നു എന്നാരോപിച്ച് ഇയാള്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ കൈക്കൊള്ളണമെന്നു ആവശ്യപ്പെട്ട് എസ്.എഫ്.ഐ കാലിക്കറ്റ് മെഡിക്കല്‍ കോളേജ് യൂണിറ്റ് കമ്മിറ്റിയുള്‍പ്പെടെയുള്ളവര്‍ പരാതി നല്‍കിയിരുന്നു.

ആര്യ. പി

അസോസിയേറ്റ് എഡിറ്റര്‍, ഡൂള്‍ന്യൂസ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ. 2011 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.

We use cookies to give you the best possible experience. Learn more