വവ്വാലുകളില്‍ നിന്നാണ് ഇവിടെ നിപ്പാ വൈറസ് പടര്‍ന്നുപിടിച്ചത് എന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.
കിണറ്റിനുള്ളില്‍ നിന്നും ലഭിച്ചത് ഇന്‍സെക്ടിവോര്‍സ് വവ്വാലുകളെ ആണ്. അതായത് ചെറിയ വവ്വാലുകളെ. ഇപ്പോള്‍ പിടിച്ച സ്പീഷീസില്‍ നിപ്പാ വൈറസിന്റെ സാന്നിധ്യം മുന്‍പ് കണ്ടുപിടിച്ചിട്ടില്ലാത്തതാണ്. എന്തായാലും വവ്വാലിനെ പിടിച്ച് സാമ്പിള്‍ വൈറോളജി ലാബില്‍ അയച്ചിട്ടുണ്ട്, റിസള്‍ട്ട് നാളെ ലഭിച്ചേക്കും.
ചെറു പ്രാണികളും കൊതുകുകളും നിശാശലഭങ്ങളും ഒക്കെയാണ് ഇവന്റെ ആഹാരം. ഏതാണ്ട് ശരീരഭാരത്തിന് അടുപ്പിച്ച് ആഹാരം ഇവര്‍ ദിവസവും അകത്താക്കും. അതായത് നമ്മുടെ കൊതുകുകളെ നിയന്ത്രിക്കുന്നതില്‍ ഇവര്‍ക്ക് വളരെ വലിയ പങ്കുണ്ടെന്ന്. സസ്യങ്ങളില്‍ ചില രോഗങ്ങള്‍ ഉണ്ടാക്കുന്ന നിശാശലഭങ്ങളെയും അകത്താക്കും. അഞ്ച് കിലോമീറ്റര്‍ ഒക്കെയാണ് ദിവസ സഞ്ചാരം. 10 കിലോമീറ്ററിനപ്പുറം പോകാനുള്ള കഴിവൊന്നും ഇല്ല. ചെറിയ വവ്വാലുകള്‍ ആകെ അന്‍പതോളം സ്പീഷീസുകള്‍ കേരളത്തിലുണ്ട്.
ഫ്രൂട്ട് വവ്വാലുകള്‍, അഥവാ വലിയ വവ്വാലുകള്‍ കേരളത്തിലാകെ ആറ് സ്പീഷീസ്. ഒന്നില്‍ നിന്നും കേരളത്തില്‍ ഇതുവരെ നിപ്പാ വൈറസ് കണ്ടുപിടിച്ചിട്ടില്ല. എന്നാല്‍ കേരളത്തിനു വെളിയില്‍ ഇതിലെ മൂന്ന് സ്പീഷീസുകളില്‍ നിന്നും വൈറസിനെ കണ്ടുപിടിച്ചിട്ടുണ്ട്.
സസ്യങ്ങളുടെ വിത്തു വിതരണത്തിന് വലിയ സഹായം ചെയ്യുന്നത് ഈ വലിയ വവ്വാലുകളാണ്.
സ്ഥിരീകരിക്കാത്ത ഒരു സംശയത്തിന്റെ പേരില്‍ ഇവയെ ഉപദ്രവിച്ചാല്‍, ഗുണത്തെക്കാളേറെ ദോഷം ചെയ്യും.
വവ്വാലുകളെ കൊന്നാല്‍ വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ ആക്ട് 1972 പ്രകാരം ശിക്ഷിക്കപ്പെടാന്‍ സാധ്യതയുണ്ട്.
വവ്വാലുകളില്‍ നിന്നും ആണ് മലേഷ്യയിലും ബംഗ്ലാദേശിലും ഒക്കെ നിപ്പാ വൈറസ് ബാധ ആരംഭിച്ചത് എന്നതിനാലാണ് വവ്വാലുകളും പക്ഷിമൃഗാദികളും ഭാഗികമായി ആഹരിച്ച ചാമ്പങ്ങ, പേരക്ക, മാങ്ങ, ഞാവല്‍ പഴം തുടങ്ങിയവ ആഹരിക്കരുത് എന്ന് പറഞ്ഞത്. കടയില്‍നിന്നും വാങ്ങുന്ന കായ്ഫലങ്ങള്‍ ഉപയോഗിക്കരുത് എന്നല്ല പറഞ്ഞത്. സാധാരണഗതിയില്‍ അവയില്‍ ഒരു കാരണവശാലും ഈ വൈറസ് ഉണ്ടാവില്ല. ധൈര്യമായി വാങ്ങി കഴിക്കാം. കഴുകി വൃത്തിയാക്കിയ ശേഷം കഴിക്കുക.
ബ്രോയിലര്‍ ചിക്കനില്‍ ഇതുവരെ ഈ വൈറസ് കണ്ടെത്തിയിട്ടില്ല. പക്ഷികളില്‍ ഒന്നില്‍നിന്നും ഇത്രനാളിനിടെ ഈ വൈറസ് ലഭിച്ചിട്ടില്ല, കേരളത്തില്‍ മാത്രമല്ല പുറത്തും (ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍). ബ്രോയിലര്‍ ചിക്കന്‍ വാങ്ങുന്നതില്‍ ഒരു കുഴപ്പവുമില്ല. നന്നായി പാകം ചെയ്ത് ഭക്ഷിക്കുക.
മൃഗങ്ങളില്‍ പന്നികളിലാണ് അസുഖ ബാധയേറ്റവും കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. പട്ടി, പൂച്ച, ആട്, കുതിര എന്നിവയുടെ ശരീരത്തില്‍നിന്നും ആന്റിബോഡി വേര്‍തിരിച്ചെടുത്തിട്ടുണ്ട്. എന്നാലും കേരളത്തില്‍ ഇങ്ങനെയൊരു സാഹചര്യം ഇതുവരെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല.
പശുവിന്റെയോ ആടിന്റെയോ പാല്‍ ഉപയോഗിക്കുന്നതില്‍ ഒരു കുഴപ്പവുമില്ല. എന്നാല്‍ മൃഗങ്ങളില്‍ കൂട്ടമായി എന്തെങ്കിലും രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ശ്രദ്ധിക്കണം. മൃഗസംരക്ഷണ വകുപ്പിനെയോ മൃഗഡോക്ടറെയോ കാണിക്കണം. അത്രമാത്രം …
പുര കത്തുമ്പോള്‍ വാഴ വെട്ടരുത്. പരിഭ്രമിക്കേണ്ട കാര്യമില്ല. ജാഗ്രതയോടെ, കരുതലോടെ സമൂഹമെന്ന നിലയില്‍ നമുക്കൊരുമിച്ച് മുന്നോട്ട് പോകാം