| Tuesday, 4th June 2019, 6:03 pm

നിപ: 311 പേര്‍ നിരീക്ഷണത്തില്‍; നാലുപേര്‍ ചികിത്സയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: നിപ ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സംസ്ഥാനത്ത് 311 പേര്‍ നിരീക്ഷണത്തില്‍. പനിയുള്ള നാലുപേര്‍ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

ഇതില്‍ മൂന്നുപേര്‍ നിപ ബാധിച്ച രോഗിയെ പരിചരിച്ച നഴ്‌സുമാരാണ്. യുവാവിന്റെ സഹപാഠിയാണു മറ്റൊരാള്‍. കേരളത്തിലെ ഇതരസംസ്ഥാന തൊഴിലാളി ക്യാമ്പുകളിലും നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

രോഗിയെ ശുശ്രൂഷിച്ച മൂന്ന് ആശുപത്രി ജീവനക്കാരടക്കം നാലുപേരില്‍ കൂടി പനി ലക്ഷണങ്ങള്‍ കണ്ടെത്തിയതോടെ ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. അതിനിടെ രോഗം ബാധിച്ച വിദ്യാര്‍ഥിയുടെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതി ഇന്നുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍.

നഴ്‌സുമാരെയും സഹപാഠിയെയും ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നിര്‍ദേശപ്രകാരം ഐസൊലേഷന്‍ വാര്‍ഡിലേക്കു മാറ്റി. ഇവരുടെ സ്രവ പരിശോധനയ്ക്കു ശേഷം മാത്രമേ നിപ ബാധയുണ്ടോ എന്ന കാര്യം സ്ഥിരീകരിക്കാനാവൂ.

നിപ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കേരളത്തിന് കേന്ദ്രസര്‍ക്കാരിന്റെ എല്ലാ സഹായവും ഉണ്ടാകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. എയിംസില്‍ നിന്നുള്ള സംഘത്തെ കേരളത്തിലേക്ക് അയച്ചിട്ടുണ്ടെന്നും നിപ ചികിത്സക്കുള്ള മരുന്ന് വിമാനത്തില്‍ കേരളത്തിലെത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു.

നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ കണ്‍ട്രോള്‍ റൂമും തുടങ്ങി. നമ്പര്‍: 011-23978046. ഇതുവഴി രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി ഏകോപിപ്പിക്കാമെന്നാണ് കേന്ദ്രമന്ത്രി പറഞ്ഞത്. ആശങ്കയ്ക്ക് ഒരു അടിസ്ഥാനവുമില്ലെന്ന വിലയിരുത്തലാണ് കേന്ദ്രത്തിനും കേരളത്തിനുമുള്ളത്. കേരളം ആവശ്യപ്പെടുന്ന എന്തു സഹായവും ലഭ്യമാക്കാന്‍ കേന്ദ്രം തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

ആരോഗ്യമന്ത്രി കെ.കെ ശൈലജയുമായി കേന്ദ്ര ആരോഗ്യമന്ത്രി ആശയ വിനിമയം നടത്തുന്നുണ്ട്. കേന്ദ്രത്തിലെ ആരോഗ്യ സെക്രട്ടറിമാരുടെ യോഗം വിളിച്ചു സ്ഥിതി വിലയിരുത്തുകയും ചെയ്തു.

ഒരുദിവസം മാത്രം വിദ്യാര്‍ഥി ഇടുക്കിയില്‍ ആയിരുന്നതിനാല്‍ നിപയുടെ പ്രഭവകേന്ദ്രം തൊടുപുഴയാണെന്ന് പറയാനാകില്ലെന്ന് ഇടുക്കി ഡി.എം.ഒ എന്‍. പ്രിയ പറഞ്ഞു. ആരെങ്കിലും രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുകയാണെങ്കില്‍ പ്രവേശിപ്പിക്കാനായി ഇടുക്കിയിലും തൊടുപുഴയിലുമായി രണ്ട് ആശുപത്രികളില്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ ക്രമീകരിച്ചിട്ടുണ്ട്.

ആരോഗ്യമന്ത്രി കെ.കെ ശൈലജ കൊച്ചിയില്‍ ക്യാമ്പ് ചെയ്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നുണ്ട്.

രോഗത്തെ നേരിടാന്‍ ആരോഗ്യമേഖല പൂര്‍ണസജ്ജമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. എല്ലാ തയ്യാറെടുപ്പുകളും ആരോഗ്യ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും പിണറായി പറഞ്ഞു. കോഴിക്കോട് നിപ വൈറസ് ബാധ ഉണ്ടായപ്പോള്‍ അതിനെ ഒന്നിച്ച് നിന്ന് അതിജീവിക്കാന്‍ കേരളത്തിന് കഴിഞ്ഞിരുന്നെന്നും അതു പോലെ ഇപ്പോഴും നമുക്ക് നിപയെ അതിജീവിക്കാന്‍ കഴിയുമെന്നും പിണറായി പറഞ്ഞു. ജനങ്ങളില്‍ ഭീതി പടര്‍ത്തുന്ന പ്രചരണങ്ങള്‍ ആരും നടത്തരുതെന്നും അത്തരക്കാര്‍ക്കെതിരെ കര്‍ശന നിയമ നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.

We use cookies to give you the best possible experience. Learn more