നിപ: സാഹചര്യങ്ങള്‍ നിയന്ത്രണ വിധേയമായെന്ന് എറണാകുളം ജില്ലാ കളക്ടര്‍
എറണാകുളം: എറണാകുളത്ത് നിപ ചികിത്സയില്‍ കഴിയുന്ന രോഗിയുടെ ആരോഗ്യാവസ്ഥ മെച്ചപ്പെട്ടതായി എറണാകുളം ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള.
രോഗിയുമായി ഇടപഴകിയ 330 പേരെയാണ് നിരീക്ഷണത്തില്‍ വെച്ചിരുന്നത്. ഇതില്‍ 47 പേരെ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. അവശേഷിക്കുന്നത് 283 ആളുകളാണ്. ഇവരെയും അടുത്ത ദിവസങ്ങളില്‍ തന്നെ നിരീക്ഷണത്തില്‍ നിന്നൊഴിവാക്കുമെന്നും മുഹമ്മദ് വൈ സഫീറുള്ള പറഞ്ഞു.
രോഗിയുടെ ആരോഗ്യാവസ്ഥ മെച്ചപ്പെട്ട സാഹചര്യത്തില്‍ വിവിധ വകുപ്പുകള്‍ക്കിടയിലുള്ള കോര്‍ഡിനേഷന്‍ അവസാനിപ്പിച്ചതായും സാഹചര്യങ്ങള്‍ നിയന്ത്രണ വിധേയമായെന്നും കളക്ടര്‍ പറഞ്ഞു. അതേസമയം ജില്ലാ മെഡിക്കല്‍ ഓഫീസറുടെ തലത്തില്‍ യോഗം തുടരുമെന്നും നിപ ഭീഷണിയെ നേരിടുന്നതിനായി 30000 ആളുകള്‍ക്ക് പരിശീലനം ലഭിച്ചിട്ടുണ്ടെന്നും കളക്ടര്‍ പറഞ്ഞു.
മെയ് ഒന്നാം തിയ്യതി മുതല്‍ എറണാകുളം ജില്ലയില്‍ മരണപ്പെട്ടത് 1898 പേരാണ്. ഇതില്‍ നിപ ബാധിച്ച് ആരും മരിച്ചിട്ടില്ലെന്ന് ഉറപ്പ് വരുത്തിയിട്ടുണ്ട്. നിപ വൈറസ് ബാധയുടെ ഉറവിടം കണ്ടെത്താനുള്ള ശ്രമങ്ങള്‍ വിദഗ്ധ സംഘം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. നിലവില്‍ വവ്വാലുകളില്‍ നിന്നടക്കം സാമ്പിളുകള്‍ എടുത്ത് പരിശോധിക്കുന്നുണ്ട്. ഇത് തുടര്‍ന്ന് കൊണ്ടിരിക്കുകയാണെന്നും കളക്ടര്‍ പറഞ്ഞു.