കോഴിക്കോട്: നിപ ബാധിച്ചു മരിച്ച 12 വയസുകാരന്റെ സമ്പര്‍ക്കപ്പട്ടികയിലുള്ള രണ്ട് പേരുടെ കൂടി നിപ വൈറസ് പരിശോധനാ ഫലം നെഗറ്റീവ്. ആരോഗ്യമന്ത്രി വീണാ ജോര്‍ജാണ് ഇക്കാര്യം അറിയിച്ചത്.
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പുതുതായി സജ്ജമാക്കിയ ലാബില്‍ നടത്തിയ പരിശോധനയിലാണ് 2 പേരുടെ ഏഴ് സാമ്പിളുകള്‍ നെഗറ്റീവായതെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.
പൂനെ നാഷണല്‍ വൈറോളജി ലാബിലേക്ക് അയച്ച എട്ടു പേരുടെ സാംപിളുകളും നെഗറ്റീവായിരുന്നു. എട്ടു പേരുടെ മൂന്ന് വീതം സാംപിളുകളാണ് വൈറോളജി ലാബിലേക്ക് അയച്ചിരുന്നത്.
നിപ ബാധിച്ച് മരിച്ച കുഞ്ഞിന്റെ മാതാപിതാക്കളും സമ്പര്‍ക്കമുണ്ടായിരുന്ന ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടെയുള്ളവരുടെ പരിശോധനാ ഫലം നെഗറ്റീവാണെന്നത്് ഈ ഘട്ടത്തില്‍ ആശ്വാസകരമാണെന്നും ആശുപത്രിയില്‍ ഐസൊലേഷനില്‍ കഴിയുന്നവരുടെ പരിശോധനാ ഫലവും ഇന്ന് ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.
മരിച്ച കുട്ടിയുടെ മാതാപിതാക്കള്‍ക്കും കുട്ടിയുമായി ഇടപഴകിയ ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗമില്ലെന്ന് വ്യക്തമായത് നിപ പ്രതിരോധത്തിനും സംസ്ഥാനത്തെ ആരോഗ്യമേഖലക്കും വലിയ ആശ്വാസമായിട്ടുണ്ട്.
251 പേരാണ് മരിച്ച കുട്ടിയുടെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഇവരില്‍ 121 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. നിപ ബാധിച്ച് മരിച്ച കുട്ടിയുടെ വീടിനടുത്ത് റമ്പൂട്ടാന്‍ മരങ്ങളുണ്ടെന്നും ഇവയില്‍ വവ്വാലുകള്‍ വരാറുണ്ടെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. പാതി കടിച്ച റമ്പൂട്ടാന്‍ കായകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
ചാത്തമംഗലം സ്വദേശിയായ ഏഴാം ക്ലാസുകാരന്‍ നിപ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ച് തുടങ്ങിയത് പത്ത് ദിവസം മുന്‍പാണ്. രോഗം ഔദ്യോഗികമായി സ്ഥിരീകരിച്ച കഴിഞ്ഞ ദിവസം നില ഗുരുതരമായി മണിക്കൂറുകള്‍ക്കകം മരണപ്പെടുകയായിരുന്നു.