Nippah
കോഴിക്കോട്ടെ നിപ സംശയം; ഫലങ്ങള്‍ ഇന്ന് ഉച്ചയോടെ, ജാഗ്രത നിര്‍ദേശം തുടരും
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ പനി ബാധിച്ച് രണ്ട് പേര്‍ മരിച്ചതിലെ അസ്വഭാവികതയില്‍ നിപ സംശയിച്ച് ആരോഗ്യവകുപ്പ്. ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ തലസ്ഥാനത്ത് ഉന്നത തലയോഗം ചേര്‍ന്ന് കോഴിക്കോട് ജില്ലയില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. മരിച്ച ഒരാളുടെ ബന്ധുക്കളില്‍ ചിലര്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലുമാണ്. സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് ഇരു മരണങ്ങളും സംഭവിച്ചത്.
ആരോഗ്യവകുപ്പ് പരിശോധന ഊര്‍ജ്ജിതമാക്കി. പൂനൈ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള പരിശോധന ഫലം ഇന്ന് ഉച്ചയോടെ മാത്രമേ ലഭിക്കുകയുള്ളൂ. അതിന് ശേഷമായിരിക്കും ഓദ്യോഗിക സ്ഥിരീകരണം ഉണ്ടാകു. നിപയാണെന്ന് സ്ഥിരീകരിച്ചാല്‍ പ്രദേശം നിപപ്രോട്ടോകോളിലേക്ക് മാറും.
പനി ബാധിച്ച് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സക്കെത്തിയ വ്യക്തി, ഇയാള്‍ ആശുപത്രിയിലുള്ള സമയത്ത് അച്ഛനുമായ ആശുപത്രിയിലെത്തിയ മറ്റൊരു വ്യക്തി എന്നിവരുടെ മരണങ്ങളിലാണ് നിപ സംശയിക്കുന്നത്. ആഗസ്ത് 30നായിരുന്നു ആദ്യ മരണം സംഭവിച്ചത്. അന്ന് നിപ സംശയമുണ്ടായിരുന്നില്ല എന്നതിനാല്‍ തന്നെ ഇയാളുടെ മരണാനന്തര ചടങ്ങുകളെല്ലാം സാധാരണ രീതിയില്‍ തന്നെയാണ് നടന്നത്. പിന്നീട് രണ്ടാമത്തെ വ്യക്തി സമാന ലക്ഷണങ്ങളോടെ മരണപ്പെട്ടത്. ഉടന്‍ തന്നെ ആദ്യം മരിച്ച ആളുടെ ബന്ധുക്കള്‍ക്ക് സമാന ലക്ഷണങ്ങള്‍ കണ്ടുവരികയും ചെയ്തു. ഇതോടെയാണ് നിപ സംശയത്തിലേക്ക് ആരോഗ്യ വകുപ്പ് എത്തിയത്.
ആദ്യ വ്യക്തിയുടെ മൃതദേഹം സംസ്‌കരിച്ചതിനാല്‍ ഈ മൃതദേഹത്തില്‍ സാമ്പിളുകള്‍ എടുക്കാന്‍ സാധിച്ചിരുന്നില്ല. രണ്ടാമത്തെ വ്യക്തിയുടെ മൃതദേഹത്തില്‍ നിന്നെടുത്ത സാമ്പിളുകളാണ് പരിശോധനക്കയച്ചത്. ആദ്യം മരണപ്പെട്ട വ്യക്തിയുടെ ബന്ധുക്കളാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ ഒരു കുട്ടിയുടെ നില ഗുരുതരമാണെന്നാണ് ആരോഗ്യ വകുപ്പ് അറിയിക്കുന്നത്. ഈ കുട്ടിയുടെ സ്രവങ്ങളും പരിശോധനക്ക് അയച്ചിട്ടുണ്ട്. ഈ ഫലങ്ങളെല്ലാം വന്നതിന് ശേഷം മാത്രമേ നിപയാണെന്ന് സ്ഥിരീകരിക്കാനാകൂ. ഇപ്പോല്‍ പുറപ്പെടുവിച്ചിരിക്കുന്ന ജാഗ്രത നിര്‍ദ്ദേശം മുന്‍കരുതിലിന്റെ ഭാഗമായുള്ളതാണ്.
അതേ സമയം പനി ബാധിച്ച് മരിച്ചവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരെ കണ്ടെത്താനുള്ള നടപടികള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. മരണപ്പെട്ട രണ്ട് പേരും ആശുപ്ത്രിയലുണ്ടായിരുന്ന സമയത്ത് ആശുപത്രിയിലെത്തിയവരെയും മരിച്ചവരുടെ മരണാന്തര ചടങ്ങുകളില്‍ പങ്കെടുത്തവരെയും മറ്റു ബന്ധുക്കളെയുമാണ് പ്രധാനമായും കണ്ടെത്തേണ്ടതുള്ളത്.
2018ലാണ് കേരളത്തില്‍ ആദ്യമായി നിപ സ്ഥിരീകരിക്കുന്നത്. കോഴിക്കോട് മലപ്പുറം ജില്ലകളില്‍ നിന്നായി 17 പേര്‍ അന്ന് നിപ ബാധിച്ച് മരണപ്പെട്ടു. എന്നാല്‍ പിന്നീട് 2021ല്‍ നിപ സ്ഥിരീകരിച്ച സമയത്ത് മരണ സംഖ്യ ഉയരാതെയും കൂടുതല്‍ വ്യാപനമുണ്ടാകാതെയും പിടിച്ചു നിര്‍ത്താനായി എന്നത് ആരോഗ്യ വകുപ്പിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതാണ്.
content highlights: Nipah suspected in Kozhikode; Results are due this afternoon and the alert will continue