| Tuesday, 12th September 2023, 4:01 pm

നിപ സംശയം; 75 പേരുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കി; പരിശോധനാ ഫലം രാത്രിയോടെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കോഴിക്കോട് അസ്വാഭാവികമായി രണ്ട് പേര്‍ മരിച്ചതിനെ തുടര്‍ന്ന് ശേഖരിച്ച സാമ്പിളുകളുടെ ഫലം ചൊവ്വാഴ്ച രാത്രിയോടെ ലഭിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. മരിച്ച രണ്ട് പേരുമായി സമ്പര്‍ക്കമുണ്ടായ വ്യക്തികളുടെ പട്ടിക തയ്യാറാക്കി. പ്രാഥമിക സമ്പര്‍ക്കത്തിലുള്ള 75 പേരുടെ പട്ടികയാണ് തയ്യാറാക്കിയത്. പുനെയിലെ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് സാംപിള്‍ പരിശോധന ഫലം എത്തിയാല്‍ മാത്രമേ നിപയാണോ എന്ന് സ്ഥിരീകരിക്കാനാകൂ.

നിപ സംശയത്തെ തുടര്‍ന്ന് സാഹചര്യം വിശകലനം ചെയ്യാനും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും ആരോഗ്യവകുപ്പിന്റെ ഉന്നതതല അവലോകന യോഗത്തിന് മന്ത്രി വീണാ ജോര്‍ജ് കോഴിക്കോടെത്തി. കലക്ടറേറ്റിലാണ് ഉന്നത തല യോഗം ചേര്‍ന്നത്.

നിപ സംശയിക്കുന്ന കോഴിക്കോട്ടെ രണ്ട് പഞ്ചായത്തുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. ആയഞ്ചേരി, മരുതോങ്കര പഞ്ചായത്തുകള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. നിപ സ്ഥിരീകരിച്ചതിന് ശേഷം മാത്രമായിക്കും കൂടുതല്‍ നടപടികളെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു.

ഓഗസ്റ്റ് 30നാണ് ആദ്യ മരണം സംഭവിച്ചത്. ഇന്നലെയാണ് രണ്ടാമത്തെ മരണമുണ്ടായത്. മരിച്ചവരുടെ ബന്ധുക്കളായ നാല് പേരാണ് നിലവില്‍ പനി ബാധിച്ച് ചികിത്സയിലുള്ളത്. ഇതില്‍ ഒമ്പത് വയസുള്ള കുട്ടിയുടെ നില ഗുരുതരമാണ്. കുട്ടി വെന്റിലേറ്ററില്‍ തുടരുകയാണ്. പത്തുമാസം പ്രായമുള്ള കുട്ടിയും ചികിത്സയിലുണ്ട്. മറ്റാരുടെയും നില ഗുരുതരമല്ല.

2018ലാണ് കേരളത്തില്‍ ആദ്യമായി നിപ സ്ഥിരീകരിക്കുന്നത്. കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്നായി 17 പേര്‍ അന്ന് നിപ ബാധിച്ച് മരണപ്പെട്ടു. എന്നാല്‍ പിന്നീട് 2021ല്‍ നിപ സ്ഥിരീകരിച്ച സമയത്ത് മരണ സംഖ്യ ഉയരാതെയും കൂടുതല്‍ വ്യാപനമുണ്ടാകാതെയും പിടിച്ചു നിര്‍ത്താനായി എന്നത് ആരോഗ്യ വകുപ്പിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതാണ്.

Content Highlights: Nipah suspect a contact list of 75 people has been prepared

Latest Stories

We use cookies to give you the best possible experience. Learn more