ഒരു മരണം പോലും നിപയെ തുടര്‍ന്ന് ഇനി റിപ്പോര്‍ട്ട് ചെയ്യില്ലെന്ന് ഉറച്ചു വിശ്വസിക്കുന്നു;  രോഗത്തെ അതിജീവിച്ച അജന്യയും ഉബീഷും പറയുന്നു 
Nipah virus
ഒരു മരണം പോലും നിപയെ തുടര്‍ന്ന് ഇനി റിപ്പോര്‍ട്ട് ചെയ്യില്ലെന്ന് ഉറച്ചു വിശ്വസിക്കുന്നു;  രോഗത്തെ അതിജീവിച്ച അജന്യയും ഉബീഷും പറയുന്നു 
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 4th June 2019, 2:28 pm

കൊച്ചി: ഒരു വര്‍ഷത്തിനിപ്പുറം കേരളം വീണ്ടും നിപ ഭീതിയില്‍ അകപ്പെടുമ്പോള്‍ അത്തരത്തിലൊരു ഭയത്തിന്റെ ആവശ്യമില്ലെന്ന് പറയുകയാണ് കഴിഞ്ഞ വര്‍ഷം നിപാ രോഗത്തെ അതിജീവിച്ച കോഴിക്കോട് സ്വദേശിനിയായ അജന്യയും മലപ്പുറം സ്വദേശിയായ ഉബീഷും.

ഇത് ഇവരുടെ വെറും വാക്കല്ല. മറിച്ച് മരണത്തിന്റെ വക്കില്‍ നിന്നും ജീവിതത്തിലേക്ക് തിരിച്ചുകയറിയതിന്റെ ആത്മവിശ്വാസം കൂടിയാണ് ആ വാക്കുകളില്‍. ഒപ്പം കേരളത്തിലെ ആരോഗ്യരംഗത്തോടുള്ള ഉറച്ച വിശ്വാസവും.

‘ഇന്നിപ്പോ ഇങ്ങനൊരു വാര്‍ത്ത കേട്ടപ്പോള്‍, സത്യത്തില്‍ എനിക്കങ്ങനെ വലിയ പേടിയൊന്നും ഉണ്ടായില്ല. ഒരു മരണം പോലും ഇനി, നിപയെത്തുടര്‍ന്ന് റിപ്പോര്‍ട്ട് ചെയ്യില്ല എന്നുതന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്. നമ്മുടെ ഹെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്റ് ഇതിനെയെല്ലാം നേരിടാന്‍ പ്രാപ്തരാണ് എന്നാണ് എനിക്ക് തോന്നുന്നത്. അതുകൊണ്ട് നല്ല ശുഭാപ്തിവിശ്വാസത്തിലാണ്. ഭീതിയല്ല, ജാഗ്രത തന്നെയാണ് വേണ്ടത്, അക്കാര്യത്തില്‍ സംശയം വേണ്ട..’ അജന്യ പറയുന്നു.

കൃത്യം ഒരുവര്‍ഷത്തിനിപ്പുറമാണ് കേരളത്തില്‍ നിപ സ്ഥിരീകരിക്കുന്നത്. കഴിഞ്ഞ തവണ പേരാമ്പ്രയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട നിപ 16 പേരുടെ ജീവനായിരുന്നു കവര്‍ന്നത്.

തന്റെ രണ്ടാം ജന്മമാണിതെന്നാണ് അജന്യ പറയുന്നത്. ”മരണകിടക്കയില്‍ നിന്നാണ് ഞാന്‍ ജീവിതത്തിലേക്ക് തിരികെ വന്നത്. എനിക്ക് ഈ അവസരത്തില്‍ ജനങ്ങളോട് പറയാനുള്ളത് ഭീതി വേണ്ട എന്നാണ്. കരുതല്‍ വേണം, എന്നാല്‍ ആവശ്യമില്ലാത്ത ആശങ്കയുടെ ആവശ്യമില്ല. മരണത്തെ മുഖാമുഖം കണ്ട അനുഭവത്തിന്റെ ആത്മവിശ്വാസത്തിലാണ് ഈ പറയുന്നത്. നമ്മുടെ ആരോഗ്യവകുപ്പില്‍ പൂര്‍ണ്ണമായി വിശ്വസിക്കുക. കഴിയുന്നത്ര മികച്ച ചികില്‍സയാണ് ആരോഗ്യവകുപ്പ് തരുന്നത്.”- അജന്യ പറയുന്നു.

2018 മെയ് 18 നാണ് കടുത്ത പനിയെ തുടര്‍ന്ന് കോഴിക്കോട് ബീച്ച് ഹോസ്പിറ്റലില്‍ നഴ്സിംഗ് വിദ്യാര്‍ത്ഥിയായ അജന്യയെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. ആദ്യമൊന്നും നിപയുടെ സംശയമില്ലായിരുന്നു. പിന്നീടാണ് സംശയത്തെ തുടര്‍ന്ന് രക്തം പരിശോധിച്ചത്. അങ്ങനെ പൂനെയിലെ ലാബില്‍ നിന്ന് റിസള്‍ട്ട് വന്നു, പോസിറ്റീവാണ്. അതായത് നിപ സ്ഥിരീകരിച്ചിരിക്കുന്നു.

”കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഇന്റണ്‍ഷിപ്പിന്റെ ഭാഗമായാണ് ഞാന്‍ അത്യാഹിത വിഭാഗത്തിലെത്തുന്നത്. അവിടെ നിന്ന് തിരിച്ച് ഹോസ്റ്റലില്‍ എത്തിയ ശേഷമാണ് പനി തുടങ്ങുന്നത്. സാധാരണ പനിയാണെന്ന് കരുതി. എങ്കിലും ഡോക്ടറെ കണ്ടപ്പോള്‍ വീട്ടില്‍ പോയി വിശ്രമിച്ചുകൊള്ളാന്‍ പറഞ്ഞു. കൊയിലാണ്ടിയിലാണ് വീട്. വീട്ടിലെത്തി പിറ്റേദിവസം പനി കൂടി.

ഛര്‍ദ്ദിയും ക്ഷീണവും കാരണം തലപ്പൊക്കാന്‍ വയ്യാത്ത അവസ്ഥയിലായിരുന്നു. ദേഹമാസകലം അസഹനീയ വേദനയും തുടങ്ങി. മെയ് 18നാണ് കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. അവിടെ നിന്നും മെഡിക്കല്‍ കൊളജിലേക്ക് വിട്ടു. ഇത്രയും സംഭവങ്ങള്‍ മാത്രമേ എനിക്ക് ഓര്‍മയുള്ളൂ. പിന്നീട് ഞാന്‍ കണ്ണ് തുറന്നത് 10 ദിവസം കഴിഞ്ഞാണ്.”- അജന്യ പറയുന്നു.

ബീച്ച് ഹോസ്പിറ്റലിലാണ് പഠിക്കുന്നതെങ്കിലും പ്രാക്ടിക്കലിന് മെഡിക്കല്‍ കോളേജില്‍ വരണം. അന്ന് സാബിത്തിനെ കൊണ്ടുവന്ന ദിവസം ഞാനും കാഷ്വാലിറ്റിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്നു. അതുവഴിയാണ് രോഗം പകര്‍ന്നതത്രേ. പിന്നെ ബോധം വന്ന് ഐ.സി.യുവില്‍ നിന്ന് മാറ്റിയപ്പോഴും ഞാന്‍ കാര്യങ്ങള്‍ മുഴുവനായി അറിഞ്ഞിരുന്നില്ല. ഐസൊലേഷന്‍ വാര്‍ഡിലായപ്പോഴും അമ്മയും അച്ഛനും മാത്രമായിരുന്നു ആകെ ഉണ്ടായിരുന്നത്. പൂര്‍ണ്ണമായും ഭേദമായ ശേഷമാണ് നിപ എന്ന് പറയുന്ന അസുഖത്തിനെ പറ്റിയും, അതുണ്ടാക്കിയ പേടി, മരണങ്ങള്‍… ഇതൊക്കെയും ഞാനറിയുന്നത്. ഇപ്പോള്‍ നമുക്ക് അസുഖമെന്താണെന്നും അതിനുള്ള പ്രതിവിധിയെന്താണെന്നും അറിയാം. ഒരുവട്ടം പ്രതിസന്ധി മറികടന്നവരാണ് നമ്മള്‍. ഇനിയും അതീജവിക്കുക തന്നെ ചെയ്യും.  അജന്യ പറഞ്ഞു.

രോഗം സ്ഥിരീകരിച്ച 18 പേരില്‍ 16 പേരും മരണത്തിന് കീഴടങ്ങിയപ്പോള്‍ അജന്യയും മലപ്പുറം സ്വദേശിയായ ഉബീഷ് എന്ന യുവാവും മാത്രമാണ് അതില്‍ നിന്ന് തിരിച്ചുവന്നത്.
നിപയുടെ പേരില്‍ എന്തെങ്കിലും തരത്തിലുള്ള മാറ്റിനിര്‍ത്തലോ, മറ്റ് പ്രശ്നങ്ങളോ ഒന്നും ഉണ്ടായിട്ടില്ലെന്നും മാതാപിതാക്കള്‍, കുടുംബക്കാര്‍, നാട്ടുകാര്‍, സൂഹൃത്തുക്കള്‍, ആശുപത്രി ജീവനക്കാര്‍, സഹപ്രവര്‍ത്തകര്‍- ഇങ്ങനെ എല്ലാവരില്‍ നിന്നും സഹായങ്ങളും പിന്തുണയുമാണ് ഉണ്ടായിട്ടുള്ളതെന്നും അജന്യ പറയുന്നു.

”നിപയെ പേടിച്ചിട്ട് കാര്യമില്ല. വേണ്ടത്ര കരുതലുണ്ടെങ്കില്‍ രോഗം മറികടക്കാം”- എന്നാണ് രോഗത്തെ അതിജീവിച്ച ഉബീഷിന്റെ വാക്കുകള്‍. കഴിഞ്ഞവര്‍ഷം നിപയെ തോല്‍പ്പിച്ച് ജീവിതം തിരിച്ചുപിടിച്ചതാണ് ഉബീഷ്.

”പനിവന്നപ്പോള്‍ നിപയാണോ എന്നെനിക്കുതന്നെ സംശയമുണ്ടായിരുന്നു. തിരൂരങ്ങാടി സര്‍ക്കാര്‍ ആശുപത്രിയിലാണ് ആദ്യം ചികിത്സതേടിയത്. പനി മാത്രമേ ഉണ്ടായിരുന്നുള്ളൂ. എങ്കിലും ജാഗ്രത വേണമെന്നുതോന്നി. അതുകൊണ്ട് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കുപോയി. വീട്ടുകാരെയും പരിശോധിച്ചു. രോഗം സ്ഥിരീകരിച്ചപ്പോള്‍ ടെന്‍ഷന്‍ തോന്നിയില്ല. രോഗാവസ്ഥ മനസ്സിലാക്കി അതിനോട് പൊരുത്തപ്പെടാന്‍ തയ്യാറായാല്‍ ആശങ്കയില്ലെന്നാണ് എന്റെ അനുഭവം. എന്നില്‍നിന്ന് രോഗം മറ്റാര്‍ക്കും പകരരുതെന്ന് നിര്‍ബന്ധമുണ്ടായിരുന്നു. അതിനുവേണ്ട മുന്‍കരുതലുകള്‍ എടുത്തു.

കൂടുതല്‍ സംരക്ഷണമുള്ള എന്‍-95 മാസ്‌കാണ് ഉപയോഗിച്ചത്. അച്ഛനോടുമാത്രമാണ് ആശയവിനിമയം നടത്തിയത്. അതും ഒരുമീറ്റര്‍ അകലംപാലിച്ച്. ഒരേമുറിയില്‍ 20 ദിവസത്തോളം താമസിച്ചിട്ടും എന്റെ അച്ഛനിലേക്കുപോലും നിപ പകര്‍ന്നില്ല. അസുഖം പൂര്‍ണമായും ഭേദപ്പെട്ടശേഷമാണ് മടങ്ങിയത്. മികച്ച ചികിത്സയും വൃത്തിയുള്ള സൗകര്യങ്ങളും കിട്ടിയതാണ് ഗുണമായത്. രണ്ടുമാസം ജോലിയില്‍നിന്ന് വിട്ടുനില്‍ക്കേണ്ടിവന്നു. ഇപ്പോള്‍ ഒരു പ്രയാസവുമില്ല. സാധാരണപോലെ ജീവിക്കുന്നു”- ഉബീഷ് പറഞ്ഞു.