| Saturday, 20th June 2020, 1:40 pm

'അന്ന് വടകര എം.പിയായിരുന്ന മുല്ലപ്പള്ളി ഒന്ന് വിളിച്ചന്വേഷിച്ചിട്ട് കൂടിയില്ല, ശൈലജ ടീച്ചര്‍ തന്നെയാണ് കൂടെയുണ്ടായിരുന്നത്'; നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി അജന്യ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കോണ്‍ഗ്രസ് അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ നിപ ഭേദമായ വിദ്യാര്‍ത്ഥിനി അജന്യ. ഒരു ഫോണ്‍കോളിലൂടെ പോലും വിളിച്ചന്വേഷിക്കാത്തയാളാണ് മുല്ലപ്പള്ളിയെന്നാണ് അജന്യ പറഞ്ഞത്.

കോഴിക്കോട്ട് നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ ‘ഗസ്റ്റ് ആര്‍ട്ടിസ്റ്റ് ‘ റോളില്‍ ഇടക്ക് വന്ന് പോകുക മാത്രമാണ് ആരോഗ്യ മന്ത്രി ചെയ്തിരുന്നതെന്ന മുല്ലപ്പള്ളിയുടെ പ്രസ്താവനയ്‌ക്കെതിരെയായിരുന്നു അജന്യയുടെ പ്രതികരണം.

നിപ്പാ രാജകുമാരി എന്ന പേരിന് ശേഷം കൊവിഡ് റാണി എന്ന പദവിക്ക് വേണ്ടിയുള്ള മത്സരമാണ് ഇപ്പോള്‍ ആരോഗ്യമന്ത്രി നടത്തുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞിരുന്നു.

എന്നാല്‍ രോഗം ഭേദമായിട്ടും പലരും തന്നെ മാറ്റിനിര്‍ത്തിയപ്പോള്‍ ശൈലജ ടീച്ചര്‍ തന്നെ കാണാന്‍ വന്നതാണ് തനിക്ക് കരുത്തായതെന്നും അന്നത്തെ വടകര എം.പിയായിരുന്ന മുല്ലപ്പള്ളി തിരിഞ്ഞു നോക്കിയിട്ടില്ലെന്നം അജന്യ പറഞ്ഞു.

‘കൊവിഡ് രാജകുമാരി, കൊവിഡ് റാണി… അതെ ടീച്ചര്‍ രാജകുമാരിയും റാണിയുമൊക്കെതന്നയാണ്. കേരളക്കരക്കാര്‍ക്ക് ഒരു സംശയവുമില്ല. നിപ കാലത്ത് മുല്ലപ്പള്ളി വടകര എം.പിയായിരുന്നു. അന്ന് ഒരു ഫോണ്‍കോളിലൂടെ പോലും ഞങ്ങളുടെ കാര്യങ്ങള്‍ വിളിച്ചന്വേഷിച്ചിട്ടില്ല. ആ സമയത്ത് ടീച്ചര്‍ തന്നെയായിരുന്നു കൂടെയുണ്ടായിരുന്നത്. എന്നെ ആശുപത്രിയില്‍ വന്ന് കാണുകയും ചെയ്തിരുന്നു,’ അജന്യ പറയുന്നു.

മുല്ലപ്പള്ളിയുടെ പ്രസ്താവനക്കെതിരെ നിപ ബാധിച്ച് മരിച്ച സിസ്റ്റര്‍ ലിനിയുടെ ഭര്‍ത്താവ് സജീഷും രംഗത്തെത്തിയിരുന്നു.

ലിനിയുടെ മരണശേഷം തങ്ങളെ വിളിക്കുക പോലും ചെയ്യാത്ത ആളാണ് മുല്ലപ്പള്ളിയെന്ന് സജീഷ് ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. നിപ പ്രതിരോധ സമയത്ത് മുല്ലപ്പള്ളി ഗസ്റ്റ് റോളില്‍ പോലും ഇല്ലായിരുന്നുവെന്നും സജീഷ് പ്രതികരിച്ചു.

നിപ കാലത്ത് ആരോഗ്യപ്രവര്‍ത്തകരെയും നാടിനെയും നയിച്ചതും ആ ഘട്ടത്തിലും ശേഷവും ധൈര്യവും ആശ്വാസവും പകര്‍ന്നതും ശൈലജ ടീച്ചറാണെന്നും മുല്ലപ്പള്ളിയുടെ പ്രസ്താവന വേദനിപ്പിക്കുന്നതാണെന്നും സജീഷ് പറഞ്ഞിരുന്നു. ടീച്ചറുടെ ആശ്വസ വാക്കുകളാണ് ആത്മവിശ്വാസം തന്നതെന്നും സജീഷ് വ്യക്തമാക്കിയിരുന്നു.

അതേസമയം സജീഷിന്റെ പ്രതികരണത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അദ്ദേഹം ജോലി ചെയ്യുന്ന ആശുപത്രിയിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചു.

എന്നാല്‍ ആരോഗ്യമന്ത്രി കെ. കെ ശൈലജക്കെതിരായ പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും അതില്‍ നിന്ന് പിന്നോട്ടില്ലെന്നുമാണ് മുല്ലപ്പള്ളിയുടെ പ്രതികരണം.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more