| Saturday, 2nd June 2018, 5:47 pm

നിപയില്‍ ജാഗ്രതയുമായി ഖത്തര്‍; കേരളത്തിലേക്കുള്ള അനാവശ്യ യാത്ര ഒഴിവാക്കാന്‍ നിര്‍ദ്ദേശം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദോഹ: കേരളത്തില്‍ നിപ വൈറസ് പടരുന്നതിനിടെ ജാഗ്രതാ നിര്‍ദ്ദേശവുമായി ഖത്തര്‍. കേരളത്തിലേക്കുള്ള അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നാണ് ഖത്തര്‍ പൊതുജനാരോഗ്യ വിഭാഗം നിര്‍ദ്ദേശിച്ചത്. എന്നാല്‍ ഇത് യാത്രാ വിലക്കല്ല. പ്രവാസി മലയാളികള്‍ക്ക് നാട്ടിലേക്ക് വരാനും വിലക്കില്ല. എന്നാല്‍ കേരളത്തിലേക്കുള്ള യാത്രകള്‍ ഒഴിവാക്കാന്‍ പറ്റാവുന്നതാണെങ്കില്‍ ഒഴിവാക്കാന്‍ നിര്‍ദ്ദേശമുണ്ട്.

നിപാ വൈറസ് ബാധ ഖത്തറിലേക്ക് പടരാതിരിക്കാന്‍ എയര്‍പോര്‍ട്ടുകളില്‍ നീരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ആറാഴ്ചക്കിടെ കേരളത്തില്‍ നിന്നെത്തിയവര്‍ വൈദ്യ പരിശോധനയ്ക്ക് വിധേയരാകണമെന്നും പനി പോലുള്ള ലക്ഷണങ്ങള്‍ കാണിക്കുന്നവര്‍ നിര്‍ബന്ധമായും ചികിത്സ തേടണമെന്നും നിര്‍ദ്ദേശമുണ്ട്.

അടിയന്തര സാഹചര്യങ്ങളില്‍ ബന്ധപ്പെടാന്‍ ഹോട്ട്‌ലൈന്‍ നമ്പറുകളും ഖത്തര്‍ ആരംഭിച്ചിട്ടുണ്ട്. 66740948, 66740951 എന്നിവയാണ് ഹോട്ട്‌ലൈന്‍ നമ്പറുകള്‍.


Read | ഉഡുപ്പിയിലെ കാലിക്കച്ചവടക്കാരന്റെ കൊലപാതകം; മൂന്ന് ബജ്‌റംഗദള്‍ പ്രവര്‍ത്തകര്‍ അറസ്റ്റില്‍


കേരളത്തില്‍ നിന്നുള്ള പച്ചക്കറികള്‍ക്കും പഴങ്ങള്‍ക്കും താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയതിന്റെ പിന്നാലെയാണ് ഖത്തറിന്റെ പുതിയ നിര്‍ദ്ദേശം.

അതേസമയം, നിപാ വൈറസ് കൂടുതല്‍ ആളുകളിലേക്ക് പടരുന്നത് തടയാന്‍ സാധിച്ചിട്ടുണ്ടെന്നും ആളുകള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും കേരള ആരോഗ്യ മന്ത്രി കെ.കെ ശൈലജ പറഞ്ഞു. ഇതുവരെ പരിശോധന നടത്തിയതില്‍ 18 പോസിറ്റീവ് കേസാണ് ഉള്ളത്. ഇതില്‍ 16 പേര്‍ മരണപ്പെട്ടിട്ടുണ്ട്. രണ്ടുപേര്‍ സുഖം പ്രാപിച്ചുവരുന്നതായും ആരോഗ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

നിപാ വൈറസ് പ്രതിരോധിക്കാന്‍ കഴിയുമെന്ന് കരുതുന്ന മരുന്ന് ഓസ്‌ട്രേലിയയില്‍ നിന്നെത്തിച്ചിട്ടുണ്ട്. രാവിലെ നെടുമ്പാശ്ശേരിയിലാണ് മരുന്ന് എത്തിയത്. മരുന്ന് ആര്‍ക്കൊക്കെ നല്‍കണമെന്ന് മറ്റന്നാള്‍ എത്തുന്ന ആരോഗ്യവിദഗ്ധരുമായി ചര്‍ച്ച ചെയ്തശേഷം തീരുമാനിക്കുമെന്ന് ആരോഗ്യവകുപ്പ് അഡീഷണല്‍ സെക്രട്ടറി രാജീവ് സദാനന്ദന്‍ അറിയിച്ചു.

We use cookies to give you the best possible experience. Learn more