| Saturday, 8th June 2019, 10:56 am

നിപ; രോഗിയുമായി അടുത്ത ബന്ധം പുലര്‍ത്തിയ രണ്ടു പേരുടെ സാമ്പിളുകള്‍ കൂടി നെഗറ്റീവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കൊച്ചിയില്‍ നിപാ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിയുമായി അടുത്തിടപഴകിയ രണ്ട് പേരുടെ കൂടി രക്തസാമ്പിളുകളുടെ ഫലം പുറത്തുവന്നു. രണ്ടു പേര്‍ക്കും നിപയില്ലെന്നും ചികിത്സാഫലം നെഗറ്റീവാണെന്നും ആരോഗ്യമന്ത്രി കെ. കെ ശൈലജ വ്യക്തമാക്കി. ഒരാളുടെ രക്തസാമ്പിള്‍ കൂടി ഇന്നയച്ചിട്ടുണ്ട്.

നിപയെ അതിജീവിക്കാനായത് വലിയ ആശ്വാസമാണെന്നും നിപയുടെ ഉറവിടം കണ്ടെത്താനുള്ള പരിശോധന വിദഗ്ധര്‍ തുടങ്ങിയതായും മന്ത്രി
പറഞ്ഞു. ഇതോടെ നിപ സ്ഥിരീകരിച്ച വിദ്യാര്‍ഥിയുമായി അടുത്തിടപഴകിയ 8 പേരുടെ സാമ്പിളുകളും നെഗറ്റീവായിരിക്കുകയാണ്.

അതിനിടെ ചികിത്സയിലുള്ള യുവാവിന്റെ രക്തവും സ്രവങ്ങളും വീണ്ടും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. വൈറസ് സാന്നിധ്യം പൂര്‍ണ്ണമായും മാറിയോ എന്നറിയുന്നതിനാണ് കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ഒരുക്കിയ പ്രത്യേക ലാബില്‍ പൂനെയില്‍ നിന്നുള്ള സംഘം പരിശോധന നടത്തുന്നത്. പരിശോധന ഫലം ഉച്ചയോടെ ലഭിക്കും.

മൂന്ന് ദിവസം മുന്‍പ് നടത്തിയ രക്ത പരിശോധനയില്‍ വൈറസ് സാന്നിധ്യം നെഗറ്റീവ് ആകുന്നതിന്റെ സൂചന ലഭിച്ചിട്ടുണ്ട്. അതേസമയം യുവാവ് ആരോഗ്യ നില വേഗത്തില്‍ വീണ്ടെടുക്കുകയാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഇടയ്ക്കുള്ള പനി ഒഴിച്ചു നിര്‍ത്തിയാല്‍ ആരോഗ്യ നില തൃപ്തികരമാണ്.

അമ്മയുമായി സംസാരിക്കാന്‍ മെഡിക്കല്‍ ബോര്‍ഡ് യുവാവിനെ അനുവദിച്ചിട്ടുണ്ട്. ഭക്ഷണം സ്വന്തം നിലയില്‍ കഴിക്കുന്നതടക്കം ആരോഗ്യ നിലയില്‍ വലിയ പുരോഗതിയുണ്ടെന്നാണ് ആസ്റ്റര്‍ മെഡിസ്റ്റിയിലെ ഡോക്ടര്‍ ബോബി വര്‍ക്കി പറഞ്ഞു.

വൈറസ് ബാധയില്ലെന്ന് പരിശോധനയില്‍ വ്യക്തമായാലും മെഡിക്കല്‍ സംഘത്തിന്റെ നിര്‍ദ്ദേശ പ്രകരമായിരിക്കും തുടര്‍ നടപടികള്‍. വൈറസ് ബാധയേറ്റ യുവാവുമായി ബന്ധമുണ്ടെന്ന് കരുതിയ 318 പേരെ നിരീക്ഷണത്തില്‍ ഉണ്ടെങ്കിലും നേരിട്ടിടപഴകിയ 52 പേരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കി ഇവരെ പ്രത്യേകം നിരീക്ഷിക്കുകയാണ് ആരോഗ്യ വകുപ്പ്.

We use cookies to give you the best possible experience. Learn more