നിപ; വിദ്യാര്‍ത്ഥിയുടെ ആരോഗ്യനിലയില്‍ പുരോഗതി; വിദേശനിര്‍മിത മരുന്നുകള്‍ കൊച്ചിയിലെത്തിച്ചു
കൊച്ചി: നിപ ബാധിച്ച് ചികിത്സയിലുള്ള യുവാവിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുള്ളതായി റിപ്പോര്‍ട്ട്. വിദ്യാര്‍ത്ഥിക്ക് ഇന്ന് മുതല്‍ വിദേശ നിര്‍മ്മിത മരുന്നുകള്‍ നല്‍കി തുടങ്ങിയേക്കും.
ഓസ്‌ട്രേലിയയിലും അമേരിക്കയിലും നിര്‍മ്മിച്ച പുതിയ മരുന്നുകളാണ് ചികിത്സയുടെ ഭാഗമായി ഇന്ന് കൊച്ചിയില്‍ എത്തിക്കുന്നത്. വിദേശ നിര്‍മ്മിത മരുന്നുകള്‍ ഉടനെ കേരളത്തില്‍ എത്തിക്കുമെന്നും ഇവ ഉപയോഗിക്കുന്നതിന് വേണ്ട നിയമപ്രകാരമുള്ള നടപടിക്രമങ്ങള്‍ ഉടനെ പൂര്‍ത്തിയാക്കുമെന്നും നേരത്തെ കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ അറിയിച്ചിരുന്നു.
അതേസമയം കളമശേരി മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തിലുള്ള അഞ്ചുപേരുടെ രക്തസാംപിള്‍ പൂനെ, ആലപ്പുഴ, മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടുകളിലേക്ക് പരിശോധനയ്ക്കയച്ചിട്ടുണ്ട്.
യുവാവിനെ ചികില്‍സിച്ച മൂന്ന് നഴ്‌സുമാര്‍ കുട്ടമ്പുഴക്കാരനായ സഹപാഠി എന്നിവര്‍ക്ക് പുറമെ ചാലക്കുടി സ്വദേശിയുള്‍പ്പടെ അഞ്ചുപേരാണ് കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ എസൊലേഷന്‍ വാര്‍ഡിലുള്ളത്.
ഇവരുടെ പരിശോധനാഫലം ലഭിക്കുന്ന മുറയ്ക്ക് തുടര്‍നടപടികള്‍ ഉണ്ടാകും. സാഹചര്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് രോഗിയുമായി നേരിയ സമ്പര്‍ക്കം പുലര്‍ത്തിയെന്ന് സംശയിക്കുന്നവരെപോലും ഉള്‍പ്പെടുത്തി 311 പേരുടെ പട്ടിക ആരോഗ്യവകുപ്പ് തയാറാക്കിയിട്ടുണ്ട്.
അതേസമയം കൊച്ചിയില്‍ തുടരുന്ന ആരോഗ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഇന്ന് വീണ്ടും കോര്‍ കമ്മിറ്റി യോഗം ചേരും. ഭയാനകമായ ഒരു സാഹചര്യവുമില്ലെന്നും പക്ഷെ വരുദിവസങ്ങളില്‍ അതീവജാഗ്രതയോടെ മുന്നോട്ടുപോകണമെന്നും ഇന്നലെ നടന്ന കോര്‍ കമ്മിറ്റിയോഗത്തിനുശേഷം ആരോഗ്യമന്ത്രി വ്യക്തമാക്കി.
രോഗബാധിതനായ യുവാവിന്റെ വീട് സ്ഥിതി ചെയ്യുന്ന വടക്കന്‍ പറവൂര്‍ വടക്കേക്കര പഞ്ചായത്തില്‍ വീടുകയറിയുളള വിവരശേഖരണവും ബോധവല്‍ക്കരണവുമടക്കമുളള പരിപാടികള്‍ ആരോഗ്യവകുപ്പ് നടത്തി.
വിദ്യാര്‍ത്ഥി സഞ്ചരിച്ച സ്ഥലങ്ങളിലും താമസിച്ച ഇടങ്ങളിലും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും മൃഗസംരക്ഷണവകുപ്പ് ഉദ്യോഗസ്ഥരും സന്ദര്‍ശനം നടത്തുകയും പ്രദേശവാസികളുമായി ആശയവിനിമയം നടത്തുകയും ചെയ്യുന്നുണ്ട്.
നിപ വൈറസ് ബാധയുടെ ഉറവിടം കണ്ടെത്താന്‍ എറണാകുളത്തും ഇടുക്കിയിലും തൃശൂരിലും പരിശോധനകള്‍ തുടരുകയാണ്. നിലവിലെ സാഹചര്യത്തില്‍ സ്‌കൂളുകള്‍ക്ക് അവധി നല്‍കണമോയെന്ന കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടാകും. അവധി നല്‍കിയാലും അത് മുന്‍കരുതല്‍ മാത്രമായിരിക്കുമെന്നും ഭയാനകമായ സ്ഥിതി ഇല്ലെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.