| Sunday, 17th September 2023, 11:37 am

നിപയില്‍ ആശ്വാസം: പുതിയ ആക്ടീവ് കേസുകളില്ല, ചികിത്സയിലുള്ളവരുടെ ആരോഗ്യ നിലയില്‍ പുരോഗതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ഇന്ന് പുറത്ത് വന്ന 42 പേരുടെ പരിശോധന റിപ്പോര്‍ട്ടുകള്‍ കൂടി നെഗറ്റീവായതോടെ നിപ രോഗവ്യാപനവുമായി ബന്ധപ്പെട്ട് കേരളത്തിന് കൂടുതല്‍ ആശ്വസം. ഹൈ റിസ്‌ക് വിഭാഗത്തില്‍ പെട്ട 42 പേരുടെ പരിശോധന റിപ്പോര്‍ട്ടുകളാണ് ഏറ്റവും ഒടുവില്‍ പുറത്തു വന്നിട്ടുള്ളത്. ഇവ പൂര്‍ണമായും നെഗറ്റീവ് ഫലങ്ങളാണെന്ന്‌ ആരോഗ്യ മന്ത്രി അറിയിച്ചു.

പുതിയ ആക്ടീവ് കേസുകളൊന്നുമില്ലാത്തതും ചികിത്സയിലുള്ളവരുടെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടായതും ആശ്വാസം നല്‍കുന്ന വാര്‍ത്തകളാണെന്നും ആരോഗ്യ മന്ത്രി അറിയിച്ചു.

പൊലീസിന്റെ സഹായത്തോടെ സമ്പര്‍ക്കപട്ടിക്ക തയ്യാറാക്കുന്ന ജോലികള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണെന്നും ആരോഗ്യ മന്ത്രി അറിയിച്ചു. 19 അംഗ ടീമായി മൊബൈല്‍ ടവര്‍ ലൊക്കേഷനുകള്‍ നോക്കിയാണ് സമ്പര്‍ക്ക പട്ടിക തയ്യാറാക്കുന്നത്. സി.സി.ടി.വി പരിശോധനകളും സമ്പര്‍ക്ക പട്ടിക തയ്യാറാക്കുന്നതിന് വേണ്ടി നടത്തുന്നുണ്ട്.

രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയതായി സി.സി.ടി.വി ദൃശ്യങ്ങളില്‍ കണ്ട ആളുകളെ ഫോണില്‍ വിളിക്കുമ്പോള്‍ അവര്‍ നിഷേധിക്കുന്ന ചില സംഭവങ്ങളുണ്ടായിട്ടുണ്ട്. അതുകൊണ്ടാണ് പൊലീസിന്റെ സഹായം തേടിയിട്ടുള്ളത്. വെന്റിലേറ്ററില്‍ കഴിയുന്ന 9 വയസ്സുകാരന്റേതടക്കം ചികിത്സയില്‍ കഴിയുന്ന മുഴുവന്‍ പേരുടെയും ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ജനകിക്കാട്ടില്‍ പന്നി ചത്ത സംഭവത്തിലും പരിശോധന നടത്തുന്നുണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു. ഇന്ന് നൂറോളും ആളുകളുടെ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധിക്കുമെന്നും ഹൈ റിസ്‌കില്‍ ലക്ഷണങ്ങളുള്ള എല്ലാവരുടെയും സാമ്പികളുകള്‍ പരിശോധനക്ക് വിധേയമാക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

കോഴിക്കോട് എന്‍.ഐ.ടിയില്‍ നിയന്ത്രണങ്ങള്‍ മറി കടന്ന് ക്ലാസുകള്‍ സംഘടിപ്പിച്ചത് സംബന്ധിച്ച് ജില്ല കളക്ടറുടെ ശ്രദ്ധയില്‍ പെടുത്തുമെന്നും മന്ത്രി അറിയിച്ചു.

content highlights; Nipah latest updates

We use cookies to give you the best possible experience. Learn more