നാല് പോസിറ്റീവ്, രണ്ട് എപിക് സെന്ററുകള്‍; കോഴിക്കോട് നിപ സ്ഥിരീകരിച്ചു, അതീവ ജാഗ്രത
Kerala News
നാല് പോസിറ്റീവ്, രണ്ട് എപിക് സെന്ററുകള്‍; കോഴിക്കോട് നിപ സ്ഥിരീകരിച്ചു, അതീവ ജാഗ്രത
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 12th September 2023, 9:51 pm

കോഴിക്കോട്: കഴിഞ്ഞ ദിവസം കോഴിക്കോട് മരിച്ച രണ്ട് പേര്‍ക്കും നിപ സ്ഥിരീകരിച്ചതായി പൂനെവൈറോളജി ഇന്സ്റ്റിറ്റിയൂട്ടിലെ പരിശോധനയില്‍ വ്യക്തമായെന്ന്
ആരോഗ്യമന്ത്രി വീണ ജോര്‍ജ്. അഞ്ച് സാമ്പിളുകളാണ് പൂനെയിലേക്ക് അയച്ചിരുന്നത്. അതില്‍ മൂന്ന് സാമ്പിളുകളും പോസിറ്റീവാണ്. തിങ്കളാഴ്ച മരിച്ച ആയഞ്ചേരി സ്വദേശി, ഓഗസ്റ്റ് 30ന് മരണപ്പെട്ട വ്യക്തിയുടെ ഒമ്പത് വയസുള്ള കുട്ടി, സഹോദരിയുടെ ഭര്‍ത്താവ് എന്നിവര്‍ക്കാണ് പോസിറ്റീവായത്.

ഓഗസ്റ്റ് 30ന് മരണപ്പെട്ടയാളുടെ സാമ്പിള്‍ പരിശോധിക്കാനായില്ലെങ്കിലും ഇപ്പോഴത്തെ നിഗമനത്തില്‍ അതും പോസിറ്റീവായി കണക്കാക്കുന്നുവെന്നും മന്ത്രി പറഞ്ഞു. അങ്ങനെ സംസ്ഥാനത്ത് ആകെ നാല് നിപ കേസുകള്‍ പോസിറ്റീവായിട്ടുണ്ടെന്നും വീണ ജോര്‍ജ് പറഞ്ഞു.

പൂനെവൈറോളജി ഇന്സ്റ്റിറ്റിയൂട്ടിലേക്ക് അയച്ച സാമ്പിളുകള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചിരുന്നുവെന്നും അതുകൊണ്ടാണ് മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ കഴിഞ്ഞതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

‘നാല് സാമ്പിളുകള്‍ അയച്ചതില്‍ രണ്ട് പോസിറ്റീവ് കേസുകളാണുള്ളത്. പൂനൈവൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ച സാമ്പിളുകള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ ആ സമയത്ത് ഡിക്ലയര്‍ ചെയ്യാന്‍ പ്രയാസമുണ്ടായിരുന്നു. കോഴിക്കോട് ഇത് കണ്ടെത്താന്‍ കഴിഞ്ഞത് കോണ്ടാക്ട് ട്രൈസ് നടത്താന്‍ സഹായകരമായി. രണ്ട് എപിക് സെന്ററുകളാണ് പ്രാഥമികമായി കാണുന്നത്,’ മന്ത്രി പറഞ്ഞു.

ഔദ്യോഗിക സ്ഥിരീകരണം വരുന്നതോടെ കോഴിക്കോട് ജില്ലയില്‍ അതീവ ജാഗ്രതാ നിര്‍ദേശമാണുള്ളത്. 168 പേര്‍ സമ്പര്‍ക്കപ്പട്ടികയിലുണ്ട്. ജില്ലയില്‍ പ്രത്യേക നിയന്ത്രണങ്ങള്‍ ജില്ലാ കളക്ടര്‍ അറിയിക്കും.

ആരോഗ്യപ്രവര്‍ത്തകരാണ് സമ്പര്‍ക്ക പട്ടികയില്‍ കൂടുതലുള്ളത്. ജില്ലക്ക് പുറത്തും അതീവ ജാഗ്രത നിര്‍ദേശമുണ്ട്. 168ല്‍ കൂടുതലും ഓഗസ്റ്റ് 30 മരിച്ചയാളുടെ സമ്പര്‍ക്കത്തിലുള്ളതാണ്.

Content Highlight: Nipah has been confirmed for two people who died in Kozhikode